യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 406 – ഭാഗം 6 നിര്‍വാണ പ്രകരണം.

സര്‍വ്വശക്ത്യഃ സ്വരൂപത്വാജ്ജീവസ്യാസ്ത്യേകശക്തിതാ
അനന്തശ്ചാന്തപൃക്തശ്ച സ്വഭാവോഽസ്യ സ്വഭാവതഃ (6/64/26)

വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധം സര്‍വ്വശക്തമാണ്. അത് എല്ലാറ്റിന്റെയും ആത്മാവാണല്ലോ. എന്നാല്‍ ജീവന് അത് ബോധത്തില്‍ നിന്നും വിഭിന്നമല്ല. എങ്കിലും ചിലപരിമിതികള്‍ ഉണ്ട് താനും. ജീവന് അതിന്റെ ധാരണകള്‍ക്കനുസൃതമായ കഴിവുകളേ ഉള്ളൂ. അതിനാല്‍ സ്വന്തം ചിന്താധാരണകള്‍ക്കനുസരിച്ച് ജീവന് പരിമിതമായ കഴിവുകളോ അനന്തമായ കഴിവുകളോ സ്വായത്തമാക്കാം.

അനന്താവബോധം സങ്കോചവികാസങ്ങള്‍ക്ക് വിധേയമല്ല. ജീവന് താന്‍ ഇച്ഛിക്കുന്നതെന്തോ അത് ലഭ്യമാണ്. യോഗിവര്യന്മാര്‍ സിദ്ധികളാര്‍ജ്ജിച്ച് ഇവിടെയും മറ്റെല്ലായിടത്തും വിരാജിക്കുന്നത് കാണാമല്ലോ. ഇത്തരം കാര്യങ്ങള്‍ അവിടെയും ഇവിടെയുമെല്ലാം ആസ്വദിക്കുന്നതിനാല്‍ ആ അനുഭവങ്ങള്‍ക്ക് വ്യത്യസ്ഥതയുണ്ടെന്നും അവ വെവ്വേറെയാണെന്നും തോന്നുന്നുണ്ട്. പ്രഖ്യാതനായ കാര്‍ത്തവീര്യന്റെ കാര്യമെടുക്കാം. അയാള്‍ ശത്രുക്കളില്‍ ഭയമുണര്‍ത്തിയത് സ്വന്തം ഭവനത്തില്‍ ഇരുന്നുകൊണ്ടാണ്!

അതുപോലെ ഭഗവാന്‍ വിഷ്ണു തന്റെ ധാമത്തില്‍ നിന്നും പോവാതെതന്നെ ഭൂമിയില്‍ മനുഷ്യനായി അവതരിക്കുന്നു. ധാര്‍മ്മിക കര്‍മ്മാചാരണങ്ങളുടെ ദേവതയായ ഇന്ദ്രന്‍ തന്റെ സ്വര്‍ഗ്ഗീയധാമം വിടാതെതന്നെ, ഒരേസമയം ആയിരക്കണക്കിന് സ്ഥലങ്ങളില്‍ സാധകരുടെ അര്‍ഘ്യം സ്വീകരിക്കുന്നു. ഭക്തരുടെ അഭീഷ്ടപ്രകാരം അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭഗവാന്‍ വിഷ്ണു ആയിരക്കണക്കിന് ഭക്തരെ അനുഗ്രഹീതരാക്കുന്നു.

അതുപോലെയാണ് ജീവാതന്‍ മുതലായ ജന്മങ്ങള്‍. സന്യാസിയുടെ ഇച്ഛാസങ്കല്‍പ്പത്തില്‍ ഉണ്ടായവയാണങ്കിലും, അവയെ രുദ്രബോധം ചൈതന്യവത്താക്കിയിരുന്നു. അവര്‍ സ്വയം സര്‍വ്വസ്വതന്ത്രരെന്നപോലെ സ്വധാമങ്ങളിലും ഗേഹങ്ങളിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. അവര്‍ കുറച്ചുകാലം തങ്ങളുടെ ഭാഗം ഭംഗിയായി അഭിനയിച്ചു തീര്‍ത്ത് രുദ്രലോകത്തേയ്ക്ക് തിരിച്ചുവന്നു. ഇവയെല്ലാം സന്യാസിയുടെ ഭ്രമകല്‍പ്പനയില്‍ തെളിഞ്ഞു വന്നവയാണെങ്കിലും അവയ്ക്കെല്ലാം ആ യോഗിയില്‍നിന്നും സ്വതന്ത്രമായ ഒരസ്തിത്വം ഉള്ളതുപോലെയായിരുന്നു. അങ്ങനെയാണ് എണ്ണമറ്റ അനേകകോടി ജീവജാലങ്ങള്‍ അനന്താവബോധത്തില്‍ ജന്മമെടുക്കുന്നത്.

പ്രത്യക്ഷപ്രകടനം മാത്രമായ ഈ ലോകത്തില്‍ അവര്‍ നാനാത്വം സങ്കല്‍പ്പിച്ചുണ്ടാക്കിയിട്ട് പിന്നീട് ആത്മാവുമായി തിരികെ ഒന്നുചേരാന്‍ വ്യഗ്രപ്പെടുകയാണ്. അവരുടെ മരണസമയത്ത് അവര്‍ മറ്റ് തലങ്ങളിലും തരങ്ങളിലുമുള്ള നിലനില്‍പ്പിനെക്കുറിച്ച് ചിന്തിക്കുന്നു. അവര്‍ ആ അസ്തിത്വങ്ങള്‍ക്ക് പുറമേയാണെന്നവര്‍ വൃഥാ വിചാരിക്കുന്നു. ആത്മസാക്ഷാത്കാരം ഉണ്ടാവുന്നതുവരെ ശരീരമെടുത്തിട്ടുള്ള എല്ലാവരും അളവില്ലാത്ത ശോകാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഈ സത്യത്തെ വെളിവാക്കാനാണ് ഞാനീ കഥ പറഞ്ഞത്. ഇതാണ് ആ യോഗിയുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും ഗതി.

സ്വയം പരമാത്മാവില്‍ നിന്നും വിഭിന്നനല്ല എന്ന സത്യം മറന്നുപോയ ജീവന്‍ സ്വന്തം ഭ്രമകല്‍പ്പനകളെ സര്‍വ്വസ്വതന്ത്രവും നിയതവുമായ സത്യാവസ്ഥകളായി കണക്കാക്കുന്നു. അങ്ങനെ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ശരീരബുദ്ധി ഇല്ലാതാവുന്നതുവരെ മാറിമാറി പോയ്ക്കൊണ്ടേയിരിക്കുന്നു.

രാമന്‍ ചോദിച്ചു: ഇക്കഥ എത്ര വിസ്മയകരമായിരിക്കുന്നു! അങ്ങ് പറഞ്ഞു, എന്തെല്ലാം നാം സത്യമായി കരുതുന്നുവോ അവ സത്യമാകുന്നു, സത്യമായി അനുഭവപ്പെടുന്നു എന്ന്. എങ്കിലും പറയൂ, ഈ യോഗിവര്യന്‍ എവിടെയെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?

വസിഷ്ഠന്‍ പറഞ്ഞു: ഞാനീ ചോദ്യത്തെപ്പറ്റി ഒന്ന്‍ ആലോചിക്കട്ടെ. അതിനുള്ള മറുപടി നാളെപ്പറയാം.

(സഭ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കായി പിരിഞ്ഞു)