യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 407 – ഭാഗം 6 നിര്‍വാണ പ്രകരണം.

പ്രത്യേകമേവമുദിതഃ പ്രതിഭാസഖണ്ഡഃ
ഖണ്ഡാന്തരേഷ്വപി ച തസ്യ വിചിത്രഖണ്ഡഃ
സര്‍വ്വേ സ്വയം നനു ച തേഽപി മിഥോ ന മിഥ്യാ
സര്‍വ്വാത്മനി സ്ഫുരതി കാരണകാരണേഽസ്മിന്‍ (6/66/28)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, രാജാവേ! എന്റെ ജ്ഞാനദൃഷ്ടിയില്‍ ഞാനാ യോഗിവര്യനെ തിരഞ്ഞു. അദ്ദേഹത്തെ കാണാനുള്ള ആഗ്രഹത്തോടെ ഞാന്‍ തീവ്രമായ ധ്യാനത്തില്‍ ഏര്‍പ്പെട്ടു. ഈ വിശ്വം മുഴുവന്‍ ഞാന്‍ തിരഞ്ഞിട്ടും അദ്ദേഹത്തെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. എങ്ങനെയാണ് ഒരാളുടെ സങ്കല്‍പ്പം പുറത്ത് മറ്റൊരിടത്ത് യാഥാര്‍ഥ്യമായി കാണപ്പെടുക? പിന്നെ ഞാന്‍ വടക്കുദേശത്ത് ജീനന്മാരുടെ നാട്ടില്‍പ്പോയി. അവിടെയൊരു മണ്‍പുറ്റിനു മുകളിലായി ജനവാസമുള്ള ഒരുവിഹാരമുണ്ട്. അവിടെയൊരു കുടിലില്‍ ഒരു ഭിക്ഷു ജീവിക്കുന്നു. ദീര്‍ഘദൃശന്‍ എന്നുപേരുള്ള അദ്ദേഹത്തിന്‍റെ തലയ്ക്ക് മഞ്ഞനിറമാണ്. ആഴമേറിയ ധ്യാനത്തിലായിരുന്നു ഭിക്ഷു.

അദ്ദേഹത്തിനു ശല്യമായെങ്കിലോ എന്ന് ഭയന്നിട്ട് അനുചരന്മാര്‍പോലും ആ കുടിലില്‍ കയറിയില്ല. അത് ധ്യാനത്തിന്റെ ഇരുപത്തിയൊന്നാം ദിനമായിരുന്നു. ധ്യാനം തീരുന്ന ദിവസം. ഒരുവിധത്തില്‍ പറഞ്ഞാല്‍ അദ്ദേഹം ഇരുപത്തിയൊന്നു ദിനം ധ്യാനത്തിലായിരുന്നു. അല്ലെങ്കില്‍ അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നും പറയാം. അങ്ങനെയായിരുന്നു ആ മനസ്സില്‍ ഉണ്ടായ ധാരണകള്‍.

അങ്ങനെയൊരു യോഗി വേറൊരു കല്‍പ്പത്തില്‍ ഉണ്ടായിരുന്നതായി എനിക്കറിയാം. ഈ യുഗത്തിലും ഇദ്ദേഹം ഇത്തരത്തിലുള്ള രണ്ടാമത്തെ യോഗിയാണ്. എന്നാല്‍ മൂന്നാമതൊരു യോഗിയെ ഞാന്‍ കാണുകയുണ്ടായില്ല. എന്നിലെ സര്‍വ്വപ്രാഭവങ്ങളും സംഭരിച്ച് ഞാന്‍ ആ യോഗിയുടെ ഹൃദയത്തില്‍ കയറി മൂന്നാമത്തെ യോഗിയെ കൂലങ്കഷമായി തിരഞ്ഞു. ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തിയെങ്കിലും അദ്ദേഹം ഈ വിശ്വത്തില്‍ ആയിരുന്നില്ല. ആ വിശ്വമാകട്ടെ മറ്റൊരു ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ടതും ഈ വിശ്വത്തിനോട് സമാനവുമായിരുന്നു.

