വസിഷ്ഠന്‍ പറകയാണ്. രാമചന്ദ്ര! ജഗദാകാരേണവിളങ്ങുന്ന ചിത്തം ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. ബ്രഹ്മത്തിലെല്ലാമുണ്ട്. വിത്തില്‍ വൃക്ഷവും പുഷ്പഫലാദികളും അടങ്ങിരിക്കുന്നതുപോലെ, അണ്ഡത്തിലെ ജലത്തില്‍ പക്ഷി അടങ്ങിയിരിക്കുന്നതുപോലെ, ബ്രഹ്മത്തില്‍ എല്ല‍ാം അടങ്ങിയിരിക്കുന്നു. ബ്രഹ്മംതന്നെയാണ് ചിത്തമായും ജഗത്തായുമെല്ല‍ാം പ്രകാശിക്കുന്നത്. ബ്രഹ്മശക്തിയാകുന്ന ചിച്ഛക്തി എല്ലാറ്റിലും വ്യാപിച്ചിട്ടുണ്ട്. ഓരോ വസ്തുവില്‍ ഓരോ രൂപത്തിലാണെന്നും മാത്രമേ വ്യത്യാസമുള്ളു. അഗ്നിയില്‍ ദാഹശക്തിയും കല്ലിലെ കാഠിന്യശക്തിയും ജലത്തിലെ ദ്രവശക്തിയും ആകാശത്തിലെ ശൂന്യശക്തിയും സംഹാരത്തിലെ വിനാശശക്തിയുമെല്ല‍ാം ബ്രഹ്മശക്തിയല്ലാതെ മറ്റെന്താണ്! എല്ലാ ശക്തികളും ബ്രഹ്മത്തില്‍ നിന്നാണുണ്ടാവുന്നത്. മനനശക്തിയുണ്ടാവുമ്പോള്‍ മനസ്സെന്നു പറയപ്പെടുന്നു. അങ്ങനെ ഓരോ ശക്തിയേയും ഓരോ പേരില്‍ പ്രത്യേകം പറയുന്നു എന്നുമാത്രം.

വാസ്തവത്തില്‍ ബ്രഹ്മശക്തിയല്ലാതെ തന്നെയില്ല. മനസ്സിന്റെ വിലാസം കൊണ്ട് ജീവിത്വവും ബന്ധുവും എല്ല‍ാം ഉള്ളതായി തോന്നപ്പെടുന്നു. പരമാര്‍ത്ഥത്തില്‍ ബ്രഹ്മമല്ലാതെ മറ്റൊന്നുംതന്നെ സംഭവിച്ചിട്ടില്ല. എങ്കിലും മന്ദബുദ്ധികളായ ബാലന്മാര്‍ ചിത്തവിഭ്രാന്തികൊണ്ട് എല്ല‍ാം സംഭവിച്ചതായി ഭ്രമിക്കുന്നു എന്നുമാത്രം. ധാത്രിമാര്‍ ചെറുബാലന്‍മാരെ ഉറക്കാന്‍ വേണ്ടി ചിലപ്പോള്‍ കഥ പറയാറുണ്ടല്ലോ. എത്രയും അസംഗതമോ അസംഭാവ്യമോ ആയാലും വേണ്ടതില്ല. അവിവേകിയായ ബലാന്‍ ധാത്രിയുടെ കഥയെമുഴുവന്‍ വിശ്വസിക്കും. പണ്ടൊരു ധാത്രിതന്റെ ബാലന്റെ ചിത്തനിവൃത്തിക്കുവേണ്ടി ഒരു കഥ പറയുകയുണ്ടായി. അതുപോലെയാണ് പ്രപഞ്ചവൃത്താന്തം എന്നു പറഞ്ഞപ്പോള്‍ ആ കഥയെ കേട്ടാല്‍ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ച രാമചന്ദ്രനോട് അതിനെ പറഞ്ഞുകൊടുക്കുകയും ചെയ്ത വസിഷ്ഠമഹര്‍ഷി.

