യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 458 – ഭാഗം 6 നിര്‍വാണ പ്രകരണം.
നിയതം കിഞ്ചിദേകത്ര സ്ഥിതം സ്വര്ഗകമീദൃശം
ശക്ര ഗന്തും ന ജാനാമി ത്വദാജ്ഞാം ന കരോമ്യഹം (6/107/28)
വസിഷ്ഠന് തുടര്‍ന്നു: സൂര്യോദയമായതോടെ മദനിക കുംഭനായി. അങ്ങിനെ ഇവര്‍ പകല്‍ സമയത്ത് സുഹൃത്തുക്കളായും രാത്രിയില്‍ ദമ്പതികളായും ജീവിച്ചു വന്നു. ഒരു ദിവസം ശിഖിധ്വജന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ചൂഡാല (മദനിക-കുംഭന്‍) കൊട്ടാരത്തില്‍പ്പോയി തന്റെ രാജകീയ കര്‍ത്തവ്യങ്ങള്‍ നിറവേറ്റിതിരികെ വന്നു കിടന്നു. അങ്ങിനെ ഒരുമാസം മഹേന്ദ്രപര്‍വ്വതത്തിലെ ഗുഹയില്‍ അവര്‍ ജീവിച്ചു. പിന്നീട് മറ്റു പര്‍വ്വതസാനുക്കളിലും വനപ്രദേശങ്ങളിലും അവര്‍ ചുറ്റിനടന്നു. കുറച്ചുനാള്‍ മൈനാകപര്‍വ്വതത്തിന്റെ താഴെ തെക്കായുള്ള പാരിജാതവിപിനത്തിലും അവര്‍ കഴിഞ്ഞു. കുറേക്കാലം കുരുപ്രവിശ്യകളിലും കോസലരാജ്യത്തും അവര്‍ താമസിക്കുകയുണ്ടായി.
ഇങ്ങിനെ കുറച്ചുനാള്‍ സന്തോഷമായി കഴിയവേ ചൂഡാല (കുംഭന്‍- മദനിക) ഇങ്ങിനെ ആലോചിച്ചു: സ്വര്‍ഗ്ഗത്തിലെ സുഖഭോഗങ്ങള്‍ കാട്ടിക്കൊടുത്ത് രാജാവിന്റെ പക്വതയെ ഒന്ന് പരീക്ഷിക്കുകതന്നെ. അതില്‍ അദ്ദേഹം വീണുപോവുകയില്ലെങ്കില്പ്പിന്നെ അദ്ദേഹം ഒരിക്കലും സുഖാസക്തനാവുകയില്ല.
ഇങ്ങിനെ തീരുമാനിച്ച് തന്റെ ദിവ്യശക്തിയുപയോഗിച്ച് ചൂഡാല ദേവരാജാവായ ഇന്ദ്രനെ ദേവകന്യകമാരുടെ അകമ്പടിയോടുകൂടി രാജാവിന് മുന്നില്‍ പ്രത്യക്ഷപ്പെടുത്തി. പെട്ടെന്ന് ദേവവൃന്ദത്തെ മുന്നില്‍ക്കണ്ട രാജാവ് ഉചിതമായ അര്‍ഘ്യം നല്കി അവരെ സ്വീകരിച്ചു.
അദ്ദേഹം ഇന്ദ്രനോട് ചോദിച്ചു: ഈ ദര്‍ശനം എനിക്കുണ്ടാവാന്‍ ഞാന്‍ എന്ത് പുണ്യമാണ് ചെയ്തിട്ടുണ്ടാവുക? എന്നെക്കാണാന്‍ അങ്ങ് ഇങ്ങോട്ട് വരാന്‍ ബുദ്ധിമുട്ടിയതെന്തേ?
ഇന്ദ്രന് പറഞ്ഞു: മഹാമുനേ, അങ്ങയുടെ ഖ്യാതി അവിടെ സ്വര്‍ഗ്ഗലോകത്തും പരന്നിരിക്കുന്നു. വരൂ, അവിടെ സ്വര്‍ഗ്ഗത്തിലെ അപ്സരസ്സുകള്‍ അങ്ങയെ സ്വീകരിക്കാന്‍ തയ്യാറായി കാത്തിരിക്കുന്നു. അങ്ങയെ ഞാന്‍ നേരിട്ട് ക്ഷണിക്കാന്‍ വന്നതാണ്. ആകാശമാര്‍ഗ്ഗത്തില്‍ അനായാസം സഞ്ചരിക്കാനുള്ള ഈ അടയാളവസ്ത്രം സ്വീകരിച്ചാലും. ഉത്തമരായ മാമുനിമാര്‍ ഇതാണ് ധരിക്കുന്നത്. അങ്ങയേപ്പോലുള്ള പ്രബുദ്ധരായ മുനിവര്യന്മാര് ആവശ്യപ്പെടാതെ സ്വമേധയാ വന്നുചേരുന്ന ആനന്ദത്തെ നിരാകരിക്കുകയില്ല എന്നെനിക്കറിയാം. അങ്ങയുടെ സന്ദര്‍ശനം സ്വര്‍ഗ്ഗത്തെ പരിപാവനമാക്കും.
ശിഖിധ്വജന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തിലെ നിയമങ്ങള്‍ എനിക്കറിയാം ഇന്ദ്രദേവാ. എന്നെ സംബന്ധിച്ചിടത്തോളം എല്ലായിടവും സ്വര്‍ഗ്ഗം തന്നെ. എവിടെയാണെങ്കിലും ഞാന്‍ സന്തുഷ്ടനാണ്. കാരണം എനിക്കൊന്നിലും ആശയില്ല. എന്തൊക്കെയായാലും അങ്ങ് പറയുന്ന സ്വര്‍ഗ്ഗത്തില്‍ പോവാന്‍ എനിക്ക് കഴിയില്ല. കാരണം അത് ഒരിടത്തേയ്ക്കായി നമ്മെ പരിമിതപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്? അതിനാല്‍ അങ്ങയുടെ ക്ഷണം സ്വീകരിക്കാന്‍ സാധിക്കുകയില്ല.
പക്ഷേ, ഇന്ദ്രന് പറഞ്ഞു: പ്രബുദ്ധതായര്ജ്ജിച്ച മുനിമാരുപോലും അവര്‍ക്ക് വച്ച് നീട്ടുന്ന സുഖങ്ങള്‍ സഹിക്കുക തന്നെ വേണം. അതാണ് ഉചിതം. ശിഖിധ്വജന്‍ കുറച്ചു നേരം മൌനമവലംബിച്ചു. ഇന്ദ്രന് പോകാന്‍ ഒരുങ്ങിയപ്പോള്‍ രാജാവ് പറഞ്ഞു: ‘ഞാന്‍ ഇപ്പോള്‍ വരുന്നില്ല. കാരണം സമയം ആയിട്ടില്ല.’
രാജാവിനെയും കുംഭനെയും അനുഗ്രഹിച്ച ശേഷം ഇന്ദ്രന് തന്റെ സന്നാഹത്തോടൊപ്പം അവിടം വിട്ടുപോയി.