യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 422 – ഭാഗം 6 നിര്‍വാണ പ്രകരണം.

തത്പഞ്ചധാ ഗതം ദ്വിത്വം ലക്ഷ്യസേ ത്വം സ്വസംവിദം
അന്തര്‍ഭൂതവികാരാദി ദീപാദ്ദീപശതാം യഥാ (6/80/56)

രാമന്‍ ചോദിച്ചു: അനന്താവബോധം ഇപ്പോഴും അവിച്ഛിന്നമാണല്ലോ? അപ്പോള്‍പ്പിന്നെ ഈ കുണ്ഡലിനി ഉണര്‍ന്നുയര്‍ന്ന്‍ അതിന്റെ അവബോധം പ്രകടമാക്കുന്നതെങ്ങനെ?

വസിഷ്ഠന്‍ പറഞ്ഞു: തീര്‍ച്ചയായും എല്ലായിടത്തും എല്ലാക്കാലത്തും നിലനില്‍ക്കുന്നത് അനന്താവബോധം മാത്രമാണ്. എന്നാല്‍ അവിടവിടെ പല ഘടകങ്ങളായി ബോധം പ്രകടമാവുന്നു എന്ന് മാത്രം. സൂര്യരശ്മികള്‍ എല്ലാത്തിനെയും പ്രകാശിപ്പിക്കുന്നു. എന്നാല്‍ ആ രശ്മികള്‍ ഒരു കണ്ണാടിയില്‍ പതിക്കുമ്പോഴുള്ള പ്രതികരണം ഒന്ന് വേറെയാണല്ലോ? അതുപോലെ, അനന്തമായ അവബോധം ചിലതില്‍ നഷ്ടപ്രായമായും മറ്റുചിലതില്‍ പ്രകടമായും കാണപ്പെടുന്നു. ഇനിയും ചിലവയില്‍ ബോധം അതിന്റെ എല്ലാ മഹിമയോടും കൂടി പ്രത്യക്ഷമാവുന്നു.

ആകാശം, അല്ലെങ്കില്‍ നീശ്ശൂന്യത എല്ലായിടത്തും അത് മാത്രമാണ്. അതുപോലെ ബോധം എപ്പോഴും ബോധമാണ്. കാഴ്ചയില്‍ എങ്ങനെയായാലും അതിനു മാറ്റമൊന്നുമില്ല. ബോധം തന്നെയാണ് പഞ്ചഭൂതങ്ങള്‍ .

“നിന്നിലുള്ള അതേ ബോധം തന്നെയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന മൂലഘടകങ്ങളായ പഞ്ചഭൂതങ്ങളിലുമുള്ളത്. സ്വയമുള്ളില്‍ നാം നമ്മെത്തന്നെ കാണുന്നതുപോലെയും, ഒരേയൊരു ദീപത്തില്‍ നിന്നും നൂറു ദീപങ്ങള്‍ തെളിയിക്കുന്നതുപോലെയുമാണിത്.”

ചിന്തയിലെ ചെറിയൊരു ചലനംമൂലം ബോധമെന്ന സത്ത അഞ്ചു മൂലഘടകങ്ങളായി മാറി, അതില്‍നിന്നും ദേഹവും സംജാതമായി. അതുപോലെ, ഒരേ ബോധം തന്നെയാണ് പുഴുക്കളും പക്ഷിമൃഗാദികളും ലോഹധാതുക്കളും ഭൂമിയും ജലവും മറ്റെല്ലാമായി കാണപ്പെടുന്നത്.

ഈ പ്രപഞ്ചം എന്നത് ബോധമെന്ന ഊര്‍ജ്ജത്തിന്റെ ചലനമാണ്. അതാണ്‌ പഞ്ചഭൂതങ്ങളായി കാണപ്പെടുന്നത്. ചിലയിടങ്ങളില്‍ ഈ ഊര്‍ജ്ജം തികച്ചും ചൈതന്യവത്താണ്. മറ്റുചിലയിടങ്ങളില്‍ ആ ചൈതന്യം അത്ര പ്രകടമല്ലാതാനും. തണുത്ത കാറ്റില്‍ ജലം മഞ്ഞുകട്ടയാവുന്നു. പ്രകൃതി ഇങ്ങനെയാണ്‌ നിലവില്‍ വന്നത്. എല്ലാമെല്ലാം പ്രകൃതിയിലാണല്ലോ നിലകൊള്ളുന്നത്. ഇതെല്ലാം വെറും വാക്കുകളുടെ ഒരു കളി മാത്രമാണെന്ന് തിരിച്ചറിയുക. ചൂട്, തണുപ്പ്, മഞ്ഞുകട്ട, അഗ്നി, ഇവയെല്ലാം പ്രകൃതിയല്ലാതെ മറ്റെന്താണ്? അവയിലെ വ്യതിരിക്തത അവയില്‍ നാം ആരോപിക്കുന്ന ഉപാധികളെയും ചിന്തകളെയും ആശ്രയിച്ചിരിക്കുന്നു.
ജ്ഞാനി ഈ ഉപാധികളുടെ സ്വഭാവത്തെപ്പറ്റി – അവ മറഞ്ഞിരുന്നാലും തെളിഞ്ഞിരുന്നാലും, നല്ലതാണെങ്കിലും അല്ലെങ്കിലും – മനനം ചെയ്യുന്നു. അത്തരം മനനം പ്രയോജനപ്രദമാണ്. എന്നാല്‍ ഇവയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ആകാശത്തോടു മല്ലയുദ്ധം ചെയ്യുന്നതുപോലെ വിഫലമാണ്.

മറഞ്ഞിരിക്കുന്ന ഉപാധികള്‍ ചൈതന്യമില്ലാത്ത വസ്തുക്കളെ ഉണ്ടാക്കുന്നു. ചൈതന്യവത്തായ ഉപാധികള്‍ ദേവന്മാര്‍ക്കും, മനുഷ്യര്‍ക്കും മറ്റും നിദാനമാവുന്നു. ചിലതില്‍ ഈ ഉപാധികള്‍ ഘനസാന്ദ്രവും മറ്റു ചിലതില്‍ അത് മുക്തിസാധകവും, സൂക്ഷ്മവുമായിരിക്കും. ഉപാധികള്‍ ഒന്നുമാത്രമാണ് നാനാത്വഭാവത്തിനു കാരണം.

സൃഷ്ടിയുടെ, അതായത് വിശ്വമെന്ന വടവൃക്ഷത്തിന്റെ വിത്താണ് പ്രഥമചിന്ത. വൈവിധ്യമാര്‍ന്ന അതിന്റെ ശാഖകളില്‍ പൂത്തുതളിര്‍ത്തുണ്ടായ ഫലങ്ങളാണ് ഭൂതഭാവിവര്‍ത്തമാനങ്ങള്‍ . ഈ വൃക്ഷം പഞ്ചഭൂതാത്മകമത്രെ. പഞ്ചഭൂതങ്ങളോ, അവ സ്വയം ആവീര്‍ഭവിച്ചു, സ്വയമേവ തിരോഭവിക്കുന്നവയാണ്. അവ സ്വയം പലതായി വളര്‍ന്നു വികസിച്ച്, ഒടുവില്‍ ഒന്നുചേര്‍ന്ന്‍ പ്രശാന്തിയടയുന്നു.