വസിഷ്ഠമഹര്‍ഷി പറകയാണ്. ഹേ രാമ! മൂഢന്‍ തന്റെ മിത്ഥ്യാസങ്കല്പങ്ങളെക്കൊണ്ടു മാത്രമാണ് ദുഃഖിയായിത്തീരുന്നത്. വിവേകിക്ക് മിത്ഥ്യാസങ്കല്പങ്ങളില്ലാത്തതിനാല്‍ ദുഃഖത്തിനു ഹേതുവില്ല. സത്യത്തെ ഓര്‍മ്മിക്കുകയും മിത്ഥ്യയെ കൈവെടിയുകയും ചെയ്താല്‍ കൃതകൃത്യനായി. ആത്മാവായ നീ ഒരിക്കലും ബദ്ധനല്ല. അഖണ്ഡമായ ആത്മതത്വത്തിനെങ്ങിനെ ബന്ധമുണ്ടാവും? അവസാനമില്ലാത്തതും ചില്‍ഘനവുമായ ബ്രഹ്മത്തില്‍നിന്ന് അന്യമായി രണ്ടാമതൊന്നില്ലെന്നിരിക്കെ ആര് ആരെ ബന്ധിക്കുന്നു? ആര് മോചിക്കുന്നു? വെറും ഭ്രമം എന്നാല്ലാതൊന്നും പറയാനില്ല. മനസ്സിന്റെ മിത്ഥ്യാസങ്കല്പങ്ങളാണ് ബന്ധവും മോക്ഷവുമെല്ലാം. കാലത്തേയും ദേശത്തേയും പദാര്‍ത്ഥത്തേയുമൊക്കെ സൃഷ്ടിക്കുന്നതും, അവയെ വലുതാക്കുന്നതും ചെറുതാക്കുന്നതും, നന്നാക്കുന്നതും ചീത്തയാക്കുന്നതും, രൂപാന്തരപ്പെടുത്തുന്നതുമെല്ലാം മനസ്സാണ്. മനസ്സടങ്ങിയാല്‍ എല്ലാ കുഴപ്പങ്ങളും അവസാനിച്ചു. നല്ല ഇന്ദ്രജാലവിദ്യപോലെയാണ് സംസാരം. ഇരിക്കട്ടെ, സംസാരം മനസ്സിന്നുള്ളിലിരിക്കുന്നതെങ്ങിനെയെന്നു വ്യക്തമാക്കാന്‍ ഒരു കഥ പറയാം. എന്നു പറഞ്ഞുകൊണ്ടാണ് ഇന്ദ്രജാലക്കാരന്റെ കഥയിലേയ്ക്കു കടക്കുന്നത്.
പണ്ട് ഉത്തരപാണ്ഡവമെന്ന രാജ്യത്ത് ലവണനെന്നു പേരായി ധര്‍മ്മിഷ്ഠനും പൗരുഷശാലിയുമായ ഒരു മഹാരാജാവുണ്ടായിരുന്നു. അദ്ദേഹം ഒരു ദിവസം സഭാമദ്ധ്യത്തില്‍ സിംഹാസനത്തിലിരുന്നു മന്ത്രിമാരുമായി രാജ്യകാര്യങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു ഇന്ദ്രജാലക്കാരന്‍ രാജസഭയിലേയ്ക്കു കയറിവന്ന് അത്ഭുതകരങ്ങളായ ചില വിദ്യകള്‍ കാണിച്ചു മഹാരാജാവിനേയും സഭാവാസികളേയും ആശ്ചര്യപ്പെടുത്താമെന്നും അനുവാദം കിട്ടിയാല്‍ മതിയെന്നും അറിയിച്ചു. മഹാരാജാവു സമ്മതം മൂളിക്കഴിഞ്ഞപ്പോഴേയ്ക്കും സമര്‍ത്ഥനായ ആ ശാംബരികന്‍ തന്റെ കയ്യിലുള്ള പീലിക്കെട്ടുകൊണ്ടു മഹാരാജാവിനെ ഒന്നുഴിഞ്ഞു. പരമാത്മാവിന്റെ ഗുണാത്മികയായ മായയെന്നപോലെ വര്‍ണ്ണശബളമായ പീലിക്കെട്ടുകൊണ്ടുഴിഞ്ഞപ്പോള്‍ രാജാവ് അതിനെത്തന്നെ നോക്കി അന്തംവിട്ടിരുന്നു.
