ഏവം താവത് പ്രാകൃതപ്രക്ഷയാന്തേ
ബ്രാഹ്മേ കല്പേ ഹ്യാദിമേ ലബ്ധജന്മാ |
ബ്രഹ്മാ ഭൂയസ്ത്വത്ത ഏവാപ്യ വേദാന്‍
സൃഷ്ടിം ചക്രേ പൂര്‍വകല്പോപമാനാം || 1 ||
ഇപ്രകാരം മഹാപ്രളയത്തിന്റെ അവസാനത്തില്‍ ആദ്യത്തില്‍ ഭവിച്ച ബ്രഹ്മകല്പത്തില്‍തന്നെ ജനിച്ചവനായ ബ്രഹ്മാവു വീണ്ടും അങ്ങയില്‍ നിന്നുതന്നെ വേദങ്ങളെ പ്രാപിച്ച് മുമ്പിലത്തെ കല്പത്തിലെപോലെ പ്രപഞ്ച സൃഷ്ടിയെചെയ്തു.
സോയം ചതുര്‍യുഗസഹസ്രമിതാന്യഹാനി
താവന്മിതാശ്ച രജനീര്‍ബഹുശോ നിനായ |
നിദ്രാത്യസൗ ത്വയി നിലീയ സമം സ്വസൃഷ്ടൈര്‍ –
നൈമിത്തികപ്രലയമാഹുരതോസ്യ രാത്രിം || 2 ||
ആ ബ്രഹ്മദേവന്‍ ആയിരം ചതുര്‍യ്യുഗകാലംകൊണ്ട് ഗണിക്കെപ്പെട്ട പകലുകളേയും അത്രതന്നെ കാലംകൊണ്ട് കണക്കാക്കപ്പെട്ട രാത്രികളേയും വളരെ കഴിച്ചുകൂട്ടി. ഇദ്ദേഹം തന്നാല്‍ സൃഷ്ടിക്കപ്പെട്ട ചരാചരങ്ങാളോടുകൂടി അങ്ങയില്‍ ലയിച്ചിട്ട് നിദ്രചെയ്യുന്നു, അതിനാല്‍ അദ്ദേഹത്തിന്റെ നിദ്രാ സമയമായ രാത്രിയെ നൈമിത്തികപ്രളയമെന്നു പറയുന്നു.
അസ്മാദൃശാം പുനരഹര്‍മുഖകൃത്യതുല്യാം
സൃഷ്ടിം കരോത്യനുദിനം സ ഭവത്പ്രസാദാത് |
പ്രാഗ്ബ്രാഹ്മകല്പജനുഷാം ച പരായുഷാം തു
സുപ്തപ്രബോധനസമാസ്തി തദാ വിസൃഷ്ടി: || 3 ||
ആ സ്രഷ്ടാവ് പിന്നീട് ഞങ്ങളെപ്പോലെയുള്ള വരുടെ പ്രഭാതകൃത്യങ്ങള്‍ക്കു തുല്യമായ പ്രപഞ്ചസൃഷ്ടിയെ ദിവസന്തോറും അങ്ങയുടെ അനുഗ്രഹംകൊണ്ട് ചെയ്യുന്നു. മുമ്പുള്ള ബ്രഹ്മകല്പത്തില്‍ ജനിച്ചവര്‍ക്കും ദീര്‍ഘായുസ്സുകളായ കര്‍ക്കണ്ഢേയാദികള്‍ക്കും അപ്പോഴുള്ള സൃഷ്ടിയാവട്ടെ ഉറങ്ങി ഉണരുന്നതിനോട് തുല്യമായി ഭവിക്കുന്നു.
പഞ്ചാശദബ്ദമധുനാ സ്വവയോര്‍ദ്ധരൂപ-
മേകം പരാര്‍ദ്ധമതിവൃത്യ ഹി വര്‍ത്തതേസൗ |
തത്രാന്ത്യരാത്രിജനിതാന്‍ കഥയാമി ഭൂമന്‍
പശ്ചാദ്ദിനാവതരണേ ച ഭവദ്വിലാസാന്‍ || 4 ||
ഇപ്പോള്‍ ഈ ബ്രഹ്മദേവന്‍ തനിക്കുള്ള ആയുസ്സിന്റെ പകുതിഭാഗവും അമ്പതു സംവത്സരപ്രമാണവുമായ ഒരു പരാര്‍ദ്ധകാലത്തെ അതിക്രമിച്ച് സ്ഥിതിചെയ്യുന്നു എന്നത് പ്രസിദ്ധമാണല്ലോ അല്ലേ ഭഗവന്‍! അതില്‍ ഒടുവിലത്തെ രാത്രിയില്‍ ഉണ്ടായതും പിറ്റെന്നു പ്രഭാതത്തില്‍ സംഭവിച്ചതുമായ അങ്ങയുടെ ലീലാവിലാസങ്ങളെ ഞാന്‍ വര്‍ണ്ണിച്ചുപറയാം.
