യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 387 [ഭാഗം 6. നിര്‍വാണ പ്രകരണം]

സമസ്യാദ്യന്തയോര്‍യേയം ദൃശ്യതേ വികൃതിഃ ക്ഷണാത്
സംവിദഃ സംഭ്രമം വിദ്ധി നാവികാരേഽസ്തി വിക്രിയാ (6/49/5)

രാമന്‍ ചോദിച്ചു: ബ്രഹ്മത്തിന് മാറ്റങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ല എങ്കില്‍ ഈ അയാഥാര്‍ഥ്യമായ പ്രത്യക്ഷലോകം അതിലെങ്ങിനെയാണുണ്ടായത്?

വസിഷ്ഠന്‍ പറഞ്ഞു: ശരിയായ മാറ്റം, അല്ലെങ്കില്‍ പരിണാമം എന്ന് പറഞ്ഞാല്‍ ഒരു വസ്തു മറ്റൊന്നായി മാറുക എന്നതാണ്. പാല് തൈരാവുന്നതുപോലെ. ഒരിക്കല്‍ തൈരായി മാറിയ പാലിന് വീണ്ടും പാലാവാന്‍ കഴിയില്ലല്ലോ. എന്നാല്‍ ബ്രഹ്മത്തിന്റെ കാര്യം അങ്ങിനെയല്ല. എന്തുകൊണ്ടെന്നാൽ വിശ്വം പ്രത്യക്ഷമാവും മുന്‍പും പിന്‍പും ബ്രഹ്മത്തിന് മാറ്റങ്ങള്‍ ഉണ്ടായിട്ടേയില്ല.

“തുടക്കത്തിലും ഒടുക്കത്തിലും മാറ്റങ്ങള്‍ക്കു വിധേയമല്ലാത്ത ഘനസാന്ദ്രമായ ഒന്നാണത്. ബോധതലത്തിലെ ചെരിയൊരിളക്കമായേ നൈമിഷികമായ ലോകക്കാഴ്ചകളെ കാണാവൂ. വാസ്തവത്തില്‍ അത് സ്ഥായിയായ ഒരു മാറ്റമേയല്ല.”

ബ്രഹ്മത്തില്‍ ഒരു വിഷയവസ്തുവോ അതിനെ തിരിച്ചറിയുന്ന ഒരു വിഷയിയോ ഇല്ല. ആദ്യമേയുള്ളതും ഒടുക്കവും നിലനില്‍ക്കുന്നതും മാത്രമേ ഉണ്മയായുള്ളു. മാറ്റങ്ങള്‍ക്ക് വിധേയമായ ഒരാപേക്ഷിക സത്തയായി മദ്ധ്യത്തില്‍ അതിനെ കാണുന്നുവെങ്കില്‍ അത് ശരിയായ സത്തയല്ല എന്ന് നിശ്ചയം. അതിനാല്‍ ആത്മാവ് ആദിയിലും അന്തത്തിലും മാത്രമല്ല മദ്ധ്യത്തിലും ആത്മാവായിത്തന്നെ നിലകൊള്ളുന്നു. അതു പരിണാമവിധേയമല്ല.

രാമന്‍ വീണ്ടും ചോദിച്ചു: ആത്മാവ് നിര്‍മ്മലമായ ബോധമാണല്ലോ. അതില്‍ എങ്ങിനെയാണ് ‘ചെറിയ ഒരിളക്കം’ ഉണ്ടായത്‌?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഒരേയൊരു സത്ത് മാത്രമായ, അനന്തമായ ആ അവബോധത്തില്‍ വാസ്തവത്തില്‍ യാതൊരിളക്കവും ഉണ്ടായിട്ടില്ല എന്ന് എനിക്കുറപ്പാണ്. ‘ഇളക്കം’ അതിന്റെ സ്വഭാവത്തില്‍പ്പെട്ടതല്ല. ബ്രഹ്മം എന്ന വാക്ക് നാം ഉപയോഗിക്കുന്നത് ആശയം പ്രകടിപ്പിക്കാന്‍ മാത്രമാണ്. അതിനെപ്പറ്റി ധാരണകള്‍ ഉണ്ടാക്കാനല്ല. നീയും ഞാനും മറ്റെല്ലാ വസ്തുക്കളും ബ്രഹ്മം മാത്രമാണ്. വാസ്തവത്തില്‍ അവിദ്യയെന്നത് ഇല്ലാത്ത ഒന്നാണ്.

രാമന്‍ വീണ്ടും ചോദിച്ചു: പക്ഷെ കഴിഞ്ഞ പ്രഭാഷണത്തില്‍ ഈ അവിദ്യയെക്കുറിച്ചന്യോഷിക്കാനാണല്ലോ അങ്ങ് എന്നെ അനുശാസിച്ചത്?

വസിഷ്ഠന്‍ പറഞ്ഞു: ശരിയാണ്. ആ സമയത്ത്‌ നിനക്കിത്ര പ്രബുദ്ധത ഉണ്ടായിരുന്നില്ല. അവിദ്യ (അജ്ഞാനം), ജീവന്‍, തുടങ്ങിയ പദങ്ങള്‍ പൂര്‍ണ്ണപ്രബുദ്ധത ഇനിയും നേടിയിട്ടില്ലാത്തവര്‍ക്ക് വേണ്ടി പ്രയോഗിക്കുന്നവയാണ്. സത്യത്തിന്റെ പരമപ്രകാശം തെളിയിക്കുന്നതിനായി ഗുരുക്കന്മാര്‍ പലവിധ യുക്തികളും സാധകന്റെ മേല്‍ ഉപയോഗിക്കും. ഒടുവില്‍ സത്യജ്ഞാനം സ്വീകരിക്കാന്‍ തയ്യാറാവുമ്പോള്‍ മാത്രമേ ഒരു സദ്ഗുരു സാധകനത് നേരിട്ട് ഉപദേശിക്കൂ.

പ്രബുദ്ധത പ്രാപിക്കാത്ത ഒരുവനോട് ‘സര്‍വ്വവും ബ്രഹ്മമാണ്’ എന്ന് പ്രഖ്യാപിക്കുന്നത് ഒരു മരത്തോടുചെന്ന് ദുഃഖനിവൃത്തിക്കായി അപേക്ഷിക്കുന്നതുപോലെ അപഹാസ്യമാണ്. ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെയാണല്ലോ പ്രബുദ്ധതയിലേയ്ക്ക് ഒരുവന്‍ ഉയരുന്നത്. അതിനായി ഗുരുവിന് പല മാര്‍ഗ്ഗങ്ങളും അവലംബിക്കാം. സത്യമാണ് ഒരുവനെ പ്രബുദ്ധനാക്കുന്നത്.

നീ പ്രബുദ്ധനായതുകൊണ്ടാണ് ഈ സത്യത്തെ നിനക്ക് ഞാന്‍ ഉപദേശിച്ചത്‌. നീ ബ്രഹ്മമാകുന്നു. ഞാന്‍ ബ്രഹ്മമാകുന്നു. ഈ വിശ്വമാകെ ബ്രഹ്മം മാത്രമാകുന്നു. നീ എന്ത് ചെയ്യുമ്പോഴും ഈ സത്യത്തിന്റെ നിറവില്‍ വിരാജിക്കൂ. ആയിരം മണ്‍കുടങ്ങളുടെയും സത്ത ഒരേ കളിമണ്ണ് തന്നെയെന്നതുപോലെ ബ്രഹ്മം, അല്ലെങ്കില്‍ ആത്മാവ് തന്നെയാണ് എല്ലാ ജീവജാലങ്ങളുടെയും സത്ത. കാറ്റും അതിന്റെ ചലനവും വിഭിന്നങ്ങളല്ലാത്തതുപോലെ ബോധവും അതിന്റെ ചൈതന്യവും അഭിന്നമാണ്. അതിന്റെ എല്ലാ ആവിഷ്ക്കാരങ്ങളും അത് തന്നെയാണ്.

നിനവാകുന്ന വിത്ത്‌ ബോധത്തിന്റെ മണ്ണില്‍ വീണു മുളപൊട്ടിയാണ് കാണപ്പെടുന്നതായ, ആപേക്ഷികസത്തകള്‍ പ്രകടമാവുന്നത്. ഈ ധാരണാബീജം ഇല്ലങ്കില്‍ മനസ്സുണ്ടാവുകയില്ല.