ഡൗണ്‍ലോഡ്‌ MP3

കല്യത‍ാം മമ കുരുഷ്വ താവതീം കല്യതേ ഭവദുപാസനം യയാ |
സ്പഷ്ടമഷ്ടവിധയോഗചര്യയാ പുഷ്ടയാശു തവ തുഷ്ടിമാപ്നുയ‍ാം || 1 ||

എത്രത്തോളം ആരോഗ്യമുണ്ടായാല്‍ അങ്ങയെ ആരാധിക്കുവാ‍ന്‍ സാധിക്കുമോ അത്രയും ദേഹരോഗ്യത്തെ എനിക്ക് ഉണ്ടാക്കിത്തരേണമേ; എന്നാല്‍ നിശ്ചയമായും പരിപൂര്‍ണ്ണമായ എട്ടുവിധ യോഗങ്ങളാലും ക്രമമായ അനുഷ്ഠാനംകൊണ്ട് ഞാ‍ന്‍ വേഗത്തി‍ല്‍ അങ്ങയുടെ പ്രീതിയെ പ്രാപിച്ചുകൊള്ള‍ാം.

ബ്രഹ്മചര്യദൃഢതാദിഭിര്യമൈരാപ്ലവാദിനിയമൈശ്ച പാവിതാ: |
കു‍ര്‍മ്മഹേ ദൃഢമമീ സുഖാസനം പങ്കജാദ്യമപി വാ ഭവത്പരാ: || 2 ||

ബ്രഹ്മചര്യത്തിന്റെ ദൃഢതതുടങ്ങിയ യമങ്ങളാലും  സ്നാനം തുടങ്ങിയ നിയമങ്ങളെക്കൊണ്ടും പരിശുദ്ധരാക്കപ്പെട്ടവരായിട്ട് നിന്തിരുവടിയെത്തന്നെ പരമലക്ഷ്യമാക്കിക്കൊണ്ട് ഈ ഞങ്ങള്‍ പത്മം തുടങ്ങിയ ഏതെങ്കിലുംമൊരു സുഖകരമായ ആസനത്തെ നല്ലപോലെ ശീലിച്ചുകൊള്ള‍ാം.

താരമന്തരനുചിന്ത്യ സന്തതം പ്രാണവായുമഭിയമ്യ നിര്‍മ്മലാ: |
ഇന്ദ്രിയാണി വിഷയാദഥാപഹൃത്യാസ്മഹേ ഭവദുപാസനോന്മുഖാ: ||3||

ഓം എന്ന് പ്രണവത്തെ മനസ്സില്‍ ഇടവിടാതെ ധ്യാനിച്ചുകൊണ്ട് ജീവവായുവിനെ അകത്തൊതുക്കി രാഗദ്വേഷാദി വികാരങ്ങളില്‍നിന്നും വിട്ടകന്ന് പരിശുദ്ധരായി പിന്നെ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍നിന്ന് പി‍ന്‍തിരിച്ചിട്ട് അങ്ങയുടെ ആരാധനയി‍‍ല്‍  ഏകഗ്രതയോടുകൂടിയവരായി വര്‍ത്തിച്ചു കൊള്ള‍ാം.

അസ്ഫുടേ വപുഷി തേ പ്രയത്നതോ ധാരയേമ ധിഷണ‍ാം മുഹുര്‍മുഹു: |
തേന ഭക്തിരസമന്തരാര്‍ദ്രതാമുദ്വഹേമ ഭവദങ്ഘ്രിചിന്തകാ ||4||

തെളിഞ്ഞുകാണാത്തതായ അങ്ങയുടെ ദിവവിഗ്രഹത്തില്‍ വളരെ പണിപ്പെട്ട് ബുദ്ധിയെ വീണ്ടും വീണ്ടും ഉറപ്പിച്ച്നിര്‍ത്തികൊളള‍ാം; അങ്ങയുടെ തൃപ്പാദങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നവരായി അതിനാല്‍ ഭക്തിരസത്തേയും മനസ്സിന്നുള്ള കുളുര്‍മയേയും അനുഭവിക്കുമാറാകേണം.

വിസ്ഫുടാവയവഭേദസുന്ദരം ത്വദ്വപു: സുചിരശീലനാവശാത് |
അശ്രമം മനസി ചിന്തയാമഹേ ധ്യാനയോഗനിരതാസ്ത്വദാശ്രയാഃ || 5 ||

അങ്ങയെതന്നെ അവലംബിച്ചവരായി ധ്യാനയോഗത്തില്‍തന്നെ ഉത്സുകാരായിട്ട് നല്ലപോലെ തെളിഞ്ഞു പ്രാകാശിക്കുന്ന അവയവ ഭേദങ്ങാളാല്‍ രമണീയമായ അങ്ങയുടെ മംഗളവിഗ്രഹത്തെ അനേകകാലത്തെ അഭ്യാസബലംകൊണ്ട് അനായസമായി മനസ്സില്‍ സ്മരിക്കുമാറാകേണം.

ധ്യായത‍ാം സകളമൂര്‍ത്തിമീദൃശീമുന്മിഷന്മധുരതാഹൃതാത്മന‍ാം |
സാന്ദ്രമോദരസരൂപമാന്തരം ബ്രഹ്മ രൂപമയി തേവഭാസതേ || 6 ||

ഹേ ഭഗവന്‍‍! നിന്തിരുവടിയുടെ ഈ വിധത്തിലുള്ള അവയവങ്ങളോടുകൂടിയ സഗുണസ്വരുപത്തെ ധ്യാനിക്കുന്നവരും ക്രമേണ സ്പഷ്ടമായിത്തുടങ്ങുന്ന ആനന്ദത്താല്‍ അപഹരിക്കപ്പെട്ട മനസ്സോടുകൂടിയവരുമായ ഞങ്ങള്‍ക്ക് പരിപൂര്‍ണ്ണമായ ആനന്ദരസത്തിന്റെ സ്വരുപത്തോടുകൂടിയതും അന്തരിന്ദ്രിയത്താല്‍ മാത്രം ഗ്രഹിക്കപ്പെടാവുന്നതുമായ അങ്ങയുടെ നിര്‍ഗുണസ്വരുപം പ്രകാശിച്ചുതുടങ്ങുമാറാകട്ടെ.

തത്സമാസ്വദനരൂപിണീം സ്ഥിതിം ത്വത്സമാധിമയി വിശ്വനായക |
ആശ്രിതാ: പുനരത: പരിച്യുതാവാരഭേമഹി ച ധാരണാദികം || 7 ||

അല്ലേ ലോകേശ! ആ നിര്‍ഗുണബ്രഹ്മത്തെ ആസ്വദിച്ചുകൊണ്ടിരിക്കുന്ന അവസ്വയാകുന്ന അങ്ങയെ വിഷയമാക്കിയുള്ള നി‍ര്‍വ്വികല്പസ്ഥിതിയെ ആശ്രയിച്ചിരിക്കുന്ന ഞങ്ങ‍ള്‍ ആ സമാധിയില്‍നിന്നും ഭ്രംശം വരുമ്പോ‍ള്‍ ധാരണ തുടങ്ങിയ വീണ്ടും ആരംഭിക്കുകയും ചെയ്യുമാറാകേണം.

ഇത്ഥമഭ്യസനനിര്‍ഭരോല്ലസത്ത്വത്പരാത്മസുഖകല്പിതോത്സവാ: |
മുക്തഭക്തകുലമൗലിത‍ാം ഗതാ: സഞ്ചരേമ ശുകനാരദാദിവത് || 8 ||

ഈ വിധിത്തില്‍ ധാരണ തുടങ്ങിയവയുടെ നിരന്തരമായ അഭ്യസനംകൊണ്ട് സ്പഷ്ടമായിത്തീരുന്ന നിന്തിരുവടിയാകുന്ന പരമാത്മാവിന്റെ അനുഭവരൂപത്തിലുള്ള ആനന്ദത്തോടുകൂടിയവരായി ജീവന്മുക്തന്മാരായ ഭക്തന്മാരുടെ ശിരോലങ്കാരമായി ഭവിച്ച് ശുക‍ന്‍‍, നാരദന്‍ മുതലായവരെപ്പോലെ സഞ്ചരിക്കുമാറാകേണം.

ത്വത്സമാധിവിജയേ തു യ: പുനര്‍മ്മംക്ഷു മോക്ഷരസിക: ക്രമേണ വാ |
യോഗവശ്യമനിലം ഷഡാശ്രയൈരുന്നയത്യജ സുഷുമ്നയാ ശനൈ: || 9 ||

ഹേ ജനനമില്ലാത്തവനായ ദേവ! അങ്ങയെ വിഷയീകരിച്ചുള്ള നിര്‍വികല്പസമാധിയി‍ല്‍ ജയം സിദ്ധിച്ചതിന്നുശേഷമാകട്ടെ അപ്രകാരമുള്ള യോഗി ഉടന്‍തന്നേയോ കാലക്രമത്തിലോ മോക്ഷത്തില്‍ ആഗ്രഹത്തോടുകൂടിയവനായി ഭവിക്കുന്നു; യോഗത്താല്‍ വശപ്പെടുത്തപ്പെട്ട പ്രാണവായുവിനെ സുഷുമ്നാനാഡിയില്‍കൂടി ഷഡധാരങ്ങ‍ള്‍ വഴിയായി സാവധാനത്തില്‍ മേല്പോട്ടു നയിക്കുന്നു.

ലിംഗദേഹമപി സന്ത്യജന്നഥോ ലീയതേ ത്വയി പരേ നിരാഗ്രഹഃ
ഊ‍ര്‍ദ്ധ്വളൊകകുതുകീ തു മൂര്‍ദ്ധതസ്സാര്‍ദ്ധമേവ കരണൈര്‍ന്നിരീയതേ ||10 ||

അതില്‍പിന്നെ മറ്റൊന്നിലും ആഗ്രഹമില്ലാത്തവനായിത്തീര്‍ന്ന യോഗി ലിംഗദേഹത്തെകൂടി ഉപേക്ഷിച്ചിട്ട് പരമാത്മസ്വരുപിയായ നിന്തിരുപടിയില്‍ ലയിക്കുന്നു; ബ്രഹ്മാദിലോകങ്ങളെ ആഗ്രഹിക്കുന്നവനാകട്ടെ മു‍ര്‍ദ്ധാവി‍ല്‍ കൂടി പ്രാണപഞ്ചകങ്ങ‍ള്‍ ‍, മനസ്സ്, ബുദ്ധി, ഇന്ദ്രിയദശകങ്ങള്‍ ഇവയാകുന്ന സുക്ഷ്മശരീരത്തോടുകൂടിത്തന്നെ നിര്‍യ്യാണംചെയ്യുന്നു

അഗ്നിവാസരവളര്‍പക്ഷഗൈരുത്തരായണജുഷാ ച ദൈവതൈ: |
പ്രാപിതോ രവിപദം ഭവത്പരോ മോദവാന്‍ ധ്രുവപദാന്തമീയതേ || 11 ||

അഗ്നി, പകല്‍‍, വെളുത്തപക്ഷം, ഇവയെ അധിഷ്ഠാനം ചെയ്യുന്ന ദേവതകളാലും ഉത്തരായണത്തിന്നു അഭിമാനിയായ ദേവതയാലും സുര്യലോകത്തെ പ്രാപിപ്പിക്കപ്പെട്ട അങ്ങയുടെ ഭക്തന്‍ സന്തുഷ്ടനായി ധ്രൂവലോകംവരെ ഗമിക്കുന്നു.

ആസ്ഥിതോഥ മഹരാലയേ യദാ ശേഷവക്ത്രദഹനോഷ്മണാര്‍ദ്യതേ |
ഈയതേ ഭവദുപാശ്രയസ്തദാ വേധസ: പദമത: പുരൈവ വാ || 12 ||

അതിന്നുശേഷം മഹര്‍ല്ലോകത്തി‍ല്‍ എത്തിച്ചേര്‍ന്നു സുഖമായി വസിക്കുന്ന അങ്ങയുടെ ഭക്ത‍ന്‍ ആദിശേഷന്റെ മുഖങ്ങളില്‍നിന്ന് പുറപ്പെടുന്ന അഗ്നിയുടെ ചൂടുകൊണ്ട് പീഡിപ്പിക്കപ്പെടുമ്പോഴോ അതിന്നു മുമ്പായിത്തന്നേയോ ബ്രഹ്മലോകത്തെ പ്രാപിക്കുന്നു.

തത്ര വാ തവ പദേഥവാ വസന്‍ പ്രാകൃതപ്രലയ ഏതി മുക്തത‍ാം |
സ്വേച്ഛയാ ഖലു പുരാ വിമുച്യതേ സംവിഭിദ്യ ജഗദണ്ഡമോജസാ || 13 ||

അവിടെത്തന്നേയോ അല്ലെങ്കില്‍ അങ്ങയുടെ ലോകത്തിലോ വസിച്ചുകൊണ്ട് മഹാപ്രളയകാലത്തി‍ല്‍ മോക്ഷത്തെ പ്രാപിക്കുന്നു; ഓജസ്സുകൊണ്ട് സ്വേച്ഛപോലെത്തന്നെ ബ്രഹ്മാണ്ഡത്തെ പിളര്‍ന്ന് അതിന്ന് മുമ്പായിത്തന്നേയും മുക്തനായിത്തീരുന്നു.

തസ്യ ച ക്ഷിതിപയോമഹോനിലദ്യോമഹത്പ്രകൃതിസപ്തകാവൃതീ: |
തത്തദാത്മകതയാ വിശന് സുഖീ യാതി തേ പദമനാവൃതം വിഭോ ||14 ||

ഹേ ഭഗവന്‍ ! ആ ബ്രഹ്മാണ്ഡത്തിന്റെ ഭൂമി, ജലം, തേജസ്സ്, വായു, ആകാശം, മഹത്തത്വം പ്രകൃതി എന്നീ ഏഴു ആവരണങ്ങളെയും അദ്ദേഹം അതാതിന്റെ സ്വരുപത്തോടുകൂടി പ്രവേശിച്ച് അവിടവിടെയുള്ള സുഖങ്ങളേ അനുഭവിച്ചുകൊണ്ട് ആവരണങ്ങളൊന്നുമില്ലാത്തതായിരിക്കുന്ന നിന്തിരുവടിയുടെ പരമപദത്തെ പ്രാപിക്കുകയും ചെയ്യുന്നു.

അര്‍ച്ചിരാദിഗതിമീദൃശീം വ്രജന്‍ വിച്യുതിം ന ഭജതേ ജഗത്പതേ |
സച്ചിദാത്മക ഭവത് ഗുണോദയാനുച്ചരന്തമനിലേശ പാഹി മ‍ാം || 15 ||

ജഗദ്വീശ്വര! ഈ വിധത്തിലുള്ള അഗ്നി തുടങ്ങിയ ദേവതകളുടെ മാര്‍ഗ്ഗത്തില്‍കൂടിയുള്ള ഗതിയെ പ്രാപിക്കുന്ന ജീവന്‍ പിന്നീട് അധഃപതനത്തെ പ്രാപിക്കുന്നില്ല! സച്ചിദാനന്ദസ്വരുപനായ ഗുരുവായൂരപ്പ! അങ്ങയുടെ ഗുണോല്‍ക്കര്‍ഷങ്ങളെ കീര്‍ത്തിക്കുന്ന എന്നെ രക്ഷിച്ചരുളിയാലും.

അഷ്ട‍ാംഗയോഗവര്‍ണ്ണനവും യോഗസിദ്ധിവര്‍ണ്ണനവും എന്ന നാലംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 45
വൃത്തം : – രഥോദ്ധതാ.
ലക്ഷണം : – രംനരംലഗുരുവും രഥോദ്ധതാ.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.