ഇതു ഒരു പരിചയക്കാരന്റെ അനുഭവമാണ്. അദ്ദേഹം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കരുനാഗപ്പള്ളിക്ക് അടുത്ത്‌ വള്ളിക്കാവിലുള്ള അമൃതാനന്ദമയീ മഠം സന്ദര്‍ശിച്ചിരുന്നു. അമ്മയെ നേരിട്ടു കാണാനുള്ള അവസരം കിട്ടി; അമ്മ കെട്ടിപ്പിടിക്കുകയും ചെയ്തു. ആ ആശ്ലേഷം അദ്ദേഹത്തിന് എന്തോ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയതായി അദ്ദേഹം പറയുന്നു.

അദ്ദേഹം ആ ആശ്ലേഷത്തില്‍ നിന്നും എന്ത് നേടി, ജീവിതത്തില്‍ പുതുതായി എന്ത് പഠിച്ചു, എന്ത് മാറ്റമാണ് അദ്ദേഹത്തിന്‌ വന്നു ചേര്‍ന്നത്‌ എന്നൊക്കെ ചോദിച്ചു. അദ്ദേഹം പറഞ്ഞതു തന്റെ മനസ്സിന് എന്തോ ധൈര്യം കിട്ടിയിട്ടുണ്ട്, തന്നെ ആരോ സംരക്ഷിക്കുന്നു എന്ന വിശ്വാസം വന്നു എന്ന്.

അതെങ്ങനെയാണ്‌ സാധ്യമാവുന്നത്, ഇതു ഒരു കണ്‍കെട്ട് വിദ്യയാണോ, അതോ ആത്മീയവഴിയിലെ സിദ്ധികളാണോ, ആത്മീയവഴിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിലഷണീയമാണോ, എന്നൊന്നും പറയാനുള്ള അറിവ് ഈയുള്ളവനില്ല. അതുകൊണ്ട് ഇപ്പോള്‍ ആ വിഷയം എടുക്കുന്നില്ല.അമൃതാനന്ദമയിയെയോ അവരുടെ പ്രവര്‍ത്തനങ്ങളെയോ കുറിച്ചല്ല ഈ ലേഖനം എന്ന് കൂടി ഇത്തരുണത്തില്‍ പ്രസ്താവിച്ചുകൊള്ളട്ടെ.

ഇവിടെ ചിന്തിക്കുന്നത് അദ്ദേഹത്തിന്റെ മാനസികനിലയെ കുറിച്ചാണ്. മഠത്തില്‍ പോകുന്നതിനു മുമ്പ് ഈ സുഹൃത്ത് വളരെ ഒറ്റപ്പെട്ട മാനസികനിലയില്‍ ആയിരുന്നു എന്നാണ് പിന്നീട് മനസ്സിലാക്കന്‍ സാധിച്ചത്. ധാരാളം സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും മാനസിക സംഘര്‍ഷത്തിന്റെ സമയത്ത് അദ്ദേഹത്തോടൊപ്പം സമയം ചെലവിടാനും മാനസിക സംഘര്‍ഷത്തിന് അയവുണ്ടാക്കാനും ആരും മെനക്കെട്ടില്ല. എല്ലാവര്‍ക്കും അവരുടേതായ ജീവിത തിരക്കുകളും പ്രാരബ്ധങ്ങളും മാത്രമായിരുന്നു പ്രധാനം. അതിന് സുഹൃത്തുക്കളെ തെറ്റ് പറയാന്‍ പറ്റുമോ? ചിന്തിക്കേണ്ടുന്ന വിഷയം തന്നെയാണ്.

ആ അവസരത്തില്‍ മഠത്തില്‍ നിന്നും ലഭിച്ച സ്നേഹമസൃണമായ പെരുമാറ്റം അദ്ദേഹത്തിന്‌ ആശ്വാസമായി. മാത്രമല്ല, അവിടെ അദ്ദേഹത്തിന്‌ ഒരു സമൂഹം (കമ്മ്യുണിറ്റി) തന്നെ ഉണ്ടായി. ഞാന്‍ ഈ ലോകത്ത് ഒറ്റപ്പെട്ടു എന്ന ചിന്ത മാറി. താനും ഒരു ഗ്രൂപ്പിലെ അംഗമാണ് എന്ന തോന്നല്‍ അദ്ദേഹത്തിന്‌ ധൈര്യം പകര്‍ന്നു. ഇപ്പോള്‍ മിക്കവാറും ആഴ്ചാവസാനങ്ങളില്‍ അദ്ദേഹം അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. അവിടെ കണ്ടുമുട്ടുന്ന സമാന ചിന്താഗതിക്കാരായ ആളുകളുടെ സാമീപ്യം അദ്ദേഹത്തെ സന്തോഷവാനാക്കുന്നു.

പണ്ടൊക്കെ കൂട്ടുകുടുംബ സമ്പ്രദായമായിരുന്നപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. കാരണം ആ അന്തരീക്ഷത്തില്‍ ഏത് പ്രശ്നവും ഒരു കുടുംബപ്രശ്നം ആണ്. ചോദിക്കാനും ചര്‍ച്ചചെയ്യാനും കഴിവുള്ള കാരണവരും സമപ്രായത്തിലുള്ള മറ്റു പലരും കാണും. ഏകാന്തത അനുഭവപ്പെടുകയില്ല. ഇന്നത്തെ അണുകുടുംബ സംവിധാനത്തില്‍ ഇതിനൊക്കെ എന്താ പ്രസക്തി?

താങ്കളുടെ അഭിപ്രായം എന്താണ്? അല്പം സമയവും പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള മനസ്സും ഒരു സുഹൃത്തിന് വേണ്ടി ചെലവിടാന്‍ താങ്കള്‍ക്ക് കഴിയുമോ?