ഡൗണ്‍ലോഡ്‌ MP3

സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യ‍ാം
നിര്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം |
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ത്ഥകം ബ്രഹ്മ തത്വം
തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാന‍ാം || 1 ||

നിത്യവും പൂ‍ര്‍ണ്ണവുമായ ആനന്ദം, ജ്ഞാനം ഇവയാകുന്ന സ്വരുപത്തോടുകൂടിയതും ഉപമയില്ലാത്തതും കാലം, ദേശം ഇവയെക്കൊണ്ടുള്ള അവധികളോടു വേര്‍പെട്ടതും മായ, തല്‍ക്കാര്യങ്ങളായ ദേഹാദിക‍ള്‍ ഇവയില്‍നിന്നു എന്നും മുക്തമായിട്ടുള്ളതും അനവധി വേദോപനിഷദ്വാക്യങ്ങളാല്‍ അത്യധികം പ്രകാശിപ്പിക്കപ്പെട്ടതും സ്പഷ്ടമല്ലാത്തതും ദര്‍ശിക്കപ്പെട്ട ക്ഷണത്തില്‍തന്നെ പരമപുരുഷാര്‍ത്ഥമായ മോക്ഷമായ സ്വരുപത്തോടുകൂടിയതും പരമാര്‍ത്ഥമായി സ്ഥിതിചെയ്യുന്നതുമായ ബ്രഹ്മം എന്ന യാതൊന്നുണ്ടോ അതുതന്നെയാണ് ഗുരുവായുപുരമഹാക്ഷേത്രത്തില്‍ പ്രത്യക്ഷമായി വിളങ്ങുന്നത്. ജനങ്ങളുടെ ഭാഗ്യവിശേഷംതന്നെ !

ഏവംദുര്‍ലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്ധേ യദന്യത്
തന്വാ വാചാ ധിയാ വാ ഭജതി ബത ജന: ക്ഷുദ്രതൈവ സ്ഫുടേയം |
ഏതേ താവദ്വയം തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ
നിശ്ശേഷാത്മാനമേനം ഗുരുപവനപുരാധീശമേവാശ്രയാമ: || 2 ||

ഇപ്രകാരം വളരെ പ്രയാസപ്പെട്ടുമാത്രം ലഭിക്കപ്പെടാവുന്ന വസ്തുവാണെങ്കിലും വളരെ ഏളുപ്പത്തില്‍ കയ്യി‍ല്‍ കിട്ടിയിട്ടുംകൂടി ജനങ്ങ‍ള്‍ മറ്റു ദേവന്മാരെ ശരീരംകൊണ്ടോ, വാക്കുകൊണ്ടോ, ബുദ്ധികൊണ്ടോ സേവിക്കുന്നു (ആശ്രയിക്കുന്നു) എന്നത് ശോചനീയംതന്നെ; ഇതു സ്പഷ്ടമായിട്ടുള്ള അവിവേകംതന്നെയാണ്; ഈ ഞങ്ങളാകട്ടെ സകല ദുഃഖങ്ങളുടേയും വിനാശത്തിനായി ദൃഢചിത്തത്തോടുകൂടി സര്‍വ്വത്മകനായ ഈ ഗുരുവായൂര്‍പുരാധീശനെത്തന്നെ ആശ്രയിക്കുന്നു.

സത്വം യത്തത് പരാഭ്യാമപരികലനതോ നിര്‍മലം തേന താവത്
ഭൂതൈര്ഭൂതേന്ദ്രിയൈസ്തേ വപുരിതി ബഹുശ: ശ്രൂയതേ വ്യാസവാക്യം |
തത് സ്വച്ഛ്ത്വാദ്യദാച്ഛാദിത പരസുഖ ചിദ്ഗര്‍ഭ നിര്‍ഭാസരൂപം
തസ്മിന്‍ ധന്യാ രമന്തേ ശ്രുതിമതിമധുരേ സുഗ്രഹേ വിഗ്രഹേ തേ || 3 ||

