താങ്കള്‍ ഒരു യുക്തിവാദിയോ യുക്തിരഹിതവാദിയോ, ഈശ്വരവാദിയോ നിരീശ്വരവാദിയോ, അങ്ങനെ ആരോ ആയിക്കൊള്ളട്ടെ. എന്നാലും ഇവിടെ കുറെ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കട്ടെ.

താങ്കള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കേട്ടിട്ടുള്ള “ആത്മ” എന്ന ധാതു ഉപയോഗിച്ചു തുടങ്ങുന്ന വാക്ക് ആത്മഹത്യ ആയിരിക്കും, അല്ലേ? ഹാ! കഷ്ടം!

ആത്മഹത്യ എന്നാല്‍ സ്വയം മരിക്കുക എന്നത്. അതുകൂടാതെ ആത്മീയം എന്ന പ്രധാനപ്പെട്ട മറ്റൊരു വാക്ക് കൂടി കേട്ടിട്ടുണ്ടല്ലോ, അല്ലേ? 🙂

ശബ്ദസാഗരം മലയാളം നിഘണ്ടു പ്രകാരം ആത്മീയം എന്ന വാക്കിന്റെ അര്‍ത്ഥം തനിക്കുള്ളത്, തന്നെ സംബന്ധിച്ചത്, ആത്മാവിനെ സംബന്ധിച്ചത് എന്നാണ്.

അങ്ങനെയാവുമ്പോള്‍ അത്മീയാചാര്യന്മാര്‍ അവനവനെ സംബധിച്ചുള്ള പരമാര്‍ത്ഥം അറിഞ്ഞവര്‍, സ്വയം അറിഞ്ഞവര്‍, അല്ലെങ്കില്‍ സ്വന്തം ആത്മാവിനെ കണ്ടെത്തിയവര്‍ എന്നായിരിക്കും അര്‍ത്ഥം, അല്ലേ?

അപ്പോള്‍ ദൈവം എന്താണ്? ആത്മീയാചാര്യന്മാര്‍ ദൈവം എന്ന രണ്ടാമതൊന്നിനെ മനസ്സിലാക്കിയവരോ അതോ സ്വന്തം ആത്മാവിനെ കണ്ടെത്തിയവര്‍ / അറിഞ്ഞവര്‍ ആണോ? ഞാന്‍ എന്നത് ആത്മാവ് ആണെങ്കില്‍ ഞാനും ദൈവവും വസ്തു തന്നെയാണോ?

അപ്പോള്‍ ദൈവവിശ്വാസികള്‍ ആത്മീയതവാദികളാണോ? അതോ, ആത്മീയവാദികളാണോ ദൈവവിശ്വാസികള്‍?

അങ്ങനെയെങ്കില്‍ അമ്പലങ്ങളില്‍ ആരാ ഉള്ളത്? ഞാനായ ആത്മാവാണ് ദൈവമെങ്കില്‍, അമ്പലത്തില്‍ ദൈവം ഉണ്ടെങ്കില്‍, അമ്പലത്തില്‍ ഞാനായ ആത്മാവാണോ ഉള്ളത്?

അപ്പോള്‍ ഓരോ ആത്മാവും ദൈവം ആണോ? അങ്ങനെയെങ്കില്‍ കോടിക്കണക്കിനു ജീവികളും, അതിനാല്‍ കോടിക്കണക്കിനു ദൈവങ്ങളും ഉണ്ടോ? 🙂

അതല്ലെങ്കില്‍ ഓരോ ആത്മാവും ഒരേ ആത്മാവ് തന്നെയാണോ? അങ്ങനെയുള്ള അനുഭവം അറിഞ്ഞവരായിരിക്കുമോ അത്മീയാചാര്യന്മാര്‍?

ഇതു തന്നെയാണോ വേദങ്ങളിലെ മഹാവാക്യങ്ങള്‍ അര്‍ഥമാക്കുന്നത്?

തത്ത്വമസി
അഹം ബ്രഹ്മാസ്മി
അയമാത്മാ ബ്രഹ്മ
പ്രജ്ഞാനം ബ്രഹ്മ

ശരി, ഇനി പറയൂ, താങ്കള്‍ ആത്മാവാണോ, ആത്മീയവാദിയാണോ, ദൈവവിശ്വാസിയാണോ?

ഈ ചോദ്യങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചോ? എന്നാല്‍ സന്തോഷമായി! അതുതന്നെയാണ് ഇത്രയും എഴുതിയതിന്റെ ഉദ്ദേശവും!

ഈ ചോദ്യങ്ങളുടെ ഉത്തരം പറയാന്‍ ഈയുള്ളവന്‍ ആളല്ല. ഉത്തരങ്ങള്‍ അവനവന്‍ തനിയെ ചിന്തിച്ചു കണ്ടെത്തേണ്ടതാണ് എന്ന് തോന്നുന്നു.

ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റാവാമല്ലോ, ശരിയല്ലേ? 🙂