യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 474 – ഭാഗം 6 നിര്‍വാണ പ്രകരണം.
എതാവനേവ സംസാര ഇദമസ്ത്വി യന്‍മന:
അസ്യ തൂപശമോ മോക്ഷ ഇത്യേവം ജ്ഞാനസംഗ്രഹ : (6/126/85)
വസിഷ്ഠന്‍ തുടര്‍ന്നു: നാലാമത്തെ പടിയില്‍ യോഗികള്‍ മനസ്സില്‍ അവിഛിന്നമായ എകാത്മകതയെ അറിയുന്നു. വിഭിന്നതകള്‍ ഒടുങ്ങി, ഏകാത്മഭാവം ദൃഢമായുറച്ചതിനാല്‍ അവര്‍ ഈ ലോകത്തെ വെറുമൊരു സ്വപ്നമെന്നപോലെ കണക്കാക്കുന്നു. അഞ്ചാമത്തെ പടിയിലെത്തുമ്പോള്‍പ്പിന്നെ ഏകാത്മകത എന്ന പരമസത്ത മാത്രമേയുള്ളൂ. അതിനാല്‍ ആ അവസ്ഥയെ ദീര്‍ഘനിദ്രയുമായി താരതമ്യപ്പെടുത്താം. ഈ അവസ്ഥയില്‍ എത്തിയ ഒരാള്‍ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴും സ്വയം അവനവനില്‍ പ്രശാന്തിയടഞ്ഞിരിക്കുന്നു. അങ്ങനെ പടികള്‍ ഓരോന്നായി കയറിക്കയറി സാധകന്‍ ആറാം പടിയായ തുരീയത്തില്‍ എത്തിച്ചേരുന്നു.
അവിടെ അയാള്‍ ‘ഞാന്‍ സത്തോ അസത്തോ അല്ല, അഹങ്കാരമുക്തന്‍പോലുമല്ല. ഞാന്‍ ഏകതയ്ക്കും ദ്വന്ദതയ്ക്കും അതീതനാണ്. എല്ലാ സംശയങ്ങള്‍ക്കും അറുതിയായിരിക്കുന്നു’ എന്ന്‍ സ്വയം അറിയുന്നു. അത് നിര്‍വ്വാണപദത്തിലെ വിളക്കല്ല എങ്കിലും അയാള്‍ ചിത്രപടത്തിലെ ദീപമെന്നപോലെയിരിക്കുന്നു. എണ്ണയില്ലാതെ സ്വയം ജ്വലിക്കുന്ന പ്രകാശജ്യോതി. അയാളുടെ അകവും പുറവും പൊള്ളയാണ്. അകമൊഴിഞ്ഞ പാത്രമെന്നപോലെ അത് നിശ്ശൂന്യമാണ്. എന്നാല്‍ അകമേയും പുറമേയും അയാള്‍ പരിപൂര്‍ണ്ണനിറവിലുമാണ്. കടലില്‍ മുങ്ങിയിരിക്കുന്ന പാത്രംപോലെ പൂര്‍ണ്ണമായും നിറഞ്ഞാണവനിരിക്കുന്നത്.
എന്നാല്‍ ഏഴാമത്തെ പടിയിലെത്തിയവര്‍ ‘വിദേഹമുക്ത’രാണ്. അവരുടെ അവസ്ഥയെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്ക് കഴിവില്ല. എങ്കിലും പലവിധത്തില്‍ മഹാന്മാര്‍ അതിനെ വിവരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ഏഴവസ്ഥകള്‍ സാധനയാക്കുന്ന ഒരുവനെ ആകുലതകള്‍ ബാധിക്കുകയില്ല.
എങ്കിലും കാട്ടില്‍ ഒരു ഭീകരനായ മദയാന മേഞ്ഞു നടക്കുന്നു എന്നറിയുക. ഈ ആനയെ നിഗ്രഹിച്ചാല്‍ മനുഷ്യന് ഇപ്പറഞ്ഞ ഏഴവസ്ഥകളിലും വിജയിയാകാം. ആശയെന്ന ഈ മദയാനയെ ഇല്ലാതാക്കാതെ അത് സാധ്യമല്ല. ശരീരമെന്ന കാനനത്തിലാണ് ആ മത്തഗജം വിഹരിക്കുന്നത്. ഇന്ദ്രിയാനുഭൂതിയുടെ വലയില്‍പ്പെട്ടാണ് ആനയ്ക്ക് മദംപൊട്ടിയത്. വാസനകളാലും ഉപാധികളാലും ബന്ധിക്കപ്പെട്ട് ആന അശാന്തനായി വലയുകയാണ്. ഈ ആനയാണ് ലോകത്തിലെ എല്ലാവരെയും നശിപ്പിക്കുന്നത്. ആശ, വാസന, മനോപാധികള്‍, പ്രവണത, മനസ്സ്, ചിന്ത, വികാരം, ആസക്തി, ഒട്ടല്‍, എന്നിങ്ങനെ പലപേരുകളില്‍ ആന അറിയപ്പെടുന്നു. ഏകാത്മകതയെന്ന അറിവിന്റെ വെളിച്ചത്തില്‍ ദൃഢചിത്തതയോടെ ആനയെ കൊല്ലുകയേ നിവൃത്തിയുള്ളൂ. വിഷയാനുബദ്ധമായ അസ്തിത്വത്തില്‍ വിശ്വസിക്കുന്നവനില്‍ മാത്രമേ ആശകള്‍ ഉദിക്കുകയുള്ളു.
” ‘ഇത്’, ‘അത്’, എന്ന തോന്നലുകള്‍ തന്നെയാണ് സംസാരം. ആ തോന്നലിന്റെ അവസാനമാണ് മോക്ഷം. ഈ അറിവാണ് ജ്ഞാനസാരം”. വിഷയങ്ങളെ വിവേചിച്ചറിയുന്നത് ആശകള്‍ക്ക് വഴിതെളിക്കുന്നു. വിഷയങ്ങളെ തന്നില്‍ നിന്നും വിഭിന്നമായി തിരിച്ചറിയാതിരിക്കുമ്പോള്‍ ആശകളുമില്ല. ആശകളുടെ അഭാവത്തില്‍ ജീവന്‍ സ്വപരിമിതികളില്‍ നിന്നും പുറത്തുകടക്കുന്നു. അതിനാല്‍ മഹാന്മാര്‍ തങ്ങള്‍ കടന്നുപോയ അനുഭവങ്ങളെ സംബന്ധിച്ചോ ഇതുവരെ അനുഭവിക്കാത്തവയെക്കുറിച്ചോ ചിന്തിക്കുന്നതേയില്ല.
രണ്ടു കയ്യുമുയര്‍ത്തി ഞാന്‍ പറയട്ടെ, ചിന്താരഹിതമായ, ധാരണകളില്ലാത്ത (സംവേദനവും അസംവേദനവും ഇല്ലാത്ത) അവസ്ഥയാണ് ഏറ്റവും ഉത്തമം. ഭൂലോകചക്രവര്‍ത്തിയെന്ന പദവിയെക്കാളും അനന്തകോടി മടങ്ങ് ഔന്നത്യമുള്ളതാണാ അവസ്ഥ. ചിന്തകളടങ്ങിയ അവസ്ഥയാണ് യോഗാവസ്ഥ. ആ അതുല്യമായ തലത്തില്‍ വിരാജിച്ചുകൊണ്ട് ഉചിതമായ കര്‍ത്തവ്യങ്ങള്‍ ചെയ്താലും. അല്ലെങ്കില്‍ ഒന്നും ചെയ്യാതിരിക്കൂ. ‘ഞാന്‍’, ‘എന്റെ’ എന്നീ ചിന്തകള്‍ ഉള്ളിടത്തോളം ആകുലതകള്‍ വിട്ടൊഴിയില്ല എന്ന് നിശ്ചയം. ആ ചിന്തകള്‍ അവസാനിക്കുമ്പോള്‍ ദുഃഖം അവസാനിച്ചു. ഈ അറിവിന്റെ വെളിച്ചത്തില്‍ നീ നിന്റെ ഹിതാനുസരണം വര്‍ത്തിച്ചാലും.
** ‘ചിന്ത’, ‘ചിന്താരാഹിത്യം’, എന്നീ പദങ്ങള്‍ ഉളവാക്കുന്നതിലുപരി അര്‍ഥതലങ്ങള്‍ ‘സംവേദനം’, ‘അസംവേദനം’, എന്നീ പദങ്ങള്‍ക്കുണ്ട്. അനുഭവം, പ്രജ്ഞ, ചിന്ത, അറിവ്, വികാരം, ഗ്രഹണം, ധാരണ എന്ന വാക്കുകളാല്‍ വിവക്ഷിക്കുന്ന കാര്യങ്ങള്‍ സംവേദനം എന്ന പദത്തില്‍ അടങ്ങിയിട്ടുണ്ട്.