ഇതരങ്ങളായ രജസ്തമോഗുണങ്ങളോടു ഇടകലരാത്തതുകൊണ്ട് പരിശുദ്ധമായിരിക്കുന്ന ആ സത്വഗുണം യതൊന്നോ, അതുകൊണ്ടുതന്നെ ഉണ്ടായിട്ടുള്ള പഞ്ചഭൂതങ്ങളാലും പതിനൊന്നിന്ദ്രിയങ്ങളാലുമാണ് അങ്ങയുടെ കോമളവിഗ്രഹം രചിക്കപ്പെട്ടിരിക്കുന്നതെന്ന് വേദവ്യാസവചനങ്ങള്‍ പുരാണങ്ങളി‍ല്‍ പല സ്ഥലങ്ങളിലും കേള്‍ക്കപ്പെടുന്നു. അതിനി‍ര്‍മ്മലമായിരിക്കുന്നതുകൊണ്ട് മറയ്ക്കപ്പെടാത്തതായ ചിദാനന്ദരസം അന്ത‍ര്‍ഭാഗത്തി‍ല്‍ വഹിക്കുന്നതും അക്കാരണത്താല്‍തന്നെ പ്രകാശസ്വരുപവുമായ വിഗ്രഹം യാതൊന്നാണോ ചെവിക്കും മനസ്സിനും അത്യാനന്ദം നല്‍ക്കുന്നതും എളുപ്പത്തി‍ല്‍ ഗ്രഹിക്കപ്പെടാവുന്നതുമായ അങ്ങയുടെ ആ മോഹനസ്വരുപത്തി‍ല്‍ സുകൃതംചെയ്ത‌വ‍ര്‍ രമിക്കുന്നു.

നിഷ്കമ്പേ നിത്യപൂര്‍ണ്ണേ നിരവധിപരമാനന്ദപീയൂഷരൂപേ
നിര്‍ലീനാനേകമുക്താവലിസുഭഗതമേ നിര്‍മലബ്രഹ്മസിന്ധൗ |
കല്ലോലോല്ലാസതുല്യം ഖലു വിമലതരം സത്വമാഹുസ്തദാത്മാ
കസ്മാന്നോ നിഷ്കലസ്ത്വം സകല ഇതി വചസ്ത്വത്കലാസ്വേവ ഭൂമ‌ന്‍ || 4 ||

അചഞ്ചലവും എങ്ങും നിറഞ്ഞിരിക്കുന്നതും അവധിയില്ലാത്ത പരമാനന്ദാമൃതരസമാകുന്ന സ്വരുപത്തോടുകൂടിയതും ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന മുത്തുകളുടെ (ഉള്ളില്‍ ലയിച്ചിരിക്കുന്ന മുക്തന്മാരുടെ) സമൂഹത്താ‍ല്‍ അതിമനോഹരവുമായ നി‍ര്‍മ്മലമായിരിക്കുന്ന ബ്രഹ്മമാകുന്ന സമുദ്രത്തി‍ല്‍ പരിശുദ്ധമായ സത്വം എന്ന ഗുണം തിരമാലയുടെ ലീലവിലാസത്തിനു തുല്യമായിട്ടുള്ളതുതന്നെയാണ് എന്ന് പൂ‍ര്‍വ്വചാ‍ര്യന്മാ‍ര്‍ പറയുന്നു; അപ്രകാരമുള്ള ശുദ്ധസത്വസ്വരുപിയായ അങ്ങ് എന്തുകൊണ്ട് നിഷ്ക്കളങ്കനായി ഭവിക്കുന്നില്ല (തീര്‍ച്ചയായും നിഷ്ക്കളന്‍തന്നെ) പരിപൂര്‍ണ്ണനായ ഭഗവാ‍ന്‍‍! സകളന്‍ (അപരിപൂ‍ര്‍ണ്ണ‍‍ന്‍‍ ‍) എന്ന വചനം അങ്ങയുടെ അംശങ്ങളില്‍തന്നെയാണ് പ്രയോഗിക്കപ്പെടുന്നത്.

