യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 451 – ഭാഗം 6 നിര്‍വാണ പ്രകരണം.
വാസനാത്മസു യാതേഷു മലേഷു വിമലം സഖേ
യദ്വക്തി ഗുരുരന്തസ്ഥദ്വിശതീഷൂര്‍യഥാ വിസേ (6/101/14)
കുംഭന്‍ പറഞ്ഞു: അങ്ങയുടെ ഉള്ളം ആത്മീയമായി ഉണര്‍ന്നിരിക്കുന്നു. അറിയേണ്ടതെല്ലാം അറിഞ്ഞിരിക്കുന്നു. കാണേണ്ടത് കണ്ടിരിക്കുന്നു.
ശിഖിധ്വജന്‍ പറഞ്ഞു: ശരിയാണ് മഹാത്മന്‍. അങ്ങയുടെ കാരുണ്യംമൂലം ഞാനാ പരമപദം ദര്‍ശിച്ചു. എന്തുകൊണ്ടാണീ പരമവിജ്ഞാനം ഇതുവരെ എനിക്ക് പിടിതരാതെ ഒഴിഞ്ഞുമാറി നില്‍ക്കാന്‍ കാരണം?
കുംഭന്‍ പറഞ്ഞു: മനസ്സ് അതിപ്രശാന്തമായിരിക്കുകയും, എല്ലാ ആശകളും അസ്തമിക്കുകയും, ഇന്ദ്രിയങ്ങള്‍ അവയുടെ നിറഭേദങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഗുരുവാക്യം ഒരുവനില്‍ ശരിയായി പതിയുകയുള്ളൂ. എന്നാല്‍ അതിനുമുന്‍പുള്ള പ്രവര്‍ത്തനങ്ങള്‍ വൃഥാവിലല്ല. ആ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂവണിഞ്ഞു എന്ന് കണക്കാക്കിയാല്‍ മതി. അങ്ങയുടെ ശരീരങ്ങളിലെ (കാരണശരീരം, ഭൌതീകശരീരം) അശുദ്ധിയെല്ലാം നീക്കപ്പെട്ടിരിക്കുന്നു.
“അങ്ങനെയൊരാള്‍ എല്ലാ മനോപാധികളില്‍നിന്നും മുക്തനായി, നിര്‍മ്മലനായിരിക്കുമ്പോള്‍ ഗുരുവാക്യങ്ങള്‍ അയാളുടെ അന്തഃചേതനയില്‍ ചെന്ന് ചേരുന്നത് താമരപ്പൂക്കുലയില്‍ ഒരമ്പു കൊള്ളുംപോലെ ആയാസരഹിതമായാണ്.” അങ്ങ് ആ നിലയിലുള്ള നിര്‍മ്മലതയെ പ്രാപിച്ചിരിക്കുന്നു. എന്റെ പ്രഭാഷണം അങ്ങയെ പ്രബുദ്ധമാക്കുവാന്‍ കാരണം അതാണ്. അങ്ങിലെ അജ്ഞത തീരെ ഇല്ലാതായിരിക്കുന്നു. നമ്മുടെ സത്സംഗം അങ്ങിലെ കര്‍മ്മവാസനകളെ തീര്‍ത്തും ഇല്ലാതാക്കിയിരിക്കുന്നു.
ഇന്ന് രാവിലെ വരെ അങ്ങ് ‘ഞാന്‍’, ‘നീ’, എന്നീ തെറ്റിദ്ധാരണകള്‍ക്ക് വശംവദനായിരുന്നുവല്ലോ. എന്റെ വാക്കുകള്‍ കേട്ട് അങ്ങ് ‘നിര്‍മ്മന’മെന്ന അവസ്ഥയെ പ്രാപിച്ചിരിക്കുന്നു. മനസ്സുള്ളിടത്തോളമേ അജ്ഞാനത്തിനു നിലനില്‍പ്പുള്ളൂ. അങ്ങ് മുക്തിപദത്തെ പ്രാപിച്ചിരിക്കുന്നു. ആ അനന്തമായ ബോധതലത്തില്‍ ആകുലതകളൊഴിഞ്ഞ്, എല്ലാ നേട്ടങ്ങള്‍ക്കായുള്ള ശ്രമങ്ങളും ഉപേക്ഷിച്ച് നിലകൊണ്ടാലും.
ശിഖിധ്വജന്‍ ചോദിച്ചു: മഹാത്മന്‍, മുക്തനിലും മനസ്സുണ്ടോ? അതില്ലാതെ അയാളെങ്ങനെ ലൌകീകജീവിതത്തില്‍ പങ്കാളിയാകും?
കുംഭന്‍ പറഞ്ഞു: സത്യത്തില്‍ മുക്തനില്‍ മനസ്സില്ല. എന്താണ് മനസ്സ്? അത് മനോപാധികളാണ്. അത് പരിമിതികളാണ്. മുക്തന് ജനനമരണചക്രങ്ങള്‍ക്ക് കാരണമായ മനസ്സില്ല. മുക്തരായ മാമുനിമാരുടെ അവസ്ഥ അതാണ്. ഉപാധിരഹിതമായ മനസ്സാണ് അവര്‍ക്കുള്ളത്. അതിനാല്‍ അവര്‍ക്ക് പുനര്‍ജന്മങ്ങളില്ല. അത് വാസ്തവത്തില്‍ മനസ്സല്ല. ശുദ്ധസത്വമാണത്.
മുക്തന്‍ വിരാജിക്കുന്നത് ഈ സത്വത്തിലാണ്. മനസ്സിലല്ല. അജ്ഞാനിയുടെ ജഡമനസ്സാണ് മനസ്സ്. ജ്ഞാനിയുടേത് സത്വമാണ്. ജ്ഞാനി സത്വത്തിലും അജ്ഞാനി മനസ്സിലും ജീവിക്കുന്നു.