അധികം താമസമുണ്ടായില്ല; സിന്ധുരാജാവിന്റെ ഒരു ദൂതന്‍ ഒരു കുതിരയോടുകൂടി സഭാമണ്ഡപത്തില്‍ പ്രവേശിച്ചു താന്‍ സിന്ധുരാജാവിന്റെ ദൂതനാണെന്നും ഈ കുതിരയെ അവിടേയ്ക്കു കാഴ്ചയായി തന്നയച്ചതാണെന്നും ഇതിവിടെ എത്തിച്ചുതരാന്‍വേണ്ടിയാണ് വന്നതെന്നും വളരെ വിശേഷപ്പെട്ട കുതിരയാണെന്നുമൊക്കെപ്പറഞ്ഞു. അപ്പോള്‍ ഇന്ദ്രജാലക്കാരനും ആ കുതിരയെ നോക്കി അതു വളരെ വിശേഷപ്പെട്ട കുതിരയാണെന്നും ലക്ഷണമൊത്തതാണെന്നും, മഹാരാജാവ് അതിന്റെ പുറത്തുകയറി സഞ്ചരിക്കുന്നപക്ഷം അതൊരു നല്ല കാഴ്ചയാകുമെന്നും അഭിപ്രായപ്പെട്ടു. അതോടെ മഹാരാജാവും ആ കുതിയേയും നോക്കി കണ്ണും തുറിച്ചു നിശ്ചലനായി ഒരു പ്രതിമയെന്നപോലെ ഇരുന്നു.
സഭ കേവലം നിശ്ശബ്ദമായി. മഹാരാജാവിന്റെ സത്ബ്ധമായ ഇരിപ്പുകണ്ടു സഭാവാസികള്‍ക്കൊക്കെ ഭയപരിഭ്രമങ്ങളുണ്ടായി. അങ്ങനെ നാലു നാഴിക സമയം അദ്ദേഹം സ്തംഭിച്ചിരുന്നു. അങ്ങനെ നാലു നാഴിക സമയം കഴിഞ്ഞപ്പോള്‍ പെട്ടെന്നു സിംഹാസനത്തില്‍ നിന്നൊന്നിളകിമറിയാന്‍ തുടങ്ങി. അപ്പോഴേയ്ക്കു മന്ത്രിമാരും മറ്റും ചെന്നു പിടിച്ചു. പിന്നീട് ഏതാനും നിമിഷങ്ങളെക്കൊണ്ട് അദ്ദേഹം സ്വസ്ഥചിത്തനായി. അപ്പോള്‍ മന്ത്രിമാരില്‍ ചിലര്‍ എന്താണ് സംഗതിയെന്നന്വേഷിച്ചു. ഇതില്പരം ആശ്ചര്യകരമായി മറ്റൊന്നും സംഭവിക്കാനില്ലെന്നു പറഞ്ഞുകൊണ്ടു മഹാരാജാവു തന്റെ അനുഭവത്തെ വിവരിക്കാന്‍ തുടങ്ങി.
ഇന്ദ്രജലക്കാരന്റെ പീലിക്കെട്ടു ചുറ്റിക്കഴിഞ്ഞപ്പോഴേയ്ക്കും ഏതോ ഒരത്ഭുതശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ടവനെന്ന പോലെ ഞാന്‍ എന്നേയും ചുറ്റുപാടിനേയും മറന്നുകഴിഞ്ഞു. അനന്തരം സിന്ധുരാജാവിന്റെ ദൂതന്‍ കൊണ്ടുവന്ന കുതിരപ്പുറത്തു കയറി എന്നാണെന്റെ ഓര്‍മ. നായാട്ടിനെന്ന നിലയ്ക്കു കാട്ടിലേയ്ക്കു പോയി. കുതിര എന്നെയുംകൊണ്ട് ഓടാന്‍തുടങ്ങി. വളരെയൊക്കെ ശ്രമിച്ചിട്ടും കുതിരയെ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഗതിയെ നിയന്ത്രിക്കാന്‍ പോലും കഴിഞ്ഞില്ല. അങ്ങനെ കുതിരയുടെ ഇഷ്ടപ്രകാരം എവിടെയൊക്കെയോ ഓടിക്കൊണ്ടിരുന്നു. പട്ടണത്തേയും ഗ്രാമങ്ങളേയും അതിക്രമിച്ചു ക്രമേണ ഹിമപ്രദേശത്തെത്തി. ഹിമാവൃതമായ ആ വിജനപ്രദേശത്തുകൂടെ വളരെ ദൂരം ഓടിയതിനുശേഷം നിബിഡവും ഭയങ്കരവുമായ കാട്ടിലെത്തി. നേരവും അസ്തമനത്തോടടുത്തു. എങ്ങിനെയെങ്കിലും കുതിരയൊന്നു നിന്നുകിട്ടാന്‍ വളരെയൊക്കെ പ്രയത്നനിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. അവസാനം കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെ ഞാനൊരു മരക്കൊമ്പുപിടിച്ചുതൂങ്ങി. അപ്പോള്‍ കുതിര എന്നെവിട്ടുപിന്നേയും ഓടിപ്പോയി. എങ്കിലും കുതിരയില്‍ നിന്നു രക്ഷപെട്ടുവല്ലോ എന്നുവിചാരിച്ചു സന്തോഷിച്ചു.
