യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 477 – ഭാഗം 6 നിര്‍വാണ പ്രകരണം.
നാമരൂപവിനിര്‍മുക്തം യസ്മിന്‍സംതിഷ്ഠതേ ജഗത്
തമാഹു: പ്രകൃതിം കേചിന്‍മായാമേകേ പരേ ത്വണൂന്‍ (6/128/21)
വാല്മീകി തുടര്‍ന്നു: ഇന്ദ്രിയങ്ങളുമായുള്ള സംസര്‍ഗ്ഗം വഴി ലഭിക്കുന്ന സുഖാനുഭവങ്ങളെയും നിഷിദ്ധങ്ങളും സ്വാര്‍ത്ഥപരവുമായ കര്‍മ്മങ്ങളെയും ഉപേക്ഷിച്ച് മനോനിയന്ത്രണത്തോടെ ഒരുവന്‍ സ്വയം പ്രശാന്തയില്‍ എത്തണം. അതിന് അവനില്‍ ഈ പ്രക്രിയയിലുള്ള വിശ്വാസം സുദൃഢമായിത്തീരണം.
അങ്ങനെ തയ്യാറായ ഒരുവന്‍, ഒരു സുഖാസനത്തില്‍, സമതുലിതാവസ്ഥയ്ക്ക് അനുയോജ്യമായ ഒരിടത്ത് ഇരിപ്പുറപ്പിക്കണം. പിന്നീട് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു വരുതിയിലാക്കണം. എന്നിട്ട് ഉള്ളില്‍ ശാന്തി കൈവരുന്നതുവരെ ഓംകാരം ജപിക്കണം. തുടര്‍ന്ന് മന:ശ്ശുദ്ധിക്കായി പ്രാണായാമം പരിശീലിക്കണം. സാവധാനത്തില്‍ അയത്നലളിതമായി ഇന്ദ്രിയങ്ങളെ ബാഹ്യവസ്തുക്കളില്‍ നിന്നും പിന്‍വലിക്കണം. ശരീരം, മനസ്സ്, ഇന്ദിയങ്ങള്‍, ബുദ്ധി, എന്നിവ എവിടെനിന്നും ആവീര്‍ഭവിച്ചു എന്ന് ധ്യാനിച്ച് അവയെ അതാത് ഉദ്ഭവസ്ഥാനങ്ങളിലേയ്ക്ക് മടങ്ങാന്‍ അനുവദിക്കുക.
ആദ്യമായി പ്രത്യക്ഷവിശ്വത്തില്‍ (വിരാട്ട്) മനസ്സുറപ്പിക്കുക. പിന്നീട് അപ്രകടിതമായതിലും ഒടുവില്‍ പരമ്പൊരുളിലും ആകട്ടെ മനസ്സ്. അങ്ങനെയാണ് എല്ലാമെല്ലാം അവയുടെ പ്രഭാവസ്ഥാനത്തേയ്ക്ക് ഉള്‍വലിയുന്നത്. ദേഹമാംസം മണ്ണുകൊണ്ട് ഉണ്ടായതിനാല്‍ അത് ഭൂമിയിലേയ്ക്ക് തിരിച്ചുപോവുന്നു. രക്തം ജലത്തിലേയ്ക്കും ദേഹത്തിലെ ചൂടും വെളിച്ചവും അഗ്നിയിലേയ്ക്കും മടങ്ങുന്നു. പ്രാണവായു വായുവിലേയ്ക്ക് മടങ്ങുന്നു. ദേഹാകാശം ആകാശത്തില്‍ വിലയിക്കുന്നു.
അതുപോലെത്തന്നെ ഇന്ദ്രിയങ്ങള്‍ അവയുടെ സ്രോതസ്സിലേയ്ക്ക് തിരിച്ചു പോവുന്നു. കേള്‍വി ആകാശത്തിലേയ്ക്ക്; സ്പര്‍ശം, വായുവിലേയ്ക്ക്; കാഴ്ച, സൂര്യനിലേയ്ക്ക്; സ്വാദ്, ജലത്തിലേയ്ക്ക്; പ്രാണവായു വായുവിലേയ്ക്ക്; വാക്ക് അഗ്നിയിലേയ്ക്ക്; കൈകള്‍ ഇന്ദ്രനിലേയ്ക്ക്; ചലനം വിഷ്ണുവിലേയ്ക്ക്; പ്രജനനം, കശ്യപനിലേയ്ക്ക്; വിസര്‍ജ്ജനം, മിത്രനിലേയ്ക്ക്; മനസ്സ് ചന്ദ്രനിലേയ്ക്ക്; ബുദ്ധി ബ്രഹ്മത്തിലേയ്ക്ക്.. ഇവയെല്ലാം അതത് അവയവങ്ങളെ ദ്യോതിപ്പിക്കുന്ന ദേവതകളാണ്. അവ അഹംകാര നിര്‍മ്മിതകളല്ല.
