യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 475 – ഭാഗം 6 നിര്‍വാണ പ്രകരണം.

ബാലാന്‍പ്രതി വിവര്‍ത്തോഽയം ബ്രഹ്മണ: സകലം ജഗത്
അവിവര്‍ത്തിതമാനന്ദമാസ്ഥിതാ: കൃതിന: സദാ (6/127/28)

വാല്മീകി ഭരദ്വാജനോടു പറഞ്ഞു: പരമോന്നതജ്ഞാനത്തിന്റെ സാരസത്തയായ സത്യത്തെ ഉള്‍ക്കൊണ്ട് ശ്രീരാമന്‍ ആനന്ദസാഗരത്തില്‍ ആമഗ്നനായി. ആ ബോധലയത്തില്‍ രാമന്‍ കുറേനേരം എല്ലാം മറന്നിരുന്നു. അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കാനോ, ഉത്തരങ്ങള്‍ തേടാനോ, എന്തെങ്കിലും മനസ്സിലാക്കാനോ ഉള്ള ശ്രമങ്ങള്‍ പാടേ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ആത്മജ്ഞാനത്തിന്റെ പരമകാഷ്ഠയില്‍ അദ്ദേഹം അരൂഢനായിരുന്നുവല്ലോ.

ഭാരദ്വാജന്‍ ചോദിച്ചു: സദ്‌ഗുരുവേ, ശ്രീരാമന്‍ പരമപദം പൂകിയ കഥ കേട്ട് ഞാനും ആഹ്ളാദിക്കുന്നു. എന്നാല്‍ ഞങ്ങളെപ്പോലെ അജ്ഞാനികളും പാപപങ്കിലരുമായ മൂഢമതികള്‍ക്ക് ആ പരമപദം പ്രാപിക്കാന്‍ എങ്ങനെയാണ് കഴിയുക? ബ്രഹ്മാദികള്‍ക്ക് പോലും അപ്രാപ്യമാണത് എന്ന് ഞാന്‍ കേട്ടിരിക്കുന്നു.

വാല്മീകി പറഞ്ഞു: ശ്രീരാമവസിഷ്ഠസംവാദം പൂര്‍ണ്ണമായും ഞാന്‍ നിനക്ക് വിവരിച്ച് തന്നുവല്ലോ? അതിനെക്കുറിച്ച് നല്ലവണ്ണം വിചിന്തനം ചെയ്യൂ. നിനക്കുള്ള ഉപദേശവും മറ്റൊന്നല്ല. ബോധത്തില്‍ ലോകമെന്നു തരം തിരിച്ചു പറയാന്‍ ആവുന്ന യാതൊരു വിഭിന്നതകളും ഇല്ല. നിനക്ക് പറഞ്ഞു തന്ന ഗൂഢോപദേശം അനുസരിച്ച് വൈവിദ്ധ്യമെന്ന ധാരണകളെയെല്ലാം ഉപേക്ഷിക്കൂ.

ജാഗ്രദും സുഷുപ്തിയും എല്ലാം ‘ഇല്ലാത്ത ഈ സൃഷ്ടി’യുടെ ഭാഗങ്ങളാണ്. പ്രബുദ്ധതയെന്നത് അന്തരാ പ്രോജ്വലിച്ചുണരുന്ന പ്രകാശമാണ്. സൃഷ്ടി ഉണരുന്നത് നിശൂന്യതയില്‍ നിന്നാണ്. ഒടുവിലത് വിലയിക്കുന്നതും അതില്‍ത്തന്നെ. സൃഷ്ടിതന്നെ നിശൂന്യതയാണ്. അത് ഉണ്ടായിട്ടേയില്ല. അതിനു നിലനില്‍പ്പില്ല.