മരത്തില്‍നിന്നു താഴെയിറങ്ങി ആ രാത്രിമുഴുവന്‍ ആ കാട്ടില്‍ത്തന്നെ കഴിച്ചുകൂട്ടി. എന്തെങ്കിലും ആഹാരമോ വെള്ളമോ കിട്ടാതെതന്നെ കഴിച്ചു കൂട്ടി. വിശപ്പും ക്ഷീണവും തണുപ്പും സഹിച്ചും ഭയപ്പെട്ടു വ്യസനിച്ചും അങ്ങനെ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്നു പ്രഭാതമായപ്പോള്‍ എന്തെങ്കിലും ആഹാരം കിട്ടണമെന്നു കരുതി അന്വേഷിച്ചുകൊണ്ടു കുറെദൂരം ചുറ്റി നടന്നു നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല, പിന്നേയും ബഹുദൂരം കാട്ടില്‍ക്കൂടെ ചുറ്റിത്തിരിഞ്ഞു നടന്നപ്പോള്‍ യൗവനയുക്തയായ ഒരു കാട്ടാളസ്ത്രീ കുറച്ചാഹാരവും കൊണ്ടുപോകുന്നത് കണ്ടു. കറുത്തിരുണ്ട് വികൃതയായ ആ സ്ത്രീയെ കണ്ടാല്‍തന്നെ അറപ്പും വെറുപ്പും തോന്നും. എങ്കിലും വിശപ്പിന്റേയും ക്ഷീണത്തിന്റേയും ആധിക്യം കൊണ്ടും ജീവിതത്തിലുള്ള ആശകൊണ്ടും ഞാനവളോടു കുറച്ച് ആഹാരം യാച്ചിക്കുകതന്നെ ചെയ്തു. വളരെയൊക്കെ കെഞ്ചിയപേക്ഷിച്ചിട്ടും അവളുടെ മനസ്സിന്നലിവുണ്ടാവുകയോ അല്പമെങ്കിലും ചോറും തരികയോ ഉണ്ടായില്ല. എന്നാലും വിടാതെ പിന്നെയും യാചിക്കുന്ന എന്നെ നോക്കി അവള്‍ പറഞ്ഞു.
ഹേ രാജാവേ! ഞാനൊരു ചണ്ഡാളസ്ത്രീയാണ്. എന്റെ പേര്‍ ഹാരകേയൂരി എന്നാണ്. അങ്ങു വെറുതെ യാചിച്ചതുകൊണ്ടു മാത്രം ചോറു കിട്ടാന്‍ പോവുന്നില്ല. ഈ കാട്ടില്‍ കന്നുപുട്ടുന്ന എന്റെ അച്ഛനുവേണ്ടിയാണ് ഇതു കൊണ്ടുപോകുന്നത്. അങ്ങെന്റെ ഭര്‍ത്താവായിരിക്കാമെന്നു സമ്മതിച്ചാല്‍ ഇതില്‍ നിന്നും പകുതി ചോറു തരാം എന്ന്. ജീവിതത്തെ നില നിര്‍ത്താന്‍ വേറെ ഗതിയൊന്നുമില്ലാത്തതിനാല്‍ ഞാനങ്ങിനെ സമ്മതിക്കുകയും ചെയ്തു. ഉടനെ അവള്‍ കുറച്ചു ചോറും നാരങ്ങാനീരും തന്നു. അതു കഴിച്ചു കുറച്ചുനേരം വിശ്രമിച്ചശേഷം അവളോടുകൂടി കന്നുപൂട്ടുന്ന കാട്ടാളന്റെ അടുക്കലേയ്ക്കു പോയി. വിവരമെല്ലാം ഹാരകേയൂരിതന്നെ അച്ഛനെ അറിയിച്ചു. അയാള്‍ക്കു സമ്മതവും സന്തോഷവുമായി. വൈകുന്നേരം ഞങ്ങള്‍ ഗ്രാമത്തിന്റെ മദ്ധ്യഭാഗത്തിലുള്ള ഗൃഹത്തിലെത്തിച്ചേര്‍ന്നു. അന്നുതന്നെ വിവാഹം കഴിഞ്ഞു. പിന്നെ കാട്ടാളന്മാരോടുകൂടി സഹവസിച്ചുകൊണ്ട് പല കാര്യങ്ങളേയും ചെയ്തുകൊണ്ടു കുറേ കാലം താമസിച്ചു. ആ കാട്ടാളസ്ത്രീയില്‍ എനിക്കു നാലുമക്കളുമുണ്ടായി.
