യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 401 – ഭാഗം 6 നിര്‍വാണ പ്രകരണം.

ഭാവത്യാത്മനി സര്‍ഗാദി ദൃഢപ്രത്യയമേവ തത്
നിമേഷമാത്രഃ പൌരോയം സര്‍ഗസ്വപ്ന പുരഃ സ്ഥിതഃ
തസ്മിന്നിമേഷ ഏവാസ്മിന്‍ കല്പതാ പരികല്‍പ്യതേ (6/61/11)

രാമന്‍ ചോദിച്ചു: മഹര്‍ഷേ, നാം സ്വപ്നത്തില്‍ കാണുന്ന നഗരങ്ങളും മറ്റും തികച്ചും അയാഥാര്‍ത്ഥ്യമാണെന്നതുപോലെ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ സ്വപ്നമാണല്ലോ ഈ ലോകം. അതും വാസ്തവത്തില്‍ ഭ്രമകൽപ്പിതമായ ഒരു സ്വപ്നക്കാഴ്ച തന്നെ. എന്നാല്‍ ആ ലോകദൃശ്യത്തിന്എങ്ങനെയാണിത്ര ഉറപ്പും യാഥാര്‍ത്ഥ്യമാണെന്ന തോന്നലും ഉളവാക്കാന്‍ കഴിയുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മാവിന്റെ ആദ്യത്തെ സൃഷ്ടി തന്നെ. ഇപ്പോഴും നാം അത് യഥാര്‍ത്ഥമാണെന്ന മട്ടില്‍ കണ്ടുകൊണ്ടേയിരിക്കുന്നു. ബോധം അനന്തമാകയാല്‍ ജീവന്റെ സൃഷ്ടി എല്ലായിടത്തും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഈ സൃഷ്ടിയാകട്ടെ അജ്ഞാനത്തിന്റെ സൃഷ്ടിയാണെന്നത് നിശ്ചയം! എന്നാല്‍ സൃഷ്ടിയിലുള്ള ദൃഢവിശ്വാസം അതിന്റെ യാഥാര്‍ഥ്യവസ്തുതയെ, സത്യത്തെ മറച്ചുകളയുന്നു. വാസ്തവത്തില്‍ അസത്തായ അത് അഹംകാരത്തിന്റെ ആഗമനത്തോടെ തികച്ചും മൂര്‍ത്തീകരിച്ച സത്യമാണെന്ന ഒരു പ്രതീതി ഉളവാകുകയാണ്.

സ്വപ്നം കാണുന്നവന്‍ ആ സ്വപ്നദൃശ്യത്തിന്റെ, അതിലെ വസ്തുക്കളുടെ, ക്ഷണികതയെപ്പറ്റി ബോധവാനല്ലാത്തതുപോലെ ബ്രഹ്മാവും തന്റെ വിശ്വസൃഷ്ടിയുടെ, അതായത് ലോകത്തിന്റെ ക്ഷണികതയെപ്പറ്റി ബോധവാനല്ല തന്നെ. സ്വപ്നം സ്വപ്നാടകന്റെ സ്വഭാവവൈജാത്യങ്ങള്‍ സ്വാംശീകരിക്കുന്നു. അസത്തില്‍ നിന്നുല്‍ഭവിച്ചത് അസത്തുതന്നെയാകണമല്ലോ. അതിനാല്‍ യഥാര്‍ത്ഥ്യമെന്നു തോന്നുന്നുവെങ്കിലും ലോകമെന്നത് അസത്തായ ഒരു ധാരണയാല്‍ ഉണ്ടായ ഒന്നായതിനാല്‍ അതും അസത്താകുന്നു. ബ്രഹ്മാവിന്റെ സ്വപ്നം എന്ന അയഥാര്‍ത്ഥ സങ്കല്‍പ്പമാണല്ലോ വിശ്വനിര്‍മ്മിതിയ്ക്ക് നിദാനമാവുന്നത്. അവഗണിക്കാന്‍ മാത്രം യോഗ്യമായൊരു കല്‍പ്പനാവിശേഷമാണത്.