അങ്ങനെ എല്ലാം അതതിന്റെ സ്രോതസ്സിലേയ്ക്ക് മടങ്ങിക്കഴിഞ്ഞാല്‍ നിനക്ക് സ്വയം വിരാട്ടായി കാണാന്‍ കഴിയും. ഭഗവാന്‍ ബോധചൈതന്യമായി എല്ലാത്തിനും അടിസ്ഥാനമേകി വിശ്വഹൃദയത്തില്‍ വിരാജിക്കുകയാണ്. മൂലഘടകങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവ ക്രമത്തില്‍ തൊട്ടുമുന്‍പിലുള്ള ഘടകത്തിന്റെ ഇരട്ടി അളവില്‍ വിശ്വം നിറഞ്ഞു നില്‍ക്കുന്നു. ഭൂമിയെ ജലത്തിലും; ജലത്തെ അഗ്നിയിലും; അഗ്നിയെ വായുവിലും; വായുവിനെ ആകാശത്തിലും വിലയിപ്പിക്കുക. ആകാശം വിശ്വാകാശത്തില്‍ ലയിക്കട്ടെ. അതാണല്ലോ എല്ലാറ്റിന്റെയും മൂലകാരണം. ആ സൂക്ഷ്മശരീരത്തില്‍ നിന്നുകൊണ്ട് എല്ലാ ഉപാധികളെയും ഉപേക്ഷിച്ച യോഗി ‘ഞാനാണ് എല്ലാറ്റിന്റെയും ആത്മസത്ത’ എന്ന് സ്വയം അനുഭവിക്കണം.
“വിശ്വം ഏതൊരു നാമരൂപരഹിതമായ സത്തയിലാണോ നിലകൊള്ളുന്നത്, അതാണ് പ്രകൃതി. ചിലരതിനെ മായ എന്ന് വിളിക്കുന്നു. മറ്റുചിലര്‍ സൂക്ഷ്മാണു എന്ന് അതിനെ വിളിക്കുന്നു.” അവിദ്യ എന്നും അതിനു പേരുണ്ട്. ഇവയെപ്പറ്റിയുള്ള വാചകകസര്‍ത്തുകള്‍ എല്ലാവരെയും വല്ലാതെ കുഴപ്പിക്കുന്നുണ്ട്. ഒന്നറിയുക, ഈ അവസ്ഥയില്‍ എല്ലാമെല്ലാം നിലകൊള്ളുന്നത് അപ്രകടിതമായ സാദ്ധ്യാതാമാത്രമായ ഒരു തലത്തിലാണ്. സാദ്ധ്യതാമാത്രമായ ‘വസ്തുക്കള്‍ക്ക്’ തമ്മില്‍ എങ്ങനെയാണ് ബന്ധുതയുണ്ടാവുക? ഓരോ ലോകചക്രത്തിലും വസ്തുക്കള്‍ അതില്‍ നിന്നുമുണ്ടായി നിലനിന്നു മറയുന്നു. ആകാശം, വായു, അഗ്നി, ജല, ഭൂമി എന്നിങ്ങനെ സൂക്ഷ്മത്തില്‍ നിന്നും സ്ഥൂലത്തിലേയക്കാണ് സൃഷ്ടിയുടെ ക്രമം. എന്നാല്‍ ഇവയുടെ വിലയനം നടക്കുന്നത് വിപരീതക്രമത്തില്‍ സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേയ്ക്കാണ്.
ജാഗ്രദ്, സ്വപ്ന സുഷുപ്തി അവസ്ഥകളെ മറികടന്നാണ് തുരീയത്തെ പ്രാപിക്കുക. ധ്യാനാവസ്ഥയില്‍ സൂക്ഷ്മശരീരം പോലും പരംപൊരുളില്‍ വിലയിച്ചൊന്നാവുകയാണ്.