യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 503 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

അഥവാ വാസനോത്സാദ ഏവാസങ്ക ഇതി സ്മൃത:
യയാ കയാചിധ്യുക്ത്യാന്ത: സമ്പാദയ തമേവ ഹി (6.2/28/25)

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മാവിലാണ് ഏകത്വവും അനേകത്വവും ഉള്ളത്. എന്നാല്‍ അവ രണ്ടും തമ്മില്‍ പരസ്പരവിപരീതങ്ങളാണെന്ന്‍ പറയുകവയ്യ. ആത്മാവില്‍ എങ്ങനെയാണ് വൈവിദ്ധ്യത ആരോപിക്കാനാവുക?

ഒരെയോരാത്മാവ് അതിസൂക്ഷ്മവും സര്‍വ്വവ്യാപിയുമായി ആകാശംപോലെ നിലകൊള്ളുന്നു. ദേഹങ്ങളുടെ ജനനമരണങ്ങള്‍ അതിനെ ബാധിക്കുന്നില്ല. അതിനെ വിഭജിക്കുന്നില്ല. ‘ഞാന്‍ ദേഹമാണ്’ എന്ന ധാരണ വെറും ഭ്രമമാണ്. ഉണ്മയല്ല. നീ അവിച്ഛിന്നനിര്‍മലമായ ആത്മാവാണ്, അനന്തമായ അവബോധമാണ്.

കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്നീ ത്രിപുടികള്‍ മനസ്സിന്റെ വരുതിയിലാണ്. എന്നാല്‍ മനസ്സിന് ഇത്തരം വിഭജനങ്ങള്‍ ഇല്ലാത്തതിനാല്‍ അത് ധ്യാനസീമയ്ക്കും അപ്പുറമാണ്.

എല്ലാമെല്ലാം ഒരേയൊരു അവിഭജിതസത്തയായ ബ്രഹ്മം മാത്രം. ലോകത്ത് മറ്റൊന്നുമില്ല. അപ്പോള്‍പ്പിന്നെ എങ്ങനെയാണ് ഭ്രമചിന്തകള്‍ക്ക് നിലനില്‍പ്പുണ്ടാവുക?

വ്യതിരിക്തലോകമെന്ന ഭ്രമം – അത് സത്യമാണെങ്കിലും ഭാവനയാണെങ്കിലും എന്റെ ഉപദേശം കേട്ടതുമൂലം നിന്നില്‍ അസ്തമിച്ചിരിക്കുന്നു. ഇനി സംസാരബന്ധനമെന്ന ദുഃഖം നിനക്കനുഭവിക്കേണ്ടിവരികയില്ല. അതിന്റെ കാരണങ്ങളുടെ വേരുകള്‍ അറുത്തുകഴിഞ്ഞുവല്ലോ. ഐശ്വര്യത്തിലും ദൌര്‍ഭാഗ്യത്തിലും സ്വതന്ത്രനായി, അഹംകാരരഹിതനായി അനാസക്തനായി ജീവിച്ചാലും.

രാമന്‍ പറഞ്ഞു: ഭഗവാനേ, ഒരിക്കല്‍ക്കൂടി അങ്ങില്‍ നിന്നും കര്‍മ്മങ്ങളെപ്പറ്റിയും വിധിയെന്നു പേരിട്ടു വിളിക്കുന്ന ഈശ്വരേച്ഛയെപ്പറ്റിയും കേള്‍ക്കണമെന്ന് എനിക്കാഗ്രഹം തോന്നുന്നു.

വസിഷ്ഠന്‍ പറഞ്ഞു: ദിവ്യേച്ഛ, വിധി, നിയതി, ദൈവം, കര്‍മ്മം, എന്നിവയെല്ലാം വെറും ഭാവനകള്‍ അല്ലെങ്കില്‍ ധാരണകള്‍ മാത്രമാണ്. സത്യം എന്തെന്നാല്‍ ഇവയെല്ലാം ബോധസഞ്ചാരങ്ങള്‍ മാത്രമാണ്. ബോധസഞ്ചാരമുള്ളപ്പോള്‍ ലോകമെന്ന കാഴ്ച ഉണരുന്നു. അതില്ലാത്തപ്പോള്‍ ലോകമെന്ന പ്രകടനം ഇല്ല. ഈ ചലനവും ബോധവും തമ്മില്‍ യാതൊരു ഭിന്നതയും ഇല്ല. ഒരു ജീവിയും അയാളുടെ കര്‍മ്മവും തമ്മില്‍ വ്യത്യാസമേതുമില്ല. ഒരു ജീവിയുടെ നൈസര്‍ഗ്ഗികമായ പ്രവര്‍ത്തനത്തെ ആ ജീവിയില്‍ നിന്നും വേറിട്ട്‌ കാണുന്നതെങ്ങനെ?

അതുകൊണ്ട് ദൈവം, കര്‍മ്മം, നരന്‍, തുടങ്ങിയ വാക്കുകള്‍ ബോധത്തിലെ ചലനങ്ങളെ വിവക്ഷിക്കുന്നു എന്നേ പറയാനാവൂ. പരിമിതസ്വഭാവത്തോട് കൂടിയ ബോധചലനമാണ് എല്ലാറ്റിന്റെയും ബീജമാവുന്നത്. എന്നാല്‍ ബോധചലനം അഹേതുകമാണ്.

വിത്തും മുളയും തമ്മില്‍ വ്യത്യാസമേതുമില്ല. അതിനാല്‍ ദേഹാദികള്‍ എല്ലാം ബോധചലനം തന്നെ എന്ന് കാണാം. ബോധചലനം സര്‍വ്വശക്തമായതിനാല്‍ അതിന് ദേവാസുരന്മാരടക്കം വൈവിദ്ധ്യമാര്‍ന്ന ജീവികളേയും സ്ഥാവരജംഗമ വസ്തുക്കളെയും, ചൈതന്യമാര്‍ന്നവയെയും ജഡത്വമുള്ളവയും മൂര്‍ത്തീകരിക്കാന്‍ കഴിയും.

ഒരാളും അയാളുടെ കര്‍മ്മവും വ്യത്യസ്തമാണെന്ന് കരുതുന്നവര്‍ മനുഷ്യവേഷമണിഞ്ഞ മൃഗങ്ങളാണ്. അവര്‍ക്കും നമസ്കാരം! ലോകമായി വികസ്വരമാവുന്നത് സ്വപരിമിതികളും മനോപാധികളുമാണ്. അതിന്റെ വിത്തിനെ അനാസക്തിയാലും സ്വതന്ത്രതാബോധത്താലും ഉണക്കിയെരിച്ചു കളയൂ. അനിച്ഛാപൂര്‍വ്വം ചെയ്യുന്ന കര്‍മ്മങ്ങള്‍ അകര്‍മ്മങ്ങളാണ്. അവ സ്വതന്ത്രമാണ്. അനാസക്തമാണ്.

“വാസനകളെ നിര്‍മാര്‍ജ്ജനം ചെയ്യുകയെന്നത് അനാസക്തകര്‍മ്മമാണ്‌. അത് സ്വാതന്ത്ര്യമാണ്. ഏതു വിധേനെയും ഈ സ്വാതന്ത്ര്യം നെടിയെടുക്കൂ.”

ഏതിനാണോ നിന്നിലെ വാസനയുടെ വിത്തിനെ നശിപ്പിക്കാനാവുക, അതാണ്‌ ഏറ്റവും അനിയോജ്യമായുള്ളത്. ഇതിനായി സ്വപരിശ്രമമല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.