യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 510 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

വചസാ മനസാ ചാന്ത: ശബ്ദാര്‍ത്ഥവവിഭാവയന്‍
യ അസ്തേ വര്‍ധതേ തസ്യ കല്‍പനോപശമ: ശനൈ: (6.2/33/4)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ ഒരുവന്‍ സ്വപ്രയത്നത്താലും മഹാത്മാക്കളുടെ സത്സംഗത്താലും ജ്ഞാനിയായിക്കഴിഞ്ഞാല്‍പ്പിന്നെ അയാളില്‍ ലോകം എന്ന ധാരണ വികസ്വരമാവുകയില്ല. ഒരുവന്റെ ബോധത്തില്‍ ഒരു ധാരണ ഉയരുന്നു, അതിനു വിരുദ്ധമായി മറ്റൊരു ധാരണയുണ്ടാകുന്നു എന്നിരിക്കട്ടെ. അപ്പോള്‍ ആദ്യത്തെ ധാരണയില്‍ പരിവര്‍ത്തനം സംഭവിക്കുന്നു.

എല്ലാ ഭാവനകളെയും ഉപേക്ഷിക്കുമ്പോഴാണ് മോക്ഷം. അത് സാധിക്കുന്നതോ, സുഖാസക്തികള്‍ നിലയ്ക്കുമ്പോള്‍ മാത്രമാണ്.

“ധാരണകളും ആശയങ്ങളും ഒരുവനില്‍ നിലയ്ക്കുന്നത് ആ വാക്കുകളുടെ -ഈ വാക്കുകള്‍ സ്വയം ഉണ്ടാക്കിയതായാലും മറ്റുള്ളവര്‍ പറഞ്ഞതായാലും- അര്‍ത്ഥതലങ്ങളെപ്പറ്റിയുള്ള ആലോചനകള്‍ മനപ്പൂര്‍വ്വം അവസാനിപ്പിക്കുമ്പോഴാണ്.

അഹംകാരത്തെ ഉപേക്ഷിക്കുന്നത് അജ്ഞാനത്തിന്റെ അവസാനം കുറിക്കുന്നു. അത് തന്നെയാണ് നിര്‍വാണം. ഈ ലോകം ഉണ്ടെന്നു വരികിലും ഇല്ലെന്നു വരികിലും മനസ്സ് അതിനെ അംഗീകരിച്ചുകൊണ്ട് അതിനെപ്പറ്റി ആലോചിക്കുമ്പോള്‍ അത് ദുഖഹേതുവാകുന്നു. എന്നാല്‍ ലോകത്തെ അംഗീകരിക്കാതിരിക്കുമ്പോള്‍ അതാണ്‌ ആനന്ദം. ദേഹമെടുത്ത എല്ലാ ജീവികള്‍ക്കും രണ്ടു തരം അസ്വാസ്ഥ്യങ്ങളുണ്ട്‌. ഒന്ന്‍ ഇഹലോകസംബന്ധിയാണ്. മറ്റേത് മറ്റു ലോകങ്ങളെ സംബന്ധിച്ചും. ഇഹലോകത്ത് ഉണ്ടാവുന്ന അസുഖങ്ങള്‍ ജീവിതമവസാനിക്കുന്നതിനു മുന്‍പേ സുഖപ്പെടുത്താന്‍ അജ്ഞാനിയായ മനുഷ്യന്‍ ശ്രമിക്കുന്നു. എന്നാല്‍ മറുലോകത്തിലെ പ്രശ്നങ്ങള്‍ക്ക് അത്തരം പരിഹാരങ്ങള്‍ ഒന്നുമില്ല. മറുലോകങ്ങളിലെ പ്രശ്നങ്ങള്‍ മാറ്റാമെന്നൊരു പ്രത്യാശപോലും വച്ചുപുലര്‍ത്താന്‍ ആവുകയില്ല. കാരണം അത്തരം പരിഹാരങ്ങള്‍ അവിടെയെങ്ങും ഇല്ല തന്നെ.

