മനസ്സുതന്നെ സംസാരം. മനസ്സിനെ ജയിക്കാതെ എത്രായിരം കൊല്ലങ്ങള്‍ ജീവിച്ചിട്ടും കാര്യമില്ല; സംസാരനിവൃത്തിയോ, വിശ്രാന്തിയോ കിട്ടുന്നില്ല. അതിനാല്‍ മനസ്സടങ്ങിയവര്‍തന്നെ മഹാത്മക്കള്‍. ചിത്തവിജയംകൊണ്ടു കൃതകൃത്യനായി വസ്തുസ്ഥിതിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന മഹാത്മാവിന് ത്രിമൂര്‍ത്തികള്‍പോലും അനുകമ്പ്യന്മാരാണെന്നു പറയണം. അതുപോലെ ചിത്തത്തിനും ഇന്ദ്രിയങ്ങള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ എത്രതന്നെ വലിയവനെന്നഭിമാനിച്ചാലും എത്രയോ നിസ്സാരനാണ്. ഇതിനെ ഉദാഹരിച്ചു കൊണ്ടു ഞാനൊരു കഥ പറയ‍ാം.

പ്രസിദ്ധമായ പാതാളലോകത്തു പണ്ടൊരുകാലത്തു ശംബരനെന്നു പ്രസിദ്ധനായൊരു അസുരചക്രവര്‍ത്തി വളര്‍ന്നുവന്നു. മഹാശക്തനും പലവിധമായശക്തികള്‍ക്കിരിപ്പിടവുമായ ആ അസുരപ്രമാണി മിക്കപ്പോഴും ദേവന്മാരെ ഉപദ്രവിച്ചുവന്നു. അതുകാരണത്താല്‍ ആര്‍ത്തന്മാരായ ദേവന്മാരും സന്ദര്‍ഭംനോക്കി ശംബരന്‍ ഉറങ്ങുമ്പോഴും ദേശാന്തരഗമനം ചെയ്യുമ്പോഴുമൊക്കെ പാതാളത്തില്‍ ചെന്ന് അയാളുടെ സൈന്യങ്ങളെ കഴിയുംപ്രകാരം കൊന്നുമുടിച്ചുവരികയും ചെയ്തു. അങ്ങനെ തന്റെ സേനാനായകന്മാരേയും മന്ത്രിമുഖ്യന്മാരേയും വലിയ സൈന്യസഞ്ചയത്തേയും കൊന്നൊടുക്കിയത് ദേവന്മാരെന്നുകണ്ട് ക്രുദ്ധനായ ശംബരന്‍ ഒരു സംഘം സൈന്യങ്ങളോടുകൂടി ഒരിക്കല്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു ചെന്നു ദേവന്മാരെ കഠിനമായി മര്‍ദ്ദിക്കുകയും ദിക്പാലഗൃഹങ്ങളെ ചുട്ടുപൊടിക്കുകയും നന്ദനവനത്തെ തല്ലി മുടിക്കുകയും ചെയ്തു.

നിസ്സഹായരും ആര്‍ത്തന്മാരുമായീത്തീര്‍ന്ന വൃന്ദാരകന്മാര്‍ സ്വര്‍ഗ്ഗലോകം വിട്ട് കാട്ടിലും മലയിലുമൊക്കെ തെണ്ടിനടക്കാന്‍ തുടങ്ങി. ആ ദശയിലും അവര്‍ തക്കംനോക്കി അസുരസൈന്യങ്ങളെ കൊന്നൊടുക്കാന്‍ ശ്രദ്ധിക്കാതിരുന്നില്ല. താന്‍ ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും തന്നെ ആശ്രയിക്കാതെ പിന്നെയും തന്നോടു പ്രതികാരം ചെയ്യുന്നുവല്ലോ ദേവന്മാരെന്നുകണ്ടു കുപിതനായ ശംബരന്‍ അമരന്മാരുടെ സകലശക്തികളും ക്ഷയിപ്പിക്കാന്‍വേണ്ടി ദാമന്‍, വ്യാളന്‍, കടന്‍ എന്നു പ്രസിദ്ധന്മാരായ മൂന്ന് അസുരന്മാരെ സൃഷ്ടിച്ചു. അവരാകട്ടെ ബ്രഹ്മത്തില്‍നിന്ന് ആദ്യമായുണ്ടായവരാണെന്ന കാരണത്താല്‍ അവരില്‍ അല്പം പോലും വാസനയുണ്ടായിരുന്നില്ല. ഞാന്‍ നീ, എന്റെ നിന്റെ എന്നീ രൂപത്തിലുള്ള അഭിമാനമോ ഭയം, വ്യസനം, ക്രോധം തുടങ്ങിയ വികാരങ്ങളോ ശത്രുമിത്രോദാസീനഭാവങ്ങളോ ഒണ്ടംതന്നെ അവര്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ അത്യന്തബലവാന്മാരും ആര്‍ക്കും അജയ്യന്മാരുമായിരുന്നു. അവരെക്കണ്ട ശംബരന്‍ പ്രസന്നനായി. സൈന്യങ്ങളോടുകൂടി പോയി യുദ്ധം ചെയ്ത ദേവന്മാരെ മുഴുവന്‍ കൊന്നൊടുക്കി വരാന്‍ കല്പിച്ചു ശംബരന്‍.

