യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 528 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

നാന്വര്‍ത്ഥാ വിതതാനര്‍ത്ഥാ സമ്പദ: സന്തതാപദ:
ഭോഗാ ഭവമഹാരോഗാ വിപരീതേന ഭാവിതാ: (6.2/47/39)

വസിഷ്ഠന്‍ തുടര്‍ന്നു: ലോകത്തിലെ കഷ്ടപ്പാടുകളും ആകുലതകളും അനുഭവിച്ചു മതിവരുമ്പോഴാണ് മനുഷ്യന്‍ അതില്‍ നിന്നെല്ലാം വിടുതല്‍ തേടുന്നത്. അങ്ങനെയുള്ള മനുഷ്യന്‍ പടിപടിയായി എങ്ങനെയാണ് പരമപ്രശാന്തിയടയുന്നതെന്ന് ഞാന്‍ ഇനി പറയാം.

പെട്ടെന്നുണ്ടായ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ അങ്ങനെയൊന്നില്ലാതെയോ ലോകവ്യാപാരങ്ങളില്‍ നിന്നും ഒരുവന്‍ വിമുഖനാവുന്നു. അയാള്‍ ജ്ഞാനിയായ ഒരുവന്റെ സത്സംഗം കാംക്ഷിക്കുന്നു. ദുഷ്ടജനസംസര്‍ഗ്ഗം അയാള്‍ വര്‍ജ്ജിക്കുന്നു. മഹാത്മാക്കളുടെ സത്സംഗത്തില്‍ നിന്നും കിട്ടുന്ന അനുഗ്രഹം ഒന്നുവേറെത്തന്നെയാണ്. മഹാത്മാക്കളുടെ സ്വഭാവം പ്രശാന്തശീതളവുമാണല്ലോ. അയാളുടെ പെരുമാറ്റം ഹൃദ്യവും നിര്‍മ്മലവും ആയിരിക്കും. അയാളുമായുള്ള സഹവാസം ചുറ്റുമുള്ളവരെപ്പോലും പ്രശാന്തരാക്കുന്നു. അവരുടെ കൂടെയുള്ളപ്പോള്‍ സാധകന് ഭയമില്ല.

പാപങ്ങള്‍ അവരുടെ സാമീപ്യത്തില്‍ ഒടുങ്ങുന്നു. ദേവതകളും മാലാഖമാരും അനുഭവിക്കുന്ന സ്നേഹവാത്സല്യങ്ങള്‍ മഹാത്മാക്കള്‍ ചൊരിയുന്ന പ്രേമപ്രഹര്‍ഷങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ല. ധാര്‍മ്മികമായ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുമ്പോള്‍ ഒരുവന്റെ ബുദ്ധി പ്രശാന്തവും ശുദ്ധസ്ഫടികമേന്നപോലെ സുതാര്യവുമായിരിക്കും. തെളിഞ്ഞകണ്ണാടിയെന്നപോലെ അതെല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നു. അപ്പോള്‍ വേദശാസ്ത്രാദികള്‍ തെളിവോടെ മനസ്സിലാവും.

ജ്ഞാനി വിവേകവും വിജ്ഞാനവും നന്മയും പ്രസരിപ്പിക്കുന്നു. സാധകന്‍ അജ്ഞാനത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്രാപിക്കാനായി സുഖാനുഭവങ്ങളില്‍ നിന്നും പിന്‍വാങ്ങി അനുപാധികമായ ആനന്ദം തേടുന്നു. സുഖാനുഭവങ്ങള്‍ക്കായി പരിശ്രമിക്കുന്നത് നിര്‍ഭാഗ്യകരമായ പാഴ് വേലയാണ്.

ജ്ഞാനി അവയെ നിരാകരിക്കുമെങ്കിലും അവ അയാളില്‍ ആലോസരമുണ്ടാക്കുന്നുണ്ട്. പരിപൂര്‍ണ്ണസംതൃപ്തിയില്‍ അഭിരമിക്കുന്നവന് സുഖമെന്ന ഒരു പ്രത്യേക അവസ്ഥ എന്തിനാണ്? മാമുനിമാരും പ്രബുദ്ധയോഗികളും അത്തരം ജ്ഞാനിയെ സമീപിക്കുന്നു. ജ്ഞാനിക്ക് അനുഗ്രഹിച്ചു നല്‍കപ്പെടുന്ന അറിവോ അതീന്ദ്രിയശക്തികളോ ആവശ്യമില്ല. പ്രബുദ്ധരുമായുള്ള സത്സംഗം മാത്രമേ അയാള്‍ ആഗ്രഹിക്കുന്നുള്ളു.

അത്തരം സഭയില്‍ അയാള്‍ ശാസ്ത്രസംബന്ധിയായ സത്യം പരിശോധിക്കുന്നു, വിശദമാക്കുന്നു. തനിക്ക് ചുറ്റുമുള്ളവരെക്കൂടി അവരുടെ തലത്തിലേയ്ക്ക് നയിക്കുക എന്നത് പ്രബുദ്ധരുടെ രീതിയാണ്. ജ്ഞാനി തന്റെ സ്വാര്‍ത്ഥകര്‍മ്മങ്ങള്‍ എല്ലാമുപേക്ഷിച്ചിരിക്കുന്നു. സുഖമോ സമ്പത്തോ അയാള്‍ക്ക് ആവശ്യമില്ല. ആത്മത്യാഗത്തിന്റെ ഭാഗമായി അദ്ദേഹം എല്ലാമെല്ലാം ദാനം ചെയ്യുന്നു. രാമാ, സ്വാര്‍ത്ഥപരമായ പ്രവര്‍ത്തനങ്ങളാണ് നരകത്തേക്കാള്‍ ഭയാനകം.

“സമ്പത്ത് അന്തമില്ലാത്ത ദൌര്‍ഭാഗ്യങ്ങളുടെ സ്രോതസ്സാണ്. ഐശ്വര്യം നിതാന്തമായ വിപത്താണ്. സുഖാസ്വാദനം നിത്യരോഗമാണ്. ഇവയെല്ലാം വികലമായ ബുദ്ധിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.”

ലോകത്തിലെ ഏറ്റവും നല്ല മരുന്ന്, പോഷകം, ഭാഗ്യം എന്നത് സംപ്രീതിയാണ്. സംതൃപ്തമായ മനസ്സ് പ്രബുദ്ധതയ്ക്കായി പാകം വന്നിതാണ്.

ആദ്യം ലോകവിഷയങ്ങളില്‍ നിന്നും വിമുഖനാവുക. പിന്നീട് മഹാത്മാക്കളുമായുള്ള സത്സംഗം തേടുക. എന്നിട്ട് ശാസ്ത്രതത്വങ്ങളെക്കുറിച്ച് പഠിക്കുക. സുഖാസ്വാദനത്തില്‍ താല്‍പ്പര്യരഹിതനായി ഇങ്ങനെ പടിപടിയായി നിനക്ക് പരമപദം പൂകാം.