ആത്മാവില്‍, അതായത് അനന്തബോധത്തില്‍ ഈ സൃഷ്ടി ക്ഷണനേരത്തേയ്ക്ക് കാണപ്പെട്ട് മറയുകയാണ്. ആ ക്ഷണത്തില്‍ത്തന്നെ അതിനേറെ നേരത്തെ ആയുസ്സുള്ളതായി ഭ്രമാത്മകമായ ഒരു ധാരണ ഉടലെടുക്കുന്നു. അങ്ങനെ ഈ ലോകസൃഷ്ടി യാഥാര്‍ത്ഥ്യമാണെന്ന തോന്നല്‍ രൂഢമൂലമാവുന്നു.

വിശ്വം നിലകൊള്ളുന്നത് ബ്രഹ്മാവിന്റെ ബോധത്തിലെ സ്വപ്നസൃഷ്ടിയായിട്ടാണെങ്കിലും എല്ലാ ജീവജാലങ്ങളിലെ ബോധതലത്തിലും ഉണ്ടാകുന്ന സ്വപ്നങ്ങളില്‍ അതിനു ദീര്‍ഘയുസ്സാണുള്ളത്. കാരണം ഈ ജീവജാലങ്ങള്‍ ബ്രഹ്മാവിന്റെ സ്വപ്നവസ്തുക്കള്‍ മാത്രമാണല്ലോ. ഈ സ്വപ്നത്തില്‍ എന്തെന്തു കാണപ്പെടുന്നുവോ അത് ഭവിക്കുന്നു. മനസ്സ് കലുഷമായും ഭ്രമകല്‍പ്പനയില്‍ ആണ്ടുമുങ്ങിയും ഇരിക്കുമ്പോള്‍ മനസ്സിന് അനുഭവവേദ്യമല്ലാത്തതായി യാതൊന്നുമില്ല.

ഈ ലോകത്തില്‍ പല അസാധാരണ പ്രതിഭാസങ്ങളും സുവിദിതമായി കണ്ടുവരുന്നുമുണ്ട്. ജലമദ്ധ്യത്തില്‍ തീയുണ്ടാവുന്നു, ജലം ആകാശത്തു സ്തംഭിച്ചു നില്‍ക്കുന്നു, പാറക്കല്ലുകള്‍ക്കുള്ളില്‍ ജീവികള്‍ കാണപ്പെടുന്നു, അചേതനമായ യന്ത്രസാമഗ്രികള്‍ നിയന്ത്രണമില്ലാതെ പായുന്നു. തികച്ചും യാഥാര്‍ഥ്യമല്ല എന്നുറപ്പുള്ള കാര്യങ്ങളും സ്വപ്നത്തില്‍ നാം കാണാറുണ്ടല്ലോ. ചിലപ്പോള്‍ സ്വന്തം മരണമായിരിക്കും ഒരുവന് സ്വപ്നത്തില്‍ ദൃശ്യമാവുന്നത്. അക്കാഴ്ചകളൊന്നും സത്യമായതോ അസത്യമായതോ അല്ല. കാരണം എല്ലാം സൃഷ്ടിയെന്ന സ്വപ്നത്തിന്റെ സന്തതികളാണല്ലോ.

സ്വപ്നത്തില്‍ ഒരുവന്‍ താന്‍ കാണുന്ന അനുഭവിക്കുന്ന കാഴ്ചകള്‍ തികച്ചും സത്യമാണെന്ന് കരുതുന്നതുപോലെ ഈ സൃഷ്ടിയില്‍ (വിശ്വത്തില്‍ ) ആമഗ്നരായി നിലകൊള്ളുന്നവരും തങ്ങളുടെ അനുഭവങ്ങളെ സത്യമാണെന്ന് കരുതുന്നു. ഉറക്കത്തില്‍ ഒരു സ്വപ്നത്തില്‍നിന്നും മറ്റൊന്നിലേയ്ക്ക് പോകുന്നതുപോലെ ഒരുവന്‍ ഒരുഭ്രമകല്‍പ്പനയില്‍ നിന്നും മറ്റൊന്നിലേയ്ക്ക് കടന്നുപോയ്ക്കൊണ്ടേയിരിക്കുന്നു. അങ്ങനെ ലോകാനുഭവങ്ങളെ തികഞ്ഞ യാഥാര്‍ത്ഥ്യമായി സ്വാംശീകരിക്കുകയും ചെയ്യുന്നു.