യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 494 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
സചേതനോഽയ പിണ്ടോഽന്ത: ക്ഷുരസൂച്യാദികം യഥാ
ബുദ്ധ്യതേ ബുദ്ധ്യതേ തദ്വജ്ജീവോഽജ്ഞസ്ത്രിജഗദ്‌ഭ്രമം (6.2/18/28)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ ലോകം പ്രപഞ്ചാകാശത്തില്‍ ഉയര്‍ന്നു വന്നു എന്ന് കണക്കാക്കിയാല്‍ത്തന്നെ അതില്‍ താമസിക്കുന്നവര്‍ക്ക് അത് അനുഭവവേദ്യമാവുകയില്ല. കാരണം ഒരു വഞ്ചിയില്‍ യാത്രചെയ്യുന്നവര്‍ വഞ്ചിയോടൊപ്പം നീങ്ങുകയാണല്ലോ? വഞ്ചിയില്‍ ഇല്ലാത്തവര്‍ക്കേ അതിന്റെ ചലനം കാണാന്‍ കഴിയൂ.
കരവിരുതും ഭാവനയും ഉള്ള കലാകാരന്‍ കാന്‍വാസിലോ കല്ലിലോ രചിക്കുന്ന ദൃശ്യങ്ങളില്‍ ദൂരത്തിന്റെ, ആഴത്തിന്റെ, പ്രതീതി യഥാതഥമായി ആവിഷ്ക്കരിക്കുന്നതുപോലെ അണുസൂക്ഷ്മ ഘടകങ്ങള്‍ക്കുള്ളില്‍ മനസ്സ് അപരിമേയമായ ദൂരത്തെ ഉള്‍ക്കൊള്ളുന്നു. വസ്തുക്കളുടെ വലുപ്പത്തെപ്പറ്റിയുള്ള വിവക്ഷകള്‍ പലപ്പോഴും വികലമായിത്തീരാറുമുണ്ട്. അതുപോലെ ഈ ലോകത്തെയും മറുലോകങ്ങളെ സംബന്ധിച്ചുമുള്ള അനുഭവം ഉണ്ടെന്ന് തോന്നുമെങ്കിലും അവ വാസ്തവത്തില്‍ മിഥ്യയാണ്.
ഇവയില്‍ നിന്നെല്ലാം ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണ് ‘ഇതെനിക്കഭികാമ്യം’, ‘ഇതെനിയ്ക്ക് ഹിതമല്ല’, മുതലായ ചിന്തകൾ. ചൈതന്യവാനായ ഒരു ജീവി തന്റെ അവയവങ്ങളുടെ അസ്തിത്വം തിരിച്ചറിയുന്നത് അതിന്റെയുള്ളിലെ സഹജബുദ്ധിയില്‍ നിന്നുമാണ്. അതുപോലെ വിശ്വജീവന്‍ വൈവിദ്ധ്യതയെ തിരിച്ചറിയുന്നത് സ്വയമേവയാണ്. അനന്താവബോധം അജമാണ്, അവിച്ഛിന്നമാണ്. ലോകങ്ങളെല്ലാം അതിന്റെ അവയവങ്ങള്‍ എന്നപോലെയാണ് വര്‍ത്തിക്കുന്നത്.
ചൈതന്യമുള്ള ഒരു ഇരുമ്പു ഗോളം സ്വയം തന്നിൽനിന്നുണ്ടാക്കാവുന്ന കത്തി, സൂചി മുതലായവകളുടെ സാദ്ധ്യത ഭാവനചെയ്യുകയാണെങ്കില്‍ എങ്ങനെയാണോ, അതുപോലെ വെറും ഭ്രമക്കാഴ്ചമാത്രമാണെങ്കിലും ജീവന്‍ തന്നില്‍ മൂന്നുലോകങ്ങളെയും കാണുകയും അനുഭവിക്കുകയും ചെയ്യുന്നു.
ഇപ്പോൾ ചൈതന്യരഹിതമായ വിത്തില്‍ ഒരു സാധ്യതാസാന്നിദ്ധ്യമായി ശിഖരങ്ങളും ഇലകളും കായ്കളും നിറഞ്ഞ മരമുണ്ട്. എന്നാല്‍ അവയൊന്നും യഥാര്‍ഥത്തില്‍ ഉള്ളവയല്ല. അതുപോലെ എല്ലാ ലോകങ്ങളും ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. സചേതനമെന്നോ അചേതനമെന്നോ കണക്കാക്കിയാലും അവ വ്യതിരിക്തമായ വസ്തുക്കളായി ‘ഉണ്ടെന്നു’ പറയാന്‍ വയ്യ. കണ്ണാടിയില്‍ പ്രതിഫലിച്ച നഗരം കണ്ടാലും കണ്ടില്ലെങ്കിലും നാം ആ പ്രതിഫലനം ഉള്ളതാണെന്നോ ഇല്ലാത്തതാണെന്നോ പറഞ്ഞാലും യാതൊരു വ്യത്യാസവുമില്ല. മൂന്നു ലോകങ്ങളും ബ്രഹ്മവും തമ്മിലുള്ള ബന്ധം ഇതുപോലെയത്രേ.
ലോകമെന്നു പറയുന്നത് കാലദേശങ്ങളും ആകാശവും ചലനവും അസ്തിത്വവും ആണ്. അഹംകാരം എന്നുപറയുന്നത് അതിനെത്തന്നെയാണ്. കാരണം അവ പരസ്പരപരാധീനരാണ്. സ്വയം മാറ്റങ്ങള്‍ക്ക് വിധേയമാകാതെയിരിക്കുന്നുവെങ്കിലും ലോകമായി കാണപ്പെടുന്നത് പരമാത്മാവ് തന്നെയാണ്. ഒരു പ്രത്യേക സമയത്തും ദേശത്തും ലോകത്തെ നാം സങ്കല്‍പ്പിക്കുകയാണ്. മനസ്സില്‍ ഇക്കാണായ വ്യത്യാസങ്ങളെല്ലാം ധാരണകളായി ഉയരുകയാണ്. മനസ്സ് ബോധം തന്നെയാണ്. അതുകൊണ്ട് ദൃശ്യം സത്യമല്ല. അത് അസത്താണ്.