ഇല്ലാത്ത രാജധാനിയില്‍ ജനിച്ചിട്ടില്ലാത്ത മൂന്നു രാജകുമാരന്മാരുണ്ടായിരുന്നു. സൗന്ദര്യം, സൗശീല്യം തുടങ്ങിയ ഗുണങ്ങളെക്കൊണ്ട് അവര്‍ എല്ലാവര്‍ക്കും മാനിക്കത്തക്കവരും യോഗ്യന്മാരുമായിരുന്നു. എന്തോ ഒരു വലിയ കാര്യലാഭത്തെയുദ്ദേശിച്ച് അവര്‍ മൂന്നാളുംകൂടി എവിടെയ്ക്കോ പോവാനായി പുറപ്പെട്ടു. വളരെ ദൂരം ചെന്നപ്പോള്‍ വിശപ്പുകൊണ്ട് ആര്‍ത്തന്മാരായ അവര്‍ എന്തെങ്കിലും ആഹാരപദാര്‍ത്ഥം കിട്ടുമോ എന്നു തിരിഞ്ഞു. അപ്പോള്‍ അവരുടെ തലയ്ക്കു മീതെയുള്ള ആകാശത്തില്‍ നിരനിരയായി വൃക്ഷങ്ങള്‍ നില്ക്കുന്നതും അവയിലെല്ല‍ാം നല്ല സ്വാദുള്ള പഴങ്ങള്‍ സുഭിക്ഷമായി തൂങ്ങിനില്‍ക്കുന്നതും കണ്ടു. ഉടനെത്തന്നെ മേലോട്ടു കുതിച്ച് ആ വൃക്ഷങ്ങളില്‍ പാഞ്ഞുകയറി ധാരാളം പഴങ്ങള്‍ പറിച്ചുതിന്നു വിശപ്പടക്കി. വിശപ്പുമാറിയെങ്കിലും ദാഹത്തിന്‍ബാധ അവരെ വിഷമിപ്പിച്ചു. വീണ്ടും കുറെ ദൂരംകൂടി മുന്നോട്ടു പോയപ്പോള്‍ അവര്‍ വളരെ വലിയ മൂന്നു നദികള്‍ കണ്ടു. അവയില്‍ രണ്ടെണ്ണത്തില്‍ വെള്ളം തീരെ വറ്റി വരണ്ടിരിക്കുകയാണ്. ഒന്നിലാകട്ടെ വെള്ളം ഒഴുകുന്ന പതിവേ ഇല്ല. പ്രസ്തുത മൂന്നു നദികളിലും അവരിറങ്ങി വളരെ നേരം ജലക്രീഡ ചെയ്കയും കളിക്കുകയും അമൃതസമാനമായ ജലം ധാരാളം കുടിക്കുകയും ചെയ്തു. പിന്നെയും മുന്നോട്ടു പോയപ്പോള്‍ സമയം സന്ധ്യയായി. ആദിത്യന്‍ അസ്തമിച്ചു തുടങ്ങി. രാത്രിയില്‍ എവിടെ താമസിക്കുമെന്ന ചിന്ത അവരെ അലട്ടി. അധികം താമസിയാതെ മുന്നില്‍ത്തന്നെ മൂന്നു മനോഹരഹര്‍മ്മ്യങ്ങള്‍ കാണപ്പെട്ടു. ഉണ്ടായിട്ടില്ലാത്ത നഗരത്തിന്റെ മദ്ധ്യത്തില്‍ ഭിത്തി, തൂണ് മുതലായവയൊന്നുമില്ലാത്തവയും ഉണ്ടായിട്ടില്ലാത്തവയുമായ ആ മനോഹരഹര്‍മ്മ്യങ്ങളില്‍ അവരോരോരുത്തരും രാത്രി വിശ്രമത്തിനുവേണ്ടിക്കയറി. ഓരോ ഗൃഹത്തിലും വളരെ വിശേഷപ്പെട്ട ഓരോ ഇല്ലാത്ത സ്വര്‍ണ്ണപ്പാത്രമുണ്ടായിരുന്നു. അവയില്‍ ഇല്ലാത്ത അരിയെ ധാരാളം പാകം ചെയ്തു നിര്‍മ്മുഖന്മാരും എന്നാല്‍ ബഹുഭോജികളുമായ അനേകം ഇല്ലാത്ത ബ്രാഹ്മണരെ ആഹാരം കഴിപ്പിച്ചു, അവരും ആഹാരം കഴിച്ച് സുഖമായിക്കിടന്നുറങ്ങി. പിന്നെ ഉണര്‍ന്നശേഷം അവര്‍ മൂവരുംകൂടി ഇല്ലാത്ത കാടുകളില്‍ പോയി നായാട്ടുമൊക്കെ ചെയ്തു സുഖമായങ്ങിനെ കഴിഞ്ഞുവരുന്നുണ്ട്.

എന്നിങ്ങനെ ധാത്രി കഥ പറഞ്ഞപ്പോള്‍ അവിവേകിയായ ബാലന്‍ അതു സത്യമാണെന്നു വിചാരിച്ചു അതില്‍ രസിക്കുകയും ചെയ്തു ഇതുപോലെയാണ് സംസാരത്തിന്റെ കഥയും. അവിവേകികള്‍ സംസാരത്തെ സത്യമായി കരുതുകയും അതില്‍ രസിക്കുകകുയം ലയിക്കുകയും ചെയ്യും. എന്നാല്‍ വിവേകിയുടെ ദൃഷ്ടിയില്‍ സംസാരമേ ഇല്ല.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.