യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 399 – ഭാഗം 6 നിര്‍വാണ പ്രകരണം.

ചിച്ചമത്കൃതിരേവേയം ജഗദിത്യവഭാസതേ
നെഹാസ്തൈക്യം ന ച ദ്വിത്വം മമാദേശോഽപി തന്മയഃ (6/59/19)
വാച്യവാചക ശിഷ്യേഹാഗുരു വാക്യൈശ് ചമകൃതൈഃ (6/59/20)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, നീ എന്തെന്തു ചെയ്താലും എന്തൊക്കെ അനുഭവിച്ചാലും അത് സര്‍വ്വവ്യാപിയായ പരബ്രഹ്മത്തിലേയ്ക്കൊരര്‍ച്ചനയായി സംന്യാസത്തിന്റെ ആര്‍ജ്ജവത്തോടെ ആസക്തിരഹിതനായി ചെയ്താലും. ഈയൊരു മനോഭാവം സദാ കൈക്കൊള്ളുന്നതിലൂടെ നിനക്ക് സത്യസാക്ഷാത്ക്കാരം ഉണ്ടാവും. എല്ലാ സംശയങ്ങള്‍ക്കും അപ്പോള്‍ അറുതിയാവുകയും ചെയ്യും. അതാണ്‌ പരമമായ അവസ്ഥ. ഗുരുക്കന്മാരുടെ മഹാഗുരു. ആത്മാവ്. അന്തരാ പ്രകാശം ചൊരിഞ്ഞു ലോകത്തെ പ്രദ്യോദിപ്പിക്കുന്ന തേജസ്സ്. അതാണ്‌ എല്ലാറ്റിന്റെയും സത്തായ വസ്തു. വസ്തുക്കള്‍ക്ക് അവയുടെ നൈസര്‍ഗ്ഗികഗുണങ്ങളെ പ്രദാനം ചെയ്യുന്നത് അതാണ്‌.

ലോകം എന്ന പ്രതീതി ഉണ്ടാവുന്നത് അന്വേഷണത്വര ഇല്ലാത്തപ്പോഴാണ്. എന്നാല്‍ ലോകത്തിനു മുന്‍പേ ‘ഞാന്‍’ ഉണ്ടായിരുന്നു. അപ്പോള്‍പ്പിന്നെ ലോകം മുതലായ തോന്നലുകള്‍ക്ക് എന്നെ ബന്ധിതനാക്കാന്‍ എങ്ങനെ കഴിയുന്നു? ഇപ്രകാരം ആത്മാന്വേഷണത്താല്‍ സത്യം ഗ്രഹിച്ചവന്‍ എല്ലാ ‘ആദിയന്തങ്ങള്‍ക്കും’ അതീതനാണ്. അങ്ങനെ അദ്വൈതചൈതന്യത്താല്‍ ഉണര്‍ന്നിരിക്കുന്നവന്‍ ജീവിതത്തില്‍ കര്‍മ്മനിരതനായിരിക്കുമ്പോഴും ദീര്‍ഘനിദ്രയിലെന്നപോലെ ‘കര്‍മ്മ’രഹിതനത്രേ. അയാള്‍ ഇപ്പോള്‍ ഇവിടെ ഈ ജീവിതത്തില്‍ത്തന്നെ മുക്തിയടഞ്ഞിരിക്കുന്നു.

ലോകമായി കാണപ്പെടുന്ന ഈ ദൃശ്യം വാസ്തവത്തില്‍ അനന്താവബോധത്തിന്റെ മഹത്തായ ഒരു മായക്കാഴ്ച്ച തന്നെയാണ്. ഇവിടെ ഏകതയോ ദ്വന്ദതയോ അനേകതയോ ഉണ്ടെന്നു പറയുക വയ്യ. ഞാനീ പറയുന്ന വാക്കുകളും അപ്രകാരമുള്ളവയത്രേ. വാക്ക്, അതിന്റെ അര്‍ത്ഥം, ശിഷ്യന്‍, ഇച്ഛ, ശിഷ്യന്റെ സ്വപ്രയത്നം, വാക്കില്‍ അര്‍ത്ഥമിണക്കാനുള്ള ഗുരുവിന്റെ പാടവം, എന്നുവേണ്ട എല്ലാമെല്ലാം അതേ അനന്താവബോധത്തിന്റെ ചൈതന്യസ്ഫുരണം മാത്രമാണ്.

