യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 430 – ഭാഗം 6 നിര്‍വാണ പ്രകരണം.

ഉവാച ചാത്മനൈവാഹോ യാവജ്ജീവം ശരീരിണാം
ന സ്വാഭാവഃ ശമം യാതി മമാപ്യുത്കണ്ഠിതം മനഃ (6/85/29)

വസിഷ്ഠന്‍ തുടര്‍ന്നു: പ്രിയതമന്‍ കൊട്ടാരം വിട്ടുപോയി എന്ന്‍ ചൂഡാല നടുക്കത്തോടെ മനസ്സിലാക്കിയാണ് ഉറക്കമുണര്‍ന്നത്. തന്റെ ഭര്‍ത്താവിന്റെ സവിധമാണ് തനിക്കും അഭികാമ്യം എന്നവള്‍ക്ക് തോന്നി. പെട്ടെന്ന്‍ സൂക്ഷ്മരൂപമെടുത്ത്‌ ഒരു ജനാലവഴി ആകാശമാര്‍ഗ്ഗേ അവള്‍ പ്രിയതമനെ തേടിപ്പോയി. വനത്തില്‍ അലഞ്ഞു നടക്കുന്ന ശിഖിധ്വജനെ അവള്‍ കണ്ടു. എന്നാല്‍ അയാള്‍ക്ക് മുന്നില്‍ ഇറങ്ങുന്നതിനു മുന്‍പേ യോഗശക്തിയാല്‍ ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ചൂഡാല മനക്കണ്ണുകൊണ്ട് മനസ്സിലാക്കി.

സൂക്ഷ്മമായ വിശദവിവരങ്ങളടക്കം ഭാവിദൃശ്യങ്ങള്‍ അവള്‍ക്ക് മുന്നില്‍ കാണായി. അനിവാര്യതയെ മുന്നില്‍ക്കണ്ട് അവള്‍ കാട്ടില്‍ നിന്നും കൊട്ടാരത്തില്‍ മടങ്ങിയെത്തി. മഹാരാജാവ് അത്യാവശ്യമൊരു കാര്യത്തിനായി ദൂരേയ്ക്ക് പോയിരിക്കുന്നു എന്നും താന്‍ ഇനി രാജകാര്യങ്ങള്‍ ഏറ്റെടുക്കുകയാണെന്നും രാജ്ഞി പ്രഖ്യാപിച്ചു. പതിനെട്ടു കൊല്ലക്കാലം അവര്‍ അങ്ങനെ പരസ്പരം കാണാതെ കഴിഞ്ഞു.

ശിഖിധ്വജനില്‍ വാര്‍ദ്ധക്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ആയിടയ്ക്ക് ചൂഡാല തന്റെ പ്രിയതമന്റെ മനസ്സ് പരിപക്വമായതായി അകക്കണ്ണില്‍ ദര്‍ശിച്ചു. അദ്ദേഹത്തിന് ആത്മസാക്ഷാത്കാരം ലഭിക്കാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാനുറച്ച് അവള്‍ ഒരു രാത്രി കൊട്ടാരം വിട്ട് അദ്ദേഹമിരുന്ന വനത്തിലേയ്ക്ക് പറന്നു.

ആകാശമാര്‍ഗ്ഗത്തില്‍ യക്ഷകിന്നരന്മാരെയും മാമുനിമാരെയും രാജ്ഞി കാണുകയുണ്ടായി. മേഘപാളികള്‍ക്കിടയിലൂടെ സ്വര്‍ഗ്ഗീയസുഗന്ധം ആസ്വദിച്ചുകൊണ്ട്‌ തന്റെ ഭര്‍ത്താവിനെ സന്ധിക്കാനവള്‍ സന്തോഷത്തോടെ പറന്നു. തുടിച്ചുകൊണ്ടിരുന്ന തന്റെ മനസ്സിന്റെ അവസ്ഥയെപ്പറ്റി ബോധവതിയായ രാജ്ഞി ഇങ്ങനെ പറഞ്ഞു: അഹോ ഇതാണ് ദേഹസ്ഥമായ ജീവന്റെ സ്ഥിതി. ഒരുവന്റെ പ്രകൃതിയ്ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. എന്റെമനസ്സു പോലും എന്താണിങ്ങനെ തുടിക്കുന്നത്?’ അല്ലെങ്കില്‍ മനസ്സേ, നീ നിന്റെ പ്രിയനെക്കാണാനാണോ ഇങ്ങനെ പ്രകമ്പിതമാവുന്നത്? അല്ലെങ്കിലും എന്റെ ഭര്‍ത്താവിപ്പോള്‍ എന്നെയും രാജ്യത്തെയും എല്ലാം മറന്നിട്ടുണ്ടാവും. തപസ്സു തുടങ്ങി ഇത്ര നാളുകള്‍ കഴിഞ്ഞല്ലോ. അങ്ങനെയാണെങ്കില്‍, അദേഹത്തെ കാണാനുള്ള നിന്റെ ഈ തുടിക്കല്‍ വെറുതെയാണ്. എന്നാല്‍ അദ്ദേഹത്തില്‍ സമതുലിതാവസ്തയുടെ ഭാവം ഞാന്‍ പകര്‍ന്നുകൊടുക്കും. എന്നിട്ട് ഞങ്ങള്‍ ഒരുമിച്ചു ഏറെക്കാലം ആ ഭാവത്തില്‍ ഒരുമിച്ചുതന്നെ കഴിയും. സമതാഭാവത്തിലുണ്ടാവുന്ന തുഷ്ടിയുടെയും പ്രീതിയുടെയും തലം മറ്റേതൊരു സുഖത്തേക്കാളും ഉത്തമമാണ്.

ഇങ്ങനെ ചിന്തിച്ചുറച്ച് ചൂഡാല മന്ദരപര്‍വ്വതത്തിനടുത്തെത്തി. ആകാശത്തില്‍ നിന്നുകൊണ്ടുതന്നെ തന്റെ പ്രിയതമനെ മറ്റൊരാളെന്നപോലെ അവള്‍ കണ്ടു. രാജകീയമായ ആടയാഭരണങ്ങള്‍ അണിഞ്ഞിരുന്ന രാജാവിപ്പോള്‍ വെറും മരവുരിയണിഞ്ഞ് എല്ലും തോലുമായി ഇരിക്കുന്നു. ജടപിടിച്ച മുടി. ഉണങ്ങിവരണ്ടും, മഷിപ്പുഴയില്‍ കുളിച്ചതുപോലെ കറുത്തുമാണ് ചര്‍മ്മം. ഈ കോലം കണ്ടു രാജ്ഞിയ്ക്ക് വിഷമമായി. ‘ഇതല്ലേ വിഡ്ഢിത്തം? രാജാവ് ഈ സ്ഥിതിയിലെത്തിയല്ലോ? മൂഢതയല്ലാതെ മറ്റെന്താണിത്? സ്വന്തം ഭ്രമമാണ് അദ്ദേഹത്തെ ഇങ്ങനെയുള്ള എകാന്തവാസത്തിനും കഠിനതപസ്സിനും പ്രേരിപ്പിച്ചത്. അദ്ദേഹത്തെ ഇപ്പോള്‍ത്തന്നെ ഞാന്‍ പ്രബുദ്ധതയിലേയ്ക്ക് ആനയിക്കുന്നതാണ്. മറ്റൊരു വേഷത്തില്‍ അദ്ദേഹത്തിനു മുന്നില്‍ ചെല്ലുകതന്നെ.’