വാഴൂര്‍ തീര്‍ത്ഥപാദപുരം തീര്‍ത്ഥപാദാശ്രമം പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. ശ്രീ ലളിതാഹൃദയസ്തോത്രത്തിലെ പ്രമേയം ശ്രീചക്രപൂജയാണ്. 195 പദ്യങ്ങളടങ്ങിയ ഈ സ്തോത്രസമുച്ചയത്തില്‍ സഗുണനിര്‍ഗുണാത്മകവും സര്‍വ്വദേവതാപ്രീതികരവുമായ ശ്രീചക്രാര്‍ച്ചനം ക്രോഡീകരിച്ചിരിക്കുന്നു. പരമശിവന്‍ ശ്രീപാര്‍വതീദേവിയ്ക്ക് ഉപദേശിച്ചുകൊടുക്കുന്നതായി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു. ശ്രീവിദ്യാസ്വരൂപിണിയായ ലളിതാദേവിയെ അറുപത്തിനാല് ഉപചാരങ്ങളോടുകൂടി മാനസികമായി പൂജിക്കുവാനുള്ള പദ്ധതിയാണ് ഇതിലെ പ്രതിപാദ്യം.
വേദാന്തികള്‍ ബ്രഹ്മമെന്നും വൈഷ്ണവന്മാര്‍ വിഷ്ണുവെന്നും ശൈവമാര്‍ ശിവനെന്നും ,അറ്റ്, അനേകം പേരുകളില്‍ പുകഴ്ത്തുന്ന പ്രപഞ്ചകാരണമായ സത്യവസ്തുവിനെത്തന്നെയാണ് ശാക്തേയന്മാര്‍ ശ്രീവിദ്യ, ത്രിപുരസുന്ദരി, ശിവ, ശ്രീബാലപരമേശ്വരി, ശ്രീലളിതാദേവി, ദുര്‍ഗ്ഗ, ശക്തി തുടങ്ങിയ വിവിധ നാമങ്ങളില്‍ വര്‍ണ്ണിക്കുന്നത്.