ഒരുവന്റെ അന്തഃപ്രശാന്തതയില്‍ ബോധം പ്രകമ്പനം ചെയ്യുമ്പോള്‍ ലോകം ഉണ്ടാവുന്നു. ബോധത്തിന്റെ ഈ സ്പന്ദനം ഇല്ലെന്നുവരികില്‍ ലോകമെന്ന കാഴ്ച്ചതന്നെയില്ല. മനസ്സ് ബോധത്തിന്റെ ചലനം തന്നെയാണ്. ഈ സത്യം അറിയാതിരിക്കുന്ന അവസ്ഥയാണ് ലോകമെന്ന കാഴ്ച്ച. സത്യമറിയാതിരിക്കുമ്പോള്‍ മനസ്സാകുന്ന ബോധചലനം കൂടുതല്‍ വര്‍ദ്ധിതവീര്യമാര്‍ജ്ജിക്കുന്നു. അങ്ങനെ മനസ്സിന്റെ ചാക്രിക ചലനത്തിനു തുടക്കമായി.

അജ്ഞാനവും മനോവ്യാപാരങ്ങളും പരസ്പരപൂരകങ്ങളാണ്. ഉള്ളിലെ പ്രജ്ഞയില്‍ ഉണര്‍വ്വുണ്ടായാല്‍പ്പിന്നെ സുഖാസക്തി ഇല്ലാതെയാവുന്നു. അതാണ്‌ ജ്ഞാനികളുടെ രീതി. അയാള്‍ക്ക് സുഖാസക്തിയുടെ നിരാസം അനായാസമാണ്. സ്വാഭാവികവുമാണ്.

ആത്മാവിന്റെ ചൈതന്യമാണെല്ലാമെല്ലാം എന്നറിയുന്നവനാണ് അനുഭവങ്ങളെ ശരിയായ വിധത്തില്‍ അനുഭവിക്കുന്നത്. എന്നാല്‍ പൊതുജനപ്രീതിക്കായി അനുഭവിക്കേണ്ടതിനെ വേണ്ടരീതിയില്‍ അനുഭവിക്കാതെ കഴിയുന്നവന്‍ ഒരു വടികൊണ്ട് ആകാശത്തില്‍ അടിക്കുന്നതുപോലെ നിരര്‍ത്ഥകമായ ജീവിതമാണ് നയിക്കുന്നത്.

ഉചിതമായ സാധനകളുടെ സഹായത്താല്‍ ചിലര്‍ക്ക് ചിലപ്പോള്‍ ആത്മസാക്ഷാത്ക്കാരം ഉണ്ടായേക്കാം. എന്നാല്‍ മോക്ഷത്തിനായുള്ള ആഗ്രഹം ആത്മാന്വേഷണത്തെ പൂര്‍ണ്ണത്വം പ്രാപിക്കുന്നതില്‍ നിന്നും പിറകോട്ടുവലിച്ചേക്കാം. എന്നാല്‍ അത്തരം ആശകളുടെ അഭാവംപോലും ബന്ധനത്തെ കൂടുതല്‍ ബലവത്താക്കാനും മതി.

അതിനാല്‍ നിരന്തരമായ അവബോധമാണ് അഭികാമ്യം. ബന്ധനത്തിനും മുക്തിക്കും നിദാനമായിരിക്കുന്നത് ബോധസ്പന്ദനം മാത്രമാണ്. അതിനെക്കുറിച്ചുള്ള അറിവ്, ഈ സ്പന്ദനങ്ങളെ അവസാനിപ്പിക്കുന്നു. ബോധസ്പന്ദനത്തെ ‘അറിയുന്ന’ അഹങ്കാരം നിലയ്ക്കുന്നതോടെ അതിനു നിലനില്‍ക്കാന്‍ ഇടമില്ലാതെയാകുന്നു. ആപ്പോള്‍പ്പിന്നെ ആര് ആരാല്‍ ബന്ധിക്കപ്പെട്ടു? ആര് ആരാല്‍ സ്വതന്ത്രനായി?