നിര്‍വ്യാപാരോപി നിഷ്കാരണമജ ഭജസേ യത്ക്രിയാമീക്ഷണാഖ്യ‍ാം
തേനൈവോദേതി ലീനാ പ്രകൃതിരസതികല്പാപി കല്പാദികാലേ|
തസ്യാ: സംശുദ്ധമംശം കമപി തമതിരോധായകം സത്വരൂപം
സ ത്വം ധൃത്വാ ദധാസി സ്വമഹിമ വിഭവാകുണ്ഠ വൈകുണ്ഠ രൂപം || 5 ||

ഉള്‍പത്തിനാശരഹിതനായ ഹേ ഭഗവ‍ന്‍! അങ്ങ് യാതൊരു ക്രിയയും ഇല്ലാത്തവനായിരുന്നിട്ടും സൃഷ്ടിയുടെ ആരംഭകാലത്തില്‍ യാതൊരു കാരണവുമില്ലാത്ത ഈക്ഷണം (മായപ്രേരണം) എന്നുപറയപ്പെടുന്ന പ്രവൃത്തിയെ സ്വീകരിക്കുന്നു എന്നതൊന്നുകൊണ്ടുതന്നെ അങ്ങയി‍ല്‍ ലയിച്ചിരിക്കുന്ന മായ സ്ഥിതിചെയ്യാത്തതുപോലെ തോന്നുന്നതാണെങ്കിലും വ്യക്തമായി ഭവിക്കുന്നു. തന്റെ മഹിമയുടെ വൈഭവംകൊണ്ട് തടയപ്പെടാത്ത ചിച്ഛക്തിയോടുകൂടിയ ജാഗരൂകനായ ഭഗവന്‍! അപ്രകാരം മായാപ്രേരകനായ അങ്ങ് ഒന്നിനേയും മറയ്ക്കാത്തതും പരിശുദ്ധവും സത്വഗുണാത്മകവുമായ മുന്‍പറയപ്പെട്ട ആ മായയുടെ നിര്‍വചിക്കുവാ‍ന്‍ കഴിയാത്തതായ ഒരു അംശത്തെ സ്വീകരിച്ചിട്ട് ദിവ്യകോമളമായ അങ്ങയുടെ സ്വരുപത്തെ ധരിക്കുന്നു.

തത്തേ പ്രത്യഗ്രധാരാധരലളിതകളായാവലീകേളികാരം
ലാവണ്യസ്യൈകസാരം സുകൃതിജനദൃശ‍ാം പൂര്‍ണ്ണപുണ്യാവതാരം |
ലക്ഷ്മീനിശ്ശങ്കലീലാനിലയനമമൃതസ്യന്ദസന്ദോഹമന്ത:
സിഞ്ചത് സഞ്ചിന്തകാന‍ാം വപുരനുകലയേ മാരുതാഗാരനാഥ || 6 ||

ഗുരുവായുര്‍പുരേശ! പുതിയ കാ‍ര്‍മുകിലെന്നപോലെ രമ്യവും കായമ്പൂമലര്‍നിരയുടെ ലീലാവിലാസത്തെ ചെയ്യുന്നതും സൗന്ദര്യത്തിന്റെ പരമസാര‍ാംശമായിരിക്കുന്നതും പുണ്യംചെയ്തവരുടെ കണ്ണുകള്‍ക്ക് പുണ്യങ്ങളുടെ പരിപൂര്‍ണ്ണാവതാരമായിട്ടുള്ളതും ലക്ഷ്മീദേവിക്ക് ശങ്കകൂടാതെ കളിയാടുന്നതിനുള്ള കേളീഗൃഹമായിട്ടുള്ളതും നിഷ്ഠയോടുകൂടി ധ്യാനിക്കുന്നവരുടെ ഹൃദയത്തില്‍ ബ്രഹ്മാനന്ദമായ അമൃതധാരയെ വര്‍ഷിക്കുന്നതുമായ അങ്ങയുടെ ആ മംഗളവിഗ്രഹത്തെ ഞാ‍ന്‍ ഇടവിടാതെ ധ്യാനിക്കുന്നു.

