യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 445 – ഭാഗം 6 നിര്‍വാണ പ്രകരണം.

തത്സാരമേകമേവേഹ വിദ്യതേ ഭൂപതേ തതം
എകമേകാന്തചിത്കാന്തം നൈകമപ്യദ്വിതാവശാത് (6/96/24)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ ആത്മീയമായി ഉണര്‍ന്ന ശിഖിധ്വജന്‍ പെട്ടെന്ന് തന്നെ തീവ്രധ്യാനത്തില്‍ ആമഗ്നനായി. എന്നാല്‍ ആ ധ്യാനത്തില്‍ നിന്നും കുംഭന്‍ അദ്ദേഹത്തെ കളിപറഞ്ഞുണര്‍ത്തി. ‘രാജാവേ, അങ്ങ് പ്രബുദ്ധനായിക്കഴിഞ്ഞു. ഉണര്‍ന്നാലും.’

ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്തായാലും ചെയ്തുതന്നെ തീരണം. ലോകം എന്ന കാഴ്ച ഉണ്ടെങ്കിലും ഇല്ലെങ്കിലും അവനവന്റെ കര്‍ത്തവ്യം നിറവേറ്റുക തന്നെ വേണം. ഒരിക്കല്‍ ആ പരമപ്രകാശം – ആത്മതേജസ്സ് കാണാന്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ അനഭിമതങ്ങളില്‍ നിന്നും ഉപാധികളില്‍ നിന്നും ക്ഷണത്തില്‍ മോചനമായി. ജീവിച്ചിരിക്കെ മുക്തനുമായി.’

ആത്മപ്രകാശത്തിന്റെ പ്രഭയില്‍ തിളങ്ങിനിന്ന ശിഖിധ്വജന്‍ വീണ്ടും കുംഭനോട് കൂടുതല്‍ അറിവ് പകര്‍ന്നുതരാന്‍ അഭ്യര്‍ഥിച്ചു. ‘സത്യം വാസ്തവത്തില്‍ അവിച്ഛിന്നമായ അനന്താവബോധമാണെന്നിരിക്കെ എങ്ങനെയാണ് ദൃക്, ദൃശ്യം, ദൃഷ്ടി എന്നീ ത്രിപുടികള്‍ അതില്‍ ഉയര്‍ന്നുവരുന്നത്?

കുംഭന്‍ പറഞ്ഞു: നല്ല ചോദ്യം, മഹാരാജന്‍. ഇതാണ് അങ്ങില്‍ അറിയാനായി ഇനി ബാക്കിയുള്ളത്. ഈ ലോകചക്രം അവസാനിക്കുമ്പോള്‍ അവശേഷിക്കുന്നത് സത്ത് മാത്രമായിരിക്കും. അത് പ്രകാശമോ ഇരുട്ടോ അല്ല. അത് ശുദ്ധമായ അവബോധമാണ്. പരമപ്രശാന്തവും അനന്തവുമാണത്. അത് ബുദ്ധിപരമായ അറിവിനും യുക്തിയ്ക്കും അതീതമാണ്. അതാണ്‌ ബ്രഹ്മം അല്ലെങ്കില്‍ നിര്‍വ്വാണപദം. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ വിശ്വം വെറും ഒരണു മാത്രം. ‘ഞാന്‍’ എന്ന് സ്ഫുരിക്കുന്നതും വിശ്വാത്മാവായി തുടിക്കുന്നതും വിശ്വമായി നിലനില്‍ക്കുന്നതും അത് തന്നെ.

വിശ്വത്തിന്റെ ആത്മാവും വിശ്വവും അഭിന്നമാണ്. കാറ്റും അതിന്റെ ചലനവും തമ്മില്‍ ഭിന്നതയൊന്നുമില്ലല്ലോ? കടലിലെ ജലവും അലകളും തമ്മില്‍ കാലദേശാദിയായ കാര്യകാരണബന്ധമുണ്ടെന്നു ചിലര്‍ പറയുന്നു. എന്നാല്‍ വിശ്വത്തിന്റെ ആത്മാവും അനന്തതയും തമ്മില്‍ അങ്ങനെയൊരു ബന്ധമില്ല. വിശ്വത്തിനു കാരണമില്ല. (കാര്യമില്ല എന്നതുകൊണ്ട്‌). ആ അനന്താവബോധത്തില്‍ വിശ്വം വെറുമൊരു ധൂളീകണമായി പാറി നടക്കുന്നു. അതില്‍ ലോകമെന്ന വാക്ക് യാഥാതഥമായിമാറി പ്രത്യക്ഷപ്പെടുന്നു.

“അനന്തമായ ബോധം മാത്രമാണ് ഉണ്മ. അത് സര്‍വ്വവ്യാപകമാണ്. എകമാണത്, ബോധമാണത്. അതെല്ലാത്തിനെയും സമഞ്ജസമായി ചേര്‍ത്തുവയ്ക്കുന്നു. എങ്കിലും അതിനെ ‘ഒന്ന്‍’ എന്ന് പറഞ്ഞു കൂടാ. കാരണം അതില്‍ ഭിന്നതയോ വിഭജനസാദ്ധ്യതയോ വൈവിദ്ധ്യതയോ ഇല്ലല്ലോ.”

അതിനാല്‍ ആത്മാവ് മാത്രമാണ് സത്യമായുള്ളത് എന്നറിയുക. ദ്വന്ദതയെന്ന ധാരണ ഉള്ളില്‍ ഉണരാതിരിക്കട്ടെ. എല്ലായിടത്തും ഭിന്നരൂപങ്ങളില്‍ കാണപ്പെടുന്നത് അത് മാത്രമാണ്. അത് ഇന്ദ്രിയഗോചരമല്ല. മനസ്സിന് പ്രാപ്യമല്ല. അത് നേടിയെടുക്കാനുള്ള വസ്തുവല്ല. അതിനാല്‍ അതൊരിക്കലും കാര്യമോ കാരണമോ അല്ല. അതീവ സൂക്ഷ്മമാണത്. അത് അനുഭവിക്കുന്നവനും അനുഭവത്തിനും അതീതമായ ശുദ്ധാനുഭവമാണ്. ഇങ്ങനെയതിനെ വിശദീകരിക്കുമ്പോഴും അത് വിവരണാതീതമാണെന്നറിയുക. അത് ‘ഇതാ’ണെന്നോ, ‘ഇത്’ അല്ലെന്നോ പറയുക വയ്യ. അപ്പോള്‍പ്പിന്നെ സൃഷ്ടിയ്ക്ക് കാരണമായി അതിനെ എങ്ങനെ പറയും?