ദിനാവസാനേഥ സരോജയോനി: സുഷുപ്തികാമസ്ത്വയി സന്നിലില്യേ |
ജഗന്തി ച ത്വജ്ജഠരം സമീയുസ്ത ദേദമേകാര്‍ണ്ണവമാസ വിശ്വം || 5 ||
അനന്തരം പങ്കജോത്ഭവനായ ബ്രഹ്മാവ് കഴിഞ്ഞ പകലിന്റെ അവസാനത്തില്‍ വിശ്രമിക്കുവാനാഗ്രഹിക്കുന്നവനായി നിന്തിരുവടിയില്‍ വഴിപോലെ ചേര്‍ന്നു ലയിച്ചു. പ്രപഞ്ചം മുഴുവനും അങ്ങയുടെ ഉദരത്തെ പ്രാപിച്ചു അപ്പോള്‍ ഈ ജഗത്ത് മുഴുവന്‍ ജലമയമായി ഭവിച്ചു.
തവൈവ വേഷേ ഫണിരാജി ശേഷേ ജലൈകശേഷേ ഭുവനേ സ്മ ശേഷേ |
ആനന്ദസാന്ദ്രാനുഭവസ്വരൂപ: സ്വയോഗനിദ്രാപരിമുദ്രിതാത്മാ || 6 ||
ലോകം ജലമാത്രശേഷമായിത്തീര്‍ന്നപ്പോള്‍ ആനന്ദത്തിന്റെ പരിപൂര്‍ണ്ണമായ അനുഭവമാകുന്ന സ്വരൂപത്തോടുകൂടിയ നിന്തിരുവടി തന്റെ യോഗനിദ്ര കൊണ്ടടയാളപ്പെട്ട രൂപവിഭവത്തോടുകൂടിയവനായിട്ട് അങ്ങയുടെതന്നെ സ്വരൂപാന്തര മായിരിക്കുന്ന സര്‍പ്പശ്രേഷ്ഠനായ ആദിശേഷനില്‍ ശയിച്ചു.
കാലാഖ്യശക്തിം പ്രലയാവസാനേ
പ്രബോധയേത്യാദിശതാ കിലാദൗ |
ത്വയാ പ്രസുപ്തം പരിസുപ്തശക്തി-
വ്രജേന തത്രാഖിലജീവധാമ്നാ || 7 ||
ആ സര്‍പ്പശയനത്തിന്റെ പ്രളയാരംഭകാലത്ത് തന്നില്‍ പ്രശാന്തമായി ലയിച്ചുകിടക്കുന്ന ശക്തിസമൂഹങ്ങളോടുകൂടിയവനും സകല ജീവത്മാക്കള്‍ക്കും വിശ്രമസ്ഥാനവും “പ്രളയത്തിന്റെ അവസാനത്തില്‍ എന്നെ ഉണര്‍ത്തുക” എന്നിങ്ങനെ കാലം എന്നു പേരായ സ്വന്തം ശക്തിയോടു കല്പിച്ചുവനുമായ നിന്തിരുവടിയാല്‍ യോഗനിദ്ര ചെയ്യപ്പെട്ടുപോല്‍.
ചതുര്‍യുഗാണാം ച സഹസ്രമേവം
ത്വയി പ്രസുപ്തേ പുനരദ്വിതീയേ |
കാലാഖ്യശക്തി: പ്രഥമപ്രബുദ്ധാ
പ്രാബോധയത്ത്വാം കില വിശ്വനാഥ || 8 ||
ജഗദീശ്വര ! ഏകാകിയായ നിന്തിരുവടി ഒരായിരം ചതുര്‍യ്യുഗകാലം മുഴുവന്‍ ഈ വിധത്തില്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പിന്നെ (പ്രളയാവസാനത്തില്‍) കാലം എന്നറിയപ്പെടുന്ന ശക്തി ആദ്യം ഉണര്‍ന്നിട്ട് അങ്ങയേയും ഉണര്‍ത്തിയത്രെ.
വിബുദ്ധ്യ ച ത്വം ജലഗര്‍ഭശായിന്‍
വിലോക്യ ലോകാനഖിലാന്‍ പ്രലീനാന്‍ |
തേഷ്വേവ സൂക്ഷ്മാത്മതയാ നിജാന്ത: –
സ്ഥിതേഷു വിശ്വേഷു ദദാഥ ദൃഷ്ടിം || 9 ||
കാരണജലത്തിന്റെ മദ്ധ്യഭാഗത്ത് പള്ളിക്കുറിപ്പുകൊള്ളുന്ന ഭഗവന്‍! നിന്തിരുവടി ഉണര്‍ന്ന ഉടനെ എല്ലാ ലോകങ്ങളേയും തന്നില്‍ ലയം പ്രാപിച്ചുരിക്കുന്നതായി കണ്ട് സൂക്ഷ്മസ്വരൂപത്തോടുകൂടി തന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ആ ലോകങ്ങളില്‍തന്നെ ദൃഷ്ടിയെ വിക്ഷേപിച്ചു. (കടാക്ഷിച്ചു.)