കഷ്ടാ തേ സൃഷ്ടിചേഷ്ടാ ബഹുതരഭവഖേദാവഹാ ജീവഭാജാ-
മിത്യേവം പൂര്വമാലോചിതമജിത മയാ നൈവമദ്യാഭിജാനേ|
നോചേജ്ജീവാ: കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാര്‍ദ്രം
നേത്രൈ: ശ്രോത്രൈശ്ച പീത്വാ പരമരസസുധാമ്ഭോധിപൂരേ രമേരന്‍ I|7||

മായയാല്‍ ജയിക്കപ്പെടാത്ത ഹേ ഭഗവ‍ന്‍! ജീവികള്‍ക്ക് പലതരത്തിലുള്ള സംസാരദുഃഖങ്ങളെ ഉണ്ടാക്കുന്ന അങ്ങയുടെ സൃഷ്ടിയാകുന്ന പ്രവൃത്തി വളരെ കഠിനമായിട്ടുള്ളതാണ് എന്നിപ്രകാരം എന്നാല്‍ മുമ്പ് വിചാരിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴാവട്ടെ അപ്രകാരം ഞാന്‍ വിചാരിക്കുന്നില്ല. അപ്രകാരം അങ്ങ് സൃഷ്ടിചെയ്തിരുന്നുവെങ്കി‍ല്‍ ജീവിക‍ള്‍ ചിദാനന്ദരസാമൃതംകൊണ്ട് ആര്‍ദ്രവും അതിമനോഹരവുമായ ഈ അങ്ങയുടെ ദിവ്യശരീരം കണ്ണുകള്‍കൊണ്ടും ചെവികളെകൊണ്ടും പാനംചെയ്തിട്ട് പരമാനന്ദരസാമൃതാബ്ധിയില്‍ എങ്ങനെ രമിക്കുവാനിടയാകും?

നമ്രാണ‍ാം സന്നിധത്തേ സതതമപി പുരസ്തൈരനഭ്യര്‍ത്ഥിതാന –
പ്യര്‍ത്ഥാന്‍ കാമാനജസ്രം വിതരതി പരമാനന്ദസാന്ദ്ര‍ാം ഗതിം ച |
ഇത്ഥം നിശ്ശേഷലഭ്യോ നിരവധികഫല: പാരിജാതോ ഹരേ ത്വം
ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യര്‍ത്ഥമര്‍ത്ഥിവ്രജോയം || 8 ||

കേവലം നമസ്കാരംകൊണ്ട് വണങ്ങുന്നവരുടെ മുമ്പില്‍കൂടി എല്ലായ്പോഴും പ്രത്യക്ഷമാകുന്നു; അവരാല്‍ അപേക്ഷിക്കപ്പെടാതെതന്നെ അഭീഷ്ടങ്ങളായ പുരുഷാര്‍ത്ഥങ്ങളെ ഇടവിടാതെ പൊഴിക്കുന്നു (നല്‍ക്കുന്നു) പരമാനന്ദസാന്ദ്രമായ ഗതിയേയും (മോക്ഷത്തേയും) നല്‍ക്കുന്നു. ഹരേ! സാക്ഷാല്‍ കല്പകവൃക്ഷമായ അങ്ങ് ഇപ്രകാരം സകലരാലും ലഭിക്കപ്പെടാവുന്നവന്‍; അതിരില്ലാത്ത ഫലത്തോടുകൂടിയവ‍ന്‍ ; ഈ യാചകസംഘം ഇന്ദ്രന്റെ പുഷ്പവാടിയിലുണ്ടെന്നു പറയുന്ന ആ നിസ്സാരമായ കല്പകവൃക്ഷത്തെ വൃഥാവില്‍ ആഗ്രഹിക്കുന്നു.

കാരുണ്യാത്കാമമന്യം ദദതി ഖലു പരേ സ്വാത്മദസ്ത്വം വിശേഷാത്-
ഐശ്വര്യാദീശതേ∫ന്യേ ജഗതി പരജനേ സ്വാത്മനോപീശ്വരസ്ത്വം
ത്വയ്യുച്ചൈരാരമന്തി പ്രതിപദമധുരേ ചേതനാ: സ്ഫീതഭാഗ്യാഃ –
ത്വം ചാത്മാരാമ ഏവേത്യതുലഗുണഗണാധാര ശൗരേ നമസ്തേ || 9 ||

മറ്റുള്ള ദേവന്മാര്‍ ഭക്തവാത്സല്യത്താ‍ല്‍ മോക്ഷം ഒഴിച്ച് മറ്റുള്ള അഭീഷ്ടങ്ങളെ മാത്രമാണല്ലോ നല്‍ക്കുന്നത്. അങ്ങാവട്ടെ വാത്സല്യവിശേഷത്താല്‍ തന്റെ ആത്മാവിനെപ്പോലും കൊടുക്കുന്നവനാകുന്നു. മറ്റു ദേവന്മാര്‍ അണിമ തുടങ്ങിയ അഷ്ടൈശ്വര്യം ഹേതുവായിട്ട് ലോകത്തില്‍ തങ്ങളെ ഒഴിച്ച് മറ്റുള്ളവരെ മാത്രം ഭരിക്കുന്നു. നിന്തിരുവടി സ്വന്തം ആത്മാവിനുപോലും അധീശനാണ്. വര്‍ദ്ധിച്ച ഭാഗ്യത്തോടുകൂടിയ ജീവികള്‍ അടുക്കുന്തോറും അത്യാനന്ദത്തെ നല്‍ക്കുന്ന അങ്ങയി‍ല്‍ അത്യധികം രമിക്കുന്നു. നിന്തിരുവടി തന്നില്‍ തന്നെ രമിക്കുന്നവനാണല്ലോ; ഇപ്രകാരം സകല ഗുണങ്ങള്‍ക്കും ആശ്രയഭൂതനായിരിക്കുന്ന ഹേ ശൂരസേനാത്മജ! അങ്ങയ്ക്ക് നമസ്മാരം.

ഐശ്വര്യം ശങ്കരാദീശ്വരവിനിയമനം വിശ്വതേജോഹരാണ‍ാം
തേജസ്സംഹാരി വീര്യം വിമലമപി യശോ നിസ്പൃഹൈശ്ചോപഗീതം
അംഗസംഗാ സദാ ശ്രീരഖിലവിദസി ന ക്വാപി തേ സംഗവാര്‍ത്താ
തദ്വാതാഗാരവാസിന്‍ മുരഹര ഭഗവച്ഛബ്ദമുഖ്യാശ്രയോസി || 10 ||

ഹേ മുരഹരേ! അങ്ങയുടെ പ്രഭാവം ശങ്കരന്‍ തുടങ്ങിയ ഈശ്വരന്മാരേയും അവരവരുടെ പ്രവൃത്തികളില്‍ നിയമിക്കുന്നത്; അങ്ങയുടെ തേജസ്സ് സകലരുടെ തേജസ്സിനേയും ഹരിക്കുന്ന ബ്രഹ്മാദിദേവന്മാരുടെ തേജസ്സിനേയും സംഹരിക്കുന്നതിന് കഴിവുള്ളത്; അങ്ങയുടെ നിര്‍മ്മലമായിരിക്കുന്ന യശസ്സാവട്ടെ വിരക്തന്മാരാല്‍കൂടി വര്‍ണ്ണിച്ച് ഗാനംചെയ്യപ്പെട്ടത്; സൗഭാഗ്യപ്രദായിനിയായ ശ്രീദേവി എല്ലായ്പോഴും നിന്തിരുവടിയുടെ അംഗത്തെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു; അവിടുന്ന് സര്‍വ്വവും അറിയുന്നവനാകുന്നു. അങ്ങേയ്ക്ക് ഒരിടത്തും സംഗമുണ്ടെന്ന വര്‍ത്തമാനമേ ഇല്ല. അതുകൊണ്ട് ഗുരുവായൂരില്‍ വസിച്ചരുളുന്ന ദേവ ! നിന്തിരുവടി ഭഗവാന്‍ എന്ന ശബ്ദത്തിന്റെ മുഖ്യാശ്രയമായി ഭവിക്കുന്നു.

ഭഗവന്മഹിമാനുവര്‍ണ്ണനം നാമ പ്രഥമം ദശകം സമാപ്തം.
സ്രഗ്ദ്ധരാ വൃത്തം – ലക്ഷണം – ഏഴേഴായ് മുന്നുഖണ്ഡം മരഭനയയം സ്രഗ്ദ്ധരാവൃത്തമാകും.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.