ഉത്സാഹശാലികളായ അവര്‍ക്കു ജീവിതം, മരണം, യുദ്ധം, സമാധാനം എന്നിങ്ങനെയുള്ള വ്യത്യാസങ്ങളൊന്നുമില്ല. അതിനാല്‍ മഹാരാജാവിന്റെ കല്പന കേള്‍ക്കേണ്ട താമസം ആര്‍ത്തുവിളിച്ച് അട്ടഹസിച്ചുകൊണ്ടു സൈന്യങ്ങളോടുകൂടി യുദ്ധത്തിനു പുറപ്പെട്ടു. ഭയങ്കരമായ അവരുടെ യുദ്ധത്തില്‍ പ്രബലന്മാരെങ്കിലും ദേവന്മാര്‍ തോല്ക്കുകയും ചെയ്തു. അവര്‍ ഭയപ്പെട്ടു പോര്‍ക്കളത്തില്‍ നിന്നോടി കാട്ടിലും ഗുഹയിലുമൊക്കെപോയി ഒളിക്കുകയും ചെയ്തു. അനന്തരം ആര്‍ത്തന്മാരായ ദേവന്മാര്‍ ബ്രഹ്മദേവന്റെ അടുക്കല്‍ ചെന്നു ദാമാദികളുടെ പരാക്രമത്തേയും ബലത്തേയും അറിയിച്ചു. അവരെ ജയിക്കാനുള്ള മാര്‍ഗ്ഗമുപദേശിക്കണമെന്നപേക്ഷിക്കുകയും ചെയ്തു. തുടര്‍ച്ചയായി പലപ്പോഴും യുദ്ധം ചെയ്കയും തോല്ക്കുമ്പോള്‍ ഭയപ്പെട്ടോടിപ്പോന്ന് ഒളിക്കുകയും ചെയ്തു കൊണ്ട് ഒരായിരം സംവത്സരം കഴിയുമ്പോള്‍ അവരെ ജയിക്കാന്‍ കഴിയുമെന്നു പറഞ്ഞുകൊടുക്കുകയും ചെയ്ത ബ്രഹ്മദേവന്‍, ദേവന്മാര്‍ ബ്രഹ്മദേവന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാനും തുടങ്ങി.

നിര്‍ഗ്ഗുണവും നിര്‍വ്വികാരവുമായ ബ്രഹ്മത്തില്‍ നിന്ന് അകാരണമായുണ്ടാവുന്ന തോന്നലാണല്ലോ ജീവത്വം. പ്രാരംഭദശയില്‍ അതു ബ്രഹ്മംപോലെത്തന്നെ നിര്‍വ്വികാരവും അഭിമാനരഹിതവുമായിരിക്കും. പിന്നീട് അഭ്യാസങ്ങളുടേയും സാഹചര്യങ്ങളുടേയും വളര്‍ച്ചയില്‍ക്കൂടെ വാസനയുണ്ടാവാനിടയാവുന്നു. വാസനകള്‍ നാനാമുഖങ്ങളായി വികസിക്കുമ്പോഴാണ് സുഖദുഃഖങ്ങളെപ്പറ്റിയും ജീവിതമരണങ്ങളെപ്പറ്റിയുമൊക്കെ അഭിമാനമുണ്ടാവുന്നത്. ആ സമ്പ്രദായം പറയപ്പെട്ട ദാമാദികളിലും അതുപോലെത്തന്നെ സംഭവിച്ചു. കുറച്ചധികം പ്രാവശ്യം ദേവന്മാരോടുകൂടി ചെയ്ത യുദ്ധത്തിന്റെ അഭ്യാസംകൊണ്ട് അവരില്‍ വാസനകളങ്കുരിച്ചു. അപ്പോള്‍ സുഖം വേണമെന്നും സുഖിക്കാന്‍ സമ്പത്തുണ്ടാക്കണമെന്നും ജീവിതത്തെ നിലനിര്‍ത്തണമെന്നും മരണം ആപല്‍ക്കരമാണെന്നുമൊക്കെ അവര്‍ക്ക് തോന്നല്‍തുടങ്ങി. അങ്ങനെയുള്ള ചിന്തകള്‍ വളര്‍ന്നു വികസിച്ചപ്പോള്‍ അവര്‍ ദുര്‍ബ്ബലന്മാരും ഭീരൂക്കളുമാവുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ ദേവന്മാര്‍ക്കുവരെ കൊല്ലാനും കഴിഞ്ഞു.

പ്രതിഭയുടെ സ്ഫുരണമാണ് വ്യക്തി. അല്ലാതെ പ്രത്യേകമായി ഒരു വസ്തുവോ ആളോ ഒന്നുമുണ്ടാവുന്നില്ല, എല്ല‍ാം പ്രതിഭയുടെ പല പ്രകാരത്തിലുള്ള സ്ഫുരണങ്ങള്‍ മാത്രമാണ്. അതെല്ല‍ാം ചിത്തത്തിലാണുതാനും. ദാമാദികളും മറ്റുള്ളവരുമെല്ല‍ാം അങ്ങനെത്തന്നെ. അതിനാല്‍ സ്വരൂപസ്മൃതിയുണ്ടാവുന്ന നിമിഷത്തില്‍ത്തന്നെ ഏതൊരാളും മുക്തനാവുന്നു. സ്വരൂപവിസ്മൃതിയുണ്ടാവുന്ന നിമിഷത്തില്‍ ബദ്ധനുമാവുന്നു. എപ്പോഴും സ്വരൂപവിസ്മൃതിയില്ലാതായാല്‍ നിത്യമുക്തനായി. എപ്പോഴും സ്വരൂപസ്മൃതിയില്ലാതായാല്‍ നിത്യമുക്തനായി. എപ്പോഴും സ്വരൂപസ്മൃതിയില്ലെങ്കില്‍ നിത്യബദ്ധനുമാവും. അതിനാല്‍ എല്ല‍ാം പ്രതിഭാസ്ഫുരണങ്ങളും കേവലം കല്പനാമാത്രങ്ങളുമാണ്. ഹേ രാമ! ഈ ബോധമുള്ളൊരാള്‍ക്കെന്തു ബന്ധമാണ്!

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.