അങ്ങനെ എണ്ണമറ്റ ജീവജാലങ്ങള്‍ ഉണ്ടായിരുന്നു. അവ അങ്ങനെ ഇനിയും ഉണ്ടാവുകയും ചെയ്യും. ഈ സഭയിലെത്തന്നെ മാമുനിമാരും ബ്രാഹ്മണാദികളും എല്ലാം മറ്റുള്ള ജീവികളെക്കുറിച്ചുള്ള ധാരണകള്‍ വെച്ചുപുലര്‍ത്തുകയും അവയെല്ലാം അപ്രകാരം മൂര്‍ത്തീകരിക്കുകയും ചെയ്യും. അതാണ് മായയുടെ വിസ്മയം. ഈ ജീവജാലങ്ങളില്‍ ചിലതിന് തങ്ങള്‍ സങ്കല്‍പ്പിച്ച ജീവികളുടെ സ്വഭാവസവിശേഷതകള്‍ ഉണ്ടാവാം. മറ്റു ചിലതിന് സങ്കല്‍പ്പങ്ങളില്‍ നിന്നും തുലോം വിഭിന്നങ്ങളായ സ്വഭാവങ്ങളാണുണ്ടാവുക. മറ്റു ചിലവയ്ക്ക് ചില സാദൃശ്യസ്വഭാവങ്ങള്‍ മാത്രമാണുണ്ടാവുക. മഹാന്മാരെപ്പോലും വലയ്ക്കുന്ന മഹാമായയുടെ പ്രാഭവമാണിത്.

എന്നാല്‍ ഈ മായ നിലനില്‍ക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. എല്ലാത്തിനെയും പ്രത്യക്ഷവും അപ്രത്യക്ഷവുമാക്കുന്ന വെറുമൊരു ഭ്രമക്കാഴ്ച്ച മാത്രമാണത്. അല്ലെങ്കില്‍പ്പിന്നെ ഈ ഇരുപത്തൊന്നുദിനവും ഒരു യുഗവും എങ്ങനെ പൊരുത്തപ്പെടും? മനസ്സിന്റെ ഇത്തരം കളികളെപ്പറ്റി ചിന്തിക്കുന്നതേ ഭയാനകമാണ്. കൂമ്പിയ താമരപ്പൂ പ്രഭാതത്തില്‍ വിടരുന്നതുപോലെ പതിയെ തുറന്ന് ഒടുവില്‍ പൂര്‍ണ്ണമായും വിടര്‍ന്ന താമരപോലെ വൈവിദ്ധ്യങ്ങളെ സുവിദിതമാക്കിത്തരുന്നത് മായക്കാഴ്ചകളാണ്.

ഇതെല്ലാം നിത്യശുദ്ധമായ അനന്താവബോധത്തിലാണ് ഉണരുന്നത്. എന്നാലും അതിന്റെ പ്രകടിതദൃശ്യങ്ങളെ മാലിന്യം ബാധിച്ചതുപോലെ തോന്നുന്നു. എല്ലാമെല്ലാം വിഘടിതമായ നിലനില്‍പ്പാണ്. ആ നിലനില്‍പ്പിനു ശേഷവും അവ വിചിത്രങ്ങളായ വിഘടനത്തിന് വിധേയമാവുന്നുണ്ട്. ഇവയെല്ലാം ആപേക്ഷികമായി സത്യമാണ്. തികച്ചും അസത്യമെന്ന് പറയുന്നത് ശരിയല്ല. എല്ലാമെല്ലാം എല്ലാറ്റിലും മൂര്‍ത്തീകരിക്കുന്നു. കാര്യത്തിനുള്ളില്‍ത്തന്നെയാണ് കാരണങ്ങളുടെ ബീജമുള്ളത്.