യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 498 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
തജ്ജാജ്ഞയോരശേഷേഷു ഭവാഭാവേഷു കര്‍മസു
ഋതേ നിര്‍വാസനത്വാതു ന വിശേഷോഽസ്തി കശ്ചന (6.2/22/53)
വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ ദേഹങ്ങളിലും മഞ്ഞുകണമെന്നപോലെ ജീവന്‍ നിലകൊള്ളുന്നു. വലിയ ജീവികളില്‍ ഘനസാന്ദ്രവും സ്ഥൂലവുമായും ചെറുജീവികളില്‍ സൂക്ഷ്മവും ലോലവുമായും അത് കുടികൊള്ളുന്നു.
ഈ ത്രികോണത്തില്‍ സ്വയം സങ്കല്പ്പിച്ചു കടന്നുവരുന്നതാണ് ‘ഞാന്‍’. അതായത് ജീവന്‍ സ്വയം തന്നെ അറിയുന്ന അവസ്ഥ. വെറും മായക്കാഴ്ച്ചയാണെങ്കിലും ഒന്നും യാഥാര്‍ഥ്യമല്ലെങ്കിലും സ്വയം താനൊരു ദേഹമാണെന്ന് വേര്‍തിരിച്ചറിയുന്ന അവസ്ഥയാണിത്.
കര്‍മ്മകവചമായ ആ ത്രികോണത്തില്‍ ജീവന്റെ സത്തായി, പൂവില്‍ പൂമണമെന്നപോലെ ദേഹത്തില്‍ ശുക്ളബീജമിരിക്കുന്നു. സൂര്യകിരണങ്ങള്‍ ലോകമെല്ലാം വ്യാപിച്ചിരിക്കുന്നതുപോലെ, ശുക്ളബീജത്തിലെ ജീവന്‍, തികോണസ്ഥിതനായി, ദേഹം മുഴുവനും വ്യാപരിച്ചിരിക്കുന്നു.
ജീവന്‍ അകത്തും പുറത്തും എല്ലായിടത്തും ഉണ്ടെങ്കിലും ജീവന്റെ ഊര്‍ജ്ജ്വസ്വലത ശുക്ളബീജത്തിലാണ് കാണപ്പെടുന്നത്. അതിനാല്‍ ജീവന്റെ സവിശേഷമായ ഇരിപ്പിടമായി അതിനെ കണക്കാക്കുന്നു. അത് എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തില്‍ നിലകൊള്ളുന്നു. അതെന്തു സങ്കല്‍പ്പിക്കുന്നുവോ അത് യാഥാര്‍ഥ്യമാവുന്നു. അതിന്റെ ധാരണാനുഭവങ്ങള്‍ ജീവിയുടെ അനുഭവങ്ങളാവുന്നു.
എന്നാല്‍ ഈ ജീവന്‍ ബോധത്തിലെ ചഞ്ചലത്വം ഇല്ലാതാക്കിയില്ലെങ്കില്‍, മനസ്സ് നിര്‍മനമായില്ലെങ്കില്‍, അതിനു പ്രശാന്തി കൈവരിക്കാന്‍ കഴിയുകയില്ല. ‘ഇതാണ് ഞാന്‍’ എന്ന തെറ്റിദ്ധാരണയില്‍ നിന്നും അതിനു പുറത്തു കടക്കാനും കഴിയില്ല. അതുകൊണ്ട് രാമാ, നീ ചിന്തകളും വികാരങ്ങളും കൊണ്ടുനടന്നാല്‍പ്പോലും നിന്നില്‍ ‘ഞാന്‍’, ‘അഹം’, എന്ന ചിന്തയുണ്ടാവുന്നില്ലെങ്കില്‍ നിനക്ക് ആകാശംപോലെ പ്രശാന്തമായി നിലകൊള്ളാം.
കൊത്തിവച്ച പ്രതിമപോലെ ലോകത്ത് ജീവിച്ചു പ്രവര്‍ത്തിക്കുന്ന ആത്മജ്ഞാനികളായ മാമുനിമാരുണ്ട്. അവരുടെ അവയവങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അതുകൊണ്ട് ലോകത്തിനു ഹാനിയൊന്നും ഉണ്ടാവുന്നില്ല. ലോകവ്യാപാരങ്ങള്‍ ബാധിക്കാതെ ഇവിടെ ആകാശസമാനം ജീവിക്കുന്നവര്‍ എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തരാണ്. വൈവിദ്ധ്യതയെന്ന അസത്തിനെ മനസാ ഉപേക്ഷിക്കാത്തവനെ ആകുലതകള്‍ ഉപേക്ഷിക്കുകയില്ല.
കിട്ടുന്ന ആഹാരം സന്തുഷ്ടിയോടെ ഭുജിച്ച്, കിട്ടുന്ന വസ്ത്രം ധരിച്ച്, ഇടം കിട്ടുന്നിടത്തു കിടന്നുറങ്ങി ജീവിക്കുന്നവന്‍ ചക്രവര്‍ത്തിക്ക് സമനാണ്. അയാളും ഉപാധിസ്ഥമായ ജീവിതമാണ് നയിക്കുന്നതെന്ന് തോന്നിയാലും അയാള്‍ സ്വതന്ത്രനാണ്. അയാള്‍ കര്‍മ്മനിരതനാണെന്നു കാഴ്ചയില്‍ തോന്നിയാലും അയാള്‍ കഠിനപരിശ്രമമൊന്നും ചെയ്യുന്നില്ല. ദീര്‍ഘനിദ്രയിലെ ദേഹപ്രവര്‍ത്തനങ്ങള്‍ പോലെ സഹജമാണാ പ്രവര്‍ത്തനങ്ങള്‍.
“വാസ്തവത്തില്‍ സത്യദര്‍ശിയായ ജ്ഞാനിയും അജ്ഞാനിയും തമ്മില്‍ വ്യത്യാസമില്ല. ജ്ഞാനിയ്ക്ക് ഉപാധികളാല്‍ വലയുന്ന മനസ്സില്ല എന്ന് മാത്രം.”
ഉപാധിസ്ഥമായ മനസ്സ് ലോകമായി കാണുന്നത്, ഉപാധിരഹിതമായ മനസ്സില്‍ ബ്രഹ്മമാണ്. ഉണ്മയായി കാണപ്പെടുന്നതെല്ലാം നിലനിന്ന് നശിച്ച്, വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
എന്നാല്‍ രാമാ, നീ ‘അതാ’കുന്നു. അതിനു ജനനമരണങ്ങള്‍ ഇല്ല. ഒരിക്കല്‍ ആത്മജ്ഞാനം ലഭിച്ചുകഴിഞ്ഞാല്‍പ്പിന്നെ ലോകത്തിലെ ഒന്നിനും നിന്നില്‍ ഒരു ധാരണയും അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുകയില്ല. കരിഞ്ഞുണങ്ങിയ വിത്തില്‍ നിന്നും എങ്ങനെയാണ് ചെടി മുളയ്ക്കുക?
അങ്ങനെ നിര്‍മനനായ ഒരുവന്‍ കര്‍മ്മനിരതനായാലും അല്ലെങ്കിലും ആത്മാഭിരാമനാണ്. സുഖാനുഭാവങ്ങളോടുള്ള ആസക്തി തീരെ ഇല്ലാതായവര്‍ മാത്രമേ പരമപ്രശാന്തി അനുഭവിക്കുകയുള്ളു. മറ്റുമാര്‍ഗ്ഗങ്ങളില്‍ക്കൂടി മനശ്ശാന്തി നേടിയവര്‍ക്ക് അപ്രാപ്യമാണത്.