അങ്ങനെ കഴിഞ്ഞുവരുമ്പോഴാണ് മഴ പെയ്യാത്തതുകൊണ്ട് ആ കാട്ടില്‍ വലിയ ക്ഷാമം ബാധിച്ചത്. കുടിക്കാന്‍ വെള്ളം പോലുമില്ലാതായി. അപ്പോള്‍ കാട്ടാളന്മാരോരുരുത്തരും അവരവരുടെ കുടുംബത്തോടുകൂടി വേറെ കാടുകളിലേയ്ക്കു യാത്രയായി. അതിനാല്‍ ഞാനും എന്റെ ഭാര്യയോടും കുട്ടികളോടും കൂടി അന്യദിക്കിലേയ്ക്കു പോവാന്‍ പുറപ്പെട്ടു. വളരെ ദൂരം കാട്ടില്‍ക്കൂടെ കഠിനമായ വെയിലത്തു മൂന്നു കുട്ടികളെ എടുത്തുകൊണ്ടുള്ള യാത്രഹേതുവായി ക്ഷീണിച്ചുതളര്‍ന്ന ഞങ്ങളൊരു വൃക്ഷച്ചുവട്ടില്‍ വിശ്രമിക്കുമ്പോള്‍ ഞങ്ങളുടെ ഇളയപുത്രന്‍ വിശപ്പും ദാഹവും സഹിക്കാന്‍ കഴിയാതെ കണ്ണീരൊലിപ്പിച്ചു കരയാന്‍ തുടങ്ങിയപ്പോള്‍ എനിക്കതുകണ്ടു സഹിക്കാന്‍ കഴിയാതായി. ഈ സന്ദര്‍ഭത്തില്‍ ജീവിതത്തേക്കാള്‍ ശ്രേഷ്ടമായിരിക്കുന്നതു മരണമാണെന്നും കരുതി കുറെ വിറകു പെറുക്കി കത്തിച്ചു. ആ അഗ്നിജ്വാലയിലേയ്ക്കെടുത്തുചാടിയപ്പോഴാണ് സിംഹാസനത്തില്‍ നിന്നിളകിയത്. അപ്പോഴേയ്ക്കു നിങ്ങള്‍ വന്നു പിടിക്കുകയും ചെയ്തു. എന്തൊരു മനോവിഭ്രമമാണുണ്ടായത്! ഈ ഇന്ദ്രജാലക്കാരന്റെ വിദ്യയാണിത്. എന്നൊക്കെയാണ് മഹാരാജാവ് തന്റെ അനുഭവങ്ങളെ വിവരിച്ചത്. അതോടെ ഇന്ദ്രജാലക്കാരന്‍ മറഞ്ഞു; അയാളെ കാണാതാവുകയും ചെയ്തു.
വാസ്തവത്തില്‍ അത് ഇന്ദ്രജാലക്കാരനായിരുന്നില്ല. കാരണം ഇന്ദ്രജാലക്കാരനായിരുന്നുവെങ്കില്‍ അവന്റെ വിദ്യയ്ക്കു സമ്മാനം കിട്ടണമെന്നുണ്ടാവുമല്ലോ. മനോവിലാസമാണ് പ്രപഞ്ചമെന്നു കാണിക്കുന്ന ഒരു ദേവതാ പ്രകടനമാണ് രാജാവനുഭവിച്ചത്. ഇതില്‍നിന്ന് കാലവും ദേശവും പദാര്‍ത്ഥവും അനുഭവവും ജനനമരണങ്ങളുമെല്ലാം മനസ്സിന്റെ വിലാസം മാത്രമാണെന്നു വ്യക്തമാവുന്നുണ്ടല്ലോ. വെറും നാലു നാഴികസമയം മാത്രമാണ് ലവണരാജാവു മനോമോഹത്തില്‍ മുഴുകിയത്. എങ്കിലും ആ ചുരുങ്ങിയ സമയം കൊണ്ട് എത്രകൊല്ലങ്ങളിലെ അനുഭവമാണദ്ദേഹമനുഭവിച്ചത്? അതു മനസ്സിന്റെ വെറു ഭ്രാന്തി പ്രതീതിയല്ലാതെ മറ്റെന്താണ്? അതുതന്നെയാണ് ഈ പ്രപഞ്ചം മുഴുവന്‍തന്നേയും. മനസ്സില്‍ നിന്നു വേറെയല്ല ജഗത്ത്. മനസ്സുതന്നെയാണ് ജഗത്തായി പ്രകാശിക്കുന്നത്. പരബ്രഹ്മമൂര്‍ത്തിയായ ഈശ്വരന്റെ ശക്തിതന്നെയാണ് മനസ്സ്. അതുതന്നെ ജഗത്തും.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.