തതസ്ത്വദീയാദയി നാഭിരന്ധ്രാ-
ദുദഞ്ചിതം കിംചന ദിവ്യപത്മം |
നിലീനനിശ്ശേഷപദാര്‍ത്ഥമാലാ-
സംക്ഷേപരൂപം മുകുളായമാനം || 10 ||
ഹേ ഭഗവന്‍! അനന്തരം അങ്ങയുടെ നാഭിരന്ധ്രത്തില്‍നിന്ന് നിന്തിരുവടിയില്‍തന്നെ ലയിച്ചുകിടക്കുന്ന എല്ലാ പദാര്‍ത്ഥങ്ങളുടേയും ബീജരൂപമായി മൊട്ടിന്റെ ആകൃതിയിലുള്ള ഒരു ദിവ്യമായ താമരപ്പൂവ് പൊങ്ങിപ്പുറപ്പെട്ടു.
തദേതദംഭോരുഹകുഡ്മളം തേ
കളേബരാത്ത തോയപഥേ പ്രരൂഢം |
ബഹിര്‍ന്നിരീതം പരിത: സ്ഫുരദ്ഭി:
സ്വധാമഭിര്‍ദ്ധ്വാന്തമലം ന്യകൃന്തത് || 11 ||
നിന്തിരുവടിയുടെ തിരുമേനിയില്‍നിന്നു ജലമാര്‍ഗ്ഗത്തില്‍ മുളച്ചുപൊങ്ങിയ അങ്ങിനെയുള്ള ഈ താമരമൊട്ട് ക്രമേണ പുറത്തേയ്ക്കു പുറപ്പെട്ടതായി ചുറ്റും പ്രകാശിച്ചുകൊണ്ടിരുന്ന സ്വതേജസ്സുകൊണ്ട് ഇരുളിനെ നിശ്ശേഷം നശിപ്പിച്ചു.
സംഫുല്ലപത്രേ നിതരാം വിചിത്രേ
തസ്മിന്‍ ഭവദ്വീര്യധൃതേ സരോജേ |
സ പദ്മജന്മാ വിധിരാവിരാസീത്
സ്വയംപ്രബുദ്ധാഖിലവേദരാശിഃ || 12 ||
നല്ലപോലെ വികസിച്ച ഇതളുകളോടുകുടിയതും ഏറ്റവും വിചിത്രമായിരിക്കുന്നതും അങ്ങയുടെ യോഗശക്തിയാല്‍ ധരിക്കപ്പെട്ടിരിക്കുന്നതുമായ ആ താമരപ്പുവില്‍ തന്നെതാന്‍ ബുദ്ധിയില്‍ തെളിഞ്ഞുതുടങ്ങിയ എല്ലാ വേദസമൂഹങ്ങളോടുകൂടിയ പങ്കജോത്ഭവനായ ആ ബ്രഹ്മാവ് ആവിര്‍ഭവിച്ചു.
അസ്മിന്‍ പരാത്മന്‍ നനു പാദ്മകല്പേ
ത്വമിത്ഥമുത്ഥാപിതപദ്മയോനി: |
അനന്തഭൂമാ മമ രോഗരാശിം
നിരുന്ധി വാതാലയവാസ വിഷ്ണോ || 13 ||
പരമാത്മസ്വരൂപിയായി സര്‍വ്വവ്യാപിയായിരിക്കുന്ന ഗുരുവായൂര്‍വാസിന്‍! ഈ പദ്മമെന്ന കല്പത്തില്‍ ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട ബ്രഹ്മാവിനൊടുകൂടിയവനും അളവറ്റ മഹിമയോടുകൂടിയവനുമായ നിന്തിരുവടിതന്നെ എന്റെ വ്യാധികളെയെല്ലാം നിവാരണം ചെയ്യേണമേ.
പ്രളയവര്‍ണ്ണനവും ജഗത് സൃഷ്ടിപ്രകാരവര്‍ണ്ണനവും എന്ന എട്ടാം ദശകം
ആദിതഃ ശ്ലോകാഃ 88
വൃത്തം : – ശ്ലോകം 1 – ശാലിനീ. ലക്ഷണം : നാലേഴായ് മം ശാലിനീ തം തഗംഗം.
ശ്ലോകം 2,3,4 – വസന്തതിലകം.
ശ്ലോകം5 – ഉപേന്ദ്രവജ്രഃ – ഉപേന്ദ്രവജ്രക്കു ജതംജഗംഗാ
ഇന്ദ്രവജ്രഃ – കേളിന്ദ്രവജ്രക്കു തതംജഗംഗം
ഉപജാതിഃ – അഥേന്ദ്രവജ്രാംഘ്രിയുപേന്ദ്രവജ്ര കലര്‍ന്നുവന്നാലുപജാതിയാകും.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.