യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 535 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ആദിസര്‍ഗേ ഹി ചിത്സ്വപ്നോ ജാഗ്രദിത്യഭിശബ്ദ്യതേ
ആദ്യ രാത്രൌ ചിത്തേ: സ്വപ്ന: സ്വപ്ന ഇത്യപി ശബ്ദ്യതേ (6.2/55/9)

വസിഷ്ഠന്‍ തുടര്‍ന്നു: തുടക്കം മുതല്‍ തന്നെ (അങ്ങനെയൊരു തുടക്കം ഉണ്ടെങ്കില്‍) സൃഷ്ടിക്കായുള്ള പ്രേരണയോ കാരണമോ ഇല്ലാത്തതിനാല്‍ ഭാവാഭാവങ്ങളോ സൂക്ഷ്മ-സ്ഥൂല മനസ്സോ, ചരാചരവസ്തുക്കളോ ഒന്നും ഉണ്മയല്ല.

കാര്യവും കാരണവും ഒരേ വസ്തുവിന്റെ രണ്ടു ഭാവങ്ങള്‍ ആയിരിക്കുന്നു. ബോധത്തിന് രൂപമില്ല എന്നിരിക്കുമ്പോള്‍ അതിനെങ്ങനെ നാമരൂപങ്ങളുള്ള പ്രപഞ്ചമാവാന്‍ കഴിയും? രൂപമുള്ളതിനു മാത്രമേ രൂപമുള്ള മറ്റൊന്നിനെ സൃഷ്ടിക്കാനും മാറ്റങ്ങള്‍ ഉണ്ടാക്കാനും സാധിക്കൂ. ആത്മാവ് ആത്മാവായിത്തന്നെ നിലകൊള്ളുന്നത് അവിച്ഛിന്നമായ ബോധത്തില്‍ നാനാവിധത്തിലുള്ള വിഷയങ്ങളെ സങ്കല്‍പ്പിച്ചുകൊണ്ടാണ്.

ബോധം ആത്മാവില്‍ എന്തൊക്കെ അനുഭവിക്കുന്നുവോ അവയെയാണ്‌ ലോകമെന്നും സൃഷ്ടിയെന്നും വിളിക്കുന്നത്. ‘ഇക്കാണുന്