യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 421 – ഭാഗം 6 നിര്‍വാണ പ്രകരണം.

സാ ചോക്താ കുണ്ഡലീനാമ്നാ കുണ്ഡലാകാരവാഹിനീ
പ്രാണിനാം പരമാ ശക്തിഃ സര്‍വ്വ ശക്തിജവ പ്രദാ (6/80/42)

വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ സിദ്ധികളും സ്ഥലകാലങ്ങളേയും പരിശ്രമത്തെയും മാര്‍ഗ്ഗത്തേയും ആശ്രയിച്ചിരിക്കുന്നു. ഇതില്‍ പരിശ്രമം തന്നെയാണ് ഏറ്റവും പ്രധാനം. എന്തെങ്കിലും നേടുവാനുള്ള ഉദ്യമങ്ങള്‍ നമ്മുടെ പരിശ്രമത്തിന്റെ ആര്‍ജ്ജവമനുസരിച്ചാണ് നടപ്പിലാവുക. സിദ്ധിസാധ്യങ്ങള്‍ക്കായി വിചിത്രങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ അപക്വമതികളായ അത്തരക്കാര്‍ അപകടകാരികളത്രേ. മന്ത്രഗുളിക, മാന്ത്രികവടി, മരതകക്കല്ലുകള്‍ , മരുന്നുകള്‍ , ആത്മപീഢനങ്ങള്‍ , ആഭിചാരക്രിയകള്‍ ഇവയെല്ലാം ഇത്തരം ശ്രമങ്ങളാണ്.

ശ്രീശൈലം, മേരു, മുതലായ പുണ്യസ്ഥലങ്ങളിലെ താമസംകൊണ്ട് സിദ്ധികള്‍ നേടാമെന്ന തോന്നലും അസംബന്ധമത്രെ.

അതുകൊണ്ട് ശിഖിധ്വജന്റെ കഥയുമായി ബന്ധപ്പെട്ട, സിദ്ധികള്‍ സ്വായത്തമാക്കാന്‍ പോന്ന ഒരു പ്രാണായാമമാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം. ശ്രദ്ധിച്ചാലും. താന്‍ നേടാന്‍ ആഗ്രഹിക്കുന്ന സിദ്ധിയ്ക്ക് യോജിക്കാത്ത എല്ലാ ശീലങ്ങളും വാസനകളും സാധകന്‍ ഉപേക്ഷിക്കണം. ശരീരത്തിലെ നവദ്വാരങ്ങളും അടയ്ക്കാനും പലവിധ യോഗാസനങ്ങളില്‍ ഇരിക്കാനും അയാള്‍ക്ക് കഴിയണം. ആഹാരം പരിശുദ്ധമായിരിക്കണം. ശാസ്ത്രതത്വങ്ങളുടെ ആന്തരാര്‍ത്ഥത്തെപ്പറ്റി അയാള്‍ ചിന്തിക്കുകയും വേണം. ശരിയായ പ്രവൃത്തികള്‍ , പുണ്യവ്യക്തികളുമായുള്ള സഹവാസം എന്നിവ അനിവാര്യം. എല്ലാം സംത്യജിച്ചു സുഖാസനത്തില്‍ അയാള്‍ ഉപവിഷ്ടനാവണം. അങ്ങനെയിരുന്നു ക്രോധലോഭാദികള്‍ ഇല്ലാതെ പ്രാണായാമം പരിശീലിക്കുമ്പോള്‍ പ്രാണന്‍ അയാളുടെ വരുതിയില്‍ നില്‍ക്കുന്നു.

ഭൂമിയുടെ ഭരണാധികാരം മുതല്‍ നിര്‍വാണപദംപോലും പ്രാണവായുവിന്റെ സഞ്ചാരഗതിയലാണ് സാധിതമാകുന്നത്. ദേഹത്തിനുള്ളില്‍ അന്ത്രവേഷ്ടിക എന്നൊരു നാഡിയുണ്ട്. നൂറുകണക്കിന് മറ്റു നാഡികളുടെ ഉറവിടവും അവയെ സഞ്ചയിപ്പിക്കുന്ന കേന്ദ്രവുമാണത്. എല്ലാ ജീവികളിലും – മനുഷ്യര്‍ , മൃഗങ്ങള്‍ , ദേവന്മാര്‍ , പുഴുക്കള്‍ , മത്സ്യങ്ങള്‍ എന്നുവേണ്ട എല്ലാറ്റിലും അത് നിലകൊള്ളുന്നു. അത് ഉത്ഭവസ്ഥാനത്ത് ചുരുണ്ടുകൂടിയാണിരിക്കുന്നത്. ദേഹത്തിന്റെ എല്ലാ ഭാഗങ്ങളുമായി – അരഭാഗം മുതല്‍ ശിരോഗ്രം വരെ- അതിനു നേരിട്ട് ബന്ധമുണ്ട്. ഈ നാഡിക്കുള്ളിലായി പരമമായ ഒരു ശക്തിവിശേഷം കുടികൊള്ളുന്നു.

‘കുണ്ഡലിനി എന്നാണിതിനു പേര്. അതിന്റെ വര്‍ത്തുളമായ രൂപമാണീ നാമത്തിനു കാരണം. എല്ലാ ജീവികളിലെയും പരമശക്തിയ്ക്ക് നിദാനമായിരിക്കുന്നത് ഇതാണ്. എല്ലാ ശക്തികളെയും ചടുലമാക്കുന്നത് കുണ്ഡലിനിയാണ്. ഹൃദയസ്ഥിതമായ പ്രാണന്‍ കുണ്ഡലിനിയില്‍ എത്തുമ്പോള്‍ അവിടെ പ്രകൃതിഘടകങ്ങളെക്കുറിച്ചുള്ള വിവരം ലഭിക്കുകയും തുടര്‍ന്ന് കുണ്ഡലിനി ചടുലമായി ചുരുള്‍നിവര്‍ന്ന്‍ അവബോധം അങ്കുരിക്കുകയും ചെയ്യുന്നു. മറ്റു ചൈതന്യവാഹികളായ നാഡികള്‍ കുണ്ഡലിനിയുമായി കൂട്ടിഘടിപ്പിച്ചതുപോലെയാണ് അവയുടെ പ്രവര്‍ത്തനം. ബോധത്തിന്റെയും അറിവിന്റെയും ജ്ഞാനത്തിന്റെയും ബീജമാണ് കുണ്ഡലിനി.