കരുങ്കുഴലിമാരൊടു കലര്‍ന്നുരുകിയപ്പൂ-
ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കുഴയുന്നു
പെരുംകരുണയാറണിയുമെയ്യനെ മറന്നി-
ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു?
മരുന്നു തിരുനാമമണിനീറൊടിതു മന്നില്‍
തരുന്നു പല നന്മ തടവീടുമടി രണ്ടും
വരുന്ന പല ചിന്തകളറുന്നതിനുപായാ-
ലിരന്നിതു മറന്നു കളയായ്‍വതിനടുത്തേന്‍
അടുത്തവരൊടൊക്കെയുമെതിര്‍ത്തുപൊരുതീടും
പടത്തലവിമാരൊടു പടയ്‍ക്കടിയനാളോ?
എടുത്തരികിരുത്തിയരുളേണമിനിയും പൊ-
ന്നടിത്തളിര്‍മറന്നിവിടെയെന്തിനലയുന്നു?
അലഞ്ഞു മുലയും തലയുമേന്തിയകതാരില്‍
കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും
വിളങ്ങി വിളയാടി നടകൊള്ളുമിവരോടി-
മ്മലങ്ങലൊഴുകും കുടിലിലാണു വലയുന്നു.
വളഞ്ഞു വലകെട്ടിമദനപ്പുലയനുള്ളും-
കളഞ്ഞതിലകപ്പറവ വീണു വലയുന്നു
വളഞ്ഞ കുഴലോടുമുലയുന്ന മിഴിയിന്നും
വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു?
ചുഴന്നുവരുമാളുകളെയൊക്കെ വിലകൊണ്ടി-
ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും
ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-
ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്‍ക്കായ്.
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും-
പിണങ്ങളൊടു പേടി പെരുതായി വിളയുന്നു
മണം മുതലൊരഞ്ചിലുമണഞ്ഞു വിളയാടും-
പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ!
’ഇണ’ങ്ങണമെനിക്കരുളിലെന്തിനു കിടന്നീ
ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു
പിണഞ്ഞു പുണരും പെരിയപേയടിയോടെ പോയ്
മണങ്ങളുമറുന്നതിനിതാ മുറയിടുന്നു.
മുറയ്‍ക്കുമുറ മിന്നിമറയും മിഴിയിളക്കി-
ത്തെറിക്കുമൊരു പെണ്‍കൊടി ചെറുത്തടിയിലാക്കി
മറുത്തു വിളയാടി മരുവുന്നിടയിലെല്ലാം
വെറുത്തുവരുവാനെഴുതി നിന്തിരുവടിക്കായ്.
അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊന്‍-
ശയത്തളിരിലേന്തിയടിയോടവനിയിന്മേല്‍
മയക്കവുമറുത്തു മണിമേനിയിലണച്ചീ-
ടയയ്ക്കരുതയയ്ക്കുരുതനംഗരിപുവേ! നീ.