യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 463 – ഭാഗം 6 നിര്‍വാണ പ്രകരണം.
ചിത്തം നിജമഹാങ്കാരം വിദുശ്ചിത്തവിദോ ജനാ:
അന്തര്യോഽയ മഹംഭാവോ ജന്തോസ്തച്ചിത്തമുച്യതേ (6/111/28)
ബൃഹസ്പതി പറഞ്ഞു: മകനേ, ഈ സംസാരമെന്ന കാരാഗ്രഹത്തില്‍ നിന്നും വിടുതല്‍ കിട്ടാന്‍ സംപൂര്‍ണ്ണമായ ത്യാഗം ഒന്നുകൊണ്ടു മാത്രമേ സാധിക്കൂ.
വസിഷ്ഠന്‍ പറഞ്ഞു: ഇത് കേട്ട കചന്‍ എല്ലാമുപേക്ഷിച്ചു കാട്ടിലേയ്ക്ക് തപസ്സിനായി പോയി. ബൃഹസ്പതി ഈ സംഭവങ്ങളില്‍ തീരെ ആകുലനായില്ല. ജ്ഞാനിക്ക് വിരഹവും സംഗവും ഒരുപോലെയാണല്ലോ.
നീണ്ട എട്ടു വര്‍ഷങ്ങള്‍ ഏകാന്തതയിലും തപസ്സിലും കഴിഞ്ഞ ശേഷം ഒരു ദിനം കചന്‍ പിതാവിനെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം ബൃഹസ്പതിയോട് ചോദിച്ചു: പിതാവേ, ഞാന്‍ എട്ടുകൊല്ലം സര്‍വ്വവും ത്യജിച്ചു കഠിനതപം ചെയ്തിട്ടും എന്നില്‍ എന്തുകൊണ്ടാണ് സമ്പൂര്‍ണ്ണമായ പ്രശാന്തിയുണ്ടാവാത്തത്?
ബൃഹസ്പതി വീണ്ടും തന്റെ ഉപദേശം ആവര്‍ത്തിക്കുക മാത്രം ചെയ്തു. ‘സര്‍വ്വവും പരിത്യജിക്കുക’
ഇതൊരു സൂചനയായിക്കരുതി കചന്‍ തന്റെ ശരീരം മറച്ചിരുന്ന മരവുരി പോലും ഉപേക്ഷിച്ചു. വീണ്ടും ഒരു മൂന്നുകൊല്ലം തപസ്സനുഷ്ഠിച്ചു. വീണ്ടും തന്റെ പിതാവിനെ കാണാന്‍ ആഗ്രഹിച്ച നിമിഷം അദ്ദേഹം പ്രത്യക്ഷനായി.
‘അച്ഛാ, ഞാന്‍ എല്ലാമെല്ലാം ഉപേക്ഷിച്ചു. എന്റെ ദണ്ഡും മരവുരിയും പോലും കളഞ്ഞു. എന്നിട്ടും ആത്മജ്ഞാനം എന്നില്‍ അങ്കുരിച്ചില്ലല്ലോ?’
ബൃഹസ്പതി പറഞ്ഞു: പൂര്‍ണ്ണം എന്ന് പറഞ്ഞാല്‍ മനസ്സ് എന്നര്‍ത്ഥം. മനസ്സാണെല്ലാം. മനസ്സ് ഉപേക്ഷിച്ചാല്‍ എല്ലാം ഉപേക്ഷിച്ചു. ഇത്രയും പറഞ്ഞു മുനി അവിടം വിട്ടുപോയി.
കചന്‍ തന്റെ ഉള്ളില്‍ മനസ്സ് തിരഞ്ഞു. അതിനെ കണ്ടുപിടിച്ച് ഉപേക്ഷിക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ കചന് തന്റെ മനസ്സിനെ അവിടെ കണ്ടെത്താനായില്ല.
അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: ഈ ഭൌതികവസ്തുക്കള്‍, ശരീരം മുതലായവ, മനസ്സല്ല. അപ്പോള്‍പ്പിന്നെ ഈ നിരപരാധിയായ മനസ്സിനെ ഞാന്‍ എന്തിനാണ് കഷ്ടപ്പെടുത്തുന്നത്? എന്റെ അച്ഛനെ കണ്ട് ഈ മനസ്സെന്ന ദുഷ്ടശത്രു എവിടെയാണ് വസിക്കുന്നതെന്ന് ചോദിക്കുക തന്നെ.!
ഇങ്ങനെ തീരുമാനിച്ച് കചന്‍ അച്ഛനെ ചെന്ന് കണ്ടു ചോദിച്ചു: പറയൂ, മനസ്സ് എന്നാല്‍ എന്താണ്? അതറിഞ്ഞിട്ടുവേണം എനിക്കതിനെ പരിത്യജിക്കാന്‍.
ബൃഹസ്പതി പറഞ്ഞു: “മനസ്സ് എന്തെന്നറിയാവുന്നവര്‍ പറയുന്നത് അഹമാണ് മനസ്സെന്നാണ്. ഒരുവന്റെ ഉള്ളില്‍ ഉണരുന്ന അഹം ഭാവമാണ് മനസ്സ്.”
‘പക്ഷെ ഇത് ദുഷ്കരമാണ്. ഒരുപക്ഷെ അസാദ്ധ്യവുമാണ്’ കചാന്‍ പറഞ്ഞു.
ബൃഹസ്പതി പറഞ്ഞു: എന്നാല്‍ കയ്യില്‍ വച്ചൊരു പൂവിതള്‍ ഞരിക്കുന്നതുപോലെ എളുപ്പവുമാണിത്. കണ്ണടച്ചു തുറക്കുന്നതുപോലെ ക്ഷിപ്രസാദ്ധ്യം. പ്രത്യക്ഷത്തില്‍ കാണുന്നതെല്ലാം അജ്ഞാനജന്യങ്ങളാകയാല്‍ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അവയെല്ലാം ഇല്ലാതെയാകും.
സത്യത്തില്‍ അഹം എന്നൊന്നില്ല. അജ്ഞാനവും തദ്ജന്യമായ വിഭ്രമവും തന്നെയാണ് അഹം ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നത്. എവിടെയാണ് അഹംഭാവം? എങ്ങനെയാണത് ഉണ്ടായത്? എന്താണത്?
എല്ലാറ്റിലും എവിടെയും ഉള്ളത് അനന്തമായ ബോധം മാത്രം. സത്യാവസ്ഥ അങ്ങനെയിരിക്കുമ്പോള്‍ അഹംഭാവം എന്നത് കേവലം ഒരു വാക്ക് മാത്രം. മകനേ, നീ അതിനെ ത്യജിക്കൂ. അങ്ങനെ നിന്റെ പരിമിതികളെ ഉപേക്ഷിക്കൂ. മാനസീകോപാധികളെ പരിത്യജിക്കൂ. കാലദേശാദി പരിമിതികള്‍ ഒന്നുമില്ലാത്ത അനന്തതയാണ് നീ. നീ ഒരിക്കലും ഉപാധികളാല്‍ ബന്ധിതനായിരുന്നിട്ടില്ല.