ഇഹലോകത്തിലെ അവിദ്യയെന്ന രോഗത്തെ നിവാരണം ചെയ്യാന്‍ ആകുന്നില്ലെങ്കില്‍പ്പിന്നെ ഈ ലോകം വിട്ടു ചെല്ലുന്ന മറുലോകത്തിലെ രോഗപീഢകളെ എങ്ങനെ തരണം ചെയ്യാനാണ്? ഈ ലോകജീവിതത്തിലെ പ്രശനങ്ങളെ പരിഹരിക്കാനായി സമയം ചിലവഴിക്കുന്നത് തന്നെ വൃഥാവിലാണ്. എന്നാല്‍ ആത്മജ്ഞാനം കൊണ്ട് മറുലോകത്തിലെ പ്രശ്നങ്ങള്‍തന്നെ (ലോകമെന്ന പ്രശനം തന്നെ) ഇല്ലാതാക്കാമല്ലോ.

സമയം നഷ്ടപ്പെടുത്താതെയിരിക്കൂ. ജീവിതം ഇപ്പോഴും മുന്നോട്ടു കുതിക്കുകയല്ലേ? സ്വയം സുഖാസക്തിയില്‍നിന്നും ഉയര്‍ന്നില്ലെങ്കില്‍ യാതൊരു പരിഹാരവും നിനക്കു ലഭ്യമാവുകയില്ല. കാരണം സുഖത്തിനെ തേടുന്നവന്‍ ദുഖവും നിര്‍ഭാഗ്യവും കൂടെ കൊണ്ടുവരുന്നു.

ഒരുവന്റെ പുരുഷത്വം ചെറുപ്രായത്തിലെ ആര്‍ജ്ജവത്തില്‍ നിന്നും തിരിച്ചറിയാം. അതുപോലെ നിര്‍വാണപദത്തിന്റെ പൂര്‍ണ്ണതയിലേയ്ക്കുള്ള തുടക്കം ആത്മനിയന്ത്രണത്തിലും സുഖാസക്തിയുടെ നിരാസത്തിലും കാണാം. സത്യാന്വേഷിയുടെ ജീവിതത്തിന്റെ സ്വരച്ചേര്‍ച്ചയുള്ള കാലപ്രവാഹമായിരിക്കും. എന്നാല്‍ അജ്ഞാനിയുടെ ജീവിതനദിയില്‍ അനേകം ചുഴികളും മലരികളും ഉണ്ടാവും.

അനന്താവബോധത്തില്‍ ബ്രഹ്മാണ്ഡങ്ങള്‍ സമുദ്രോപരിയുണ്ടാവുന്ന കുമിളകള്‍ പോലെ ഉണ്ടായി മറയുന്നു. എന്നാല്‍ അവയും ഉപാധിരഹിതമായ അസ്തിത്വത്തില്‍ നിന്നും ഭിന്നമല്ല. ബ്രഹ്മം എല്ലാ വിവരണങ്ങള്‍ക്കും അതീതമാണ്. അതിനു ‘പറയാന്‍ കൊള്ളാവുന്നതായ’ യാതൊരു സ്വഭാവഗുണങ്ങളും ഇല്ല. അതിനാല്‍ ബ്രഹ്മാണ്ഡങ്ങളുടെ വിക്ഷേപം അതിന്റെ സ്വഭാവമാണെന്ന് പറയുന്നതും അസംബന്ധമത്രേ.

സൃഷ്ടി, ലോകം, ചലനം, ബോധം എന്നെല്ലാമുള്ള വാക്കുകള്‍ വെറും ശബ്ദങ്ങള്‍ മാത്രം. അത്തരം വാക്കുകള്‍ പോലും ഒടുങ്ങി, ‘ലോകവുംഞാനു’മെല്ലാം അലിഞ്ഞില്ലാതെയായി ബോധം മാത്രം നിലകൊള്ളുമ്പോള്‍ അത് ശുദ്ധവും അവിച്ഛിന്നവുമായ ‘ഒന്നാണ്’. ഈ അപരിമേയമായ, ഉപാധിരഹിതമായ ബോധം മാത്രമേ സത്യമായുള്ളൂ. മറ്റൊന്നും, വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ ഒക്കെ ‘ഇല്ലാത്ത’വയാണ്. അത്തരം ഭാവനകള്‍ ഭ്രമാത്മകതയുടെ പരിണിതഫലങ്ങളത്രേ.