തുടക്കമില്ലെന്നതുകൊണ്ടും സ്വയം പരിമിതപ്പെടുത്തുന്ന ധാരണകള്‍ ഉള്ളതുകൊണ്ടും സൃഷ്ടി ഉണ്ടെന്നമട്ടില്‍ അനേകം ചിന്താക്കുഴപ്പങ്ങളെ ഉണ്ടാക്കുന്നു. നിനക്ക് വിഭ്രാന്തിയുണ്ടാവാന്‍ കാരണം അനന്താവബോധത്തെക്കുറിച്ച് നീ വീണ്ടും വീണ്ടും ആലോചിച്ചുറച്ചു സത്യവിചാരം ചെയ്യാത്തതും സ്വപരിമിതികള്‍ എന്ന വിഷം കഴിച്ചു മനോപാധികളെ ഊട്ടി വളര്‍ത്തിയതുമാണ്. പ്രബുദ്ധരായ മാമുനിമാരുടെ പാദാരവിന്ദങ്ങള്‍ കണ്ടെത്തി അവരില്‍ നിന്നും ആത്മവിദ്യ നേടി ശരിയായ ജ്ഞാനം ഉറയ്ക്കുന്നതുവരെ ഈ ഭ്രമം നിലനില്‍ക്കും.

വല്‍സാ, ആരംഭത്തിലേ ഇല്ലാത്ത ഒന്നും അവസാനത്തിലും ഉണ്ടാവുകയില്ല. അതിപ്പോഴും ഇല്ല. ലോകമെന്ന കാഴ്ച വെറും സ്വപ്നമാണ്. അനന്താവബോധമെന്ന സത്തയിലാണ് ലോകം ഉണ്ടായി മറയുന്നത്. അജ്ഞാനത്തില്‍‍, അല്ലെങ്കില്‍ സംസാരസാഗരത്തില്‍ അനാദിയായ, സ്വപരിമിതികളെന്ന അപാരസാദ്ധ്യതയില്‍ ‘ഞാന്‍’ എന്ന ധാരണ ഉണരുന്നു. പിന്നീട് ‘എന്റെ’, ‘ആകര്‍ഷണം’, ‘വികര്‍ഷണം’ തുടങ്ങിയ ധാരണകള്‍ ചിന്താസഞ്ചാരത്തിലൂടെ ദൃഢതരമാവുന്നു. ഒരിക്കല്‍ അടിയുറച്ചുപോയാല്‍പ്പിന്നെ ഈ ധാരണകള്‍ അന്തമില്ലാത്ത ദുഖങ്ങളും ദുരിതങ്ങളും ക്ഷണിച്ചു വരുത്തുന്നു.

വൈവിദ്ധ്യതയുടെ സമുദ്രോപരി നീന്താതെ, ആഴത്തില്‍ മുങ്ങി ഉള്ളിലുള്ള പ്രശാന്തതയെ പ്രാപിക്കൂ. ആരൊക്കെ ജനിച്ചു, മരിച്ചു, ആരൊക്കെ വന്നു പോയി? ഇത്തരം തെറ്റിദ്ധാരണകളില്‍ എന്തിനാണ് നീ അലയുന്നത്? ഒരേയൊരു ആത്മാവ് മാത്രം സത്തായി ഉള്ളപ്പോള്‍ മറ്റൊന്നിന് എവിടെയാണ് ഇടമുണ്ടാവുക?

“ബ്രഹ്മം ലോകമായി പ്രകടിതമാവുന്നു എന്ന സിദ്ധാന്തം, കയര്‍ പാമ്പായി കാണപ്പെടുന്നു എന്നതുപോലെ ബാലിശവും അജ്ഞാനജന്യവുമായ വെറും നേരംപോക്ക് മാത്രമാണ്. പ്രബുദ്ധതയാര്‍ജ്ജിച്ചവന്‍ സദാ വിരാജിക്കുന്നത് മറ്റൊന്നായി ഒരിക്കലും പ്രകടിതമാവാന്‍ സാദ്ധ്യമല്ലാത്ത പരമസത്യത്തിന്റെ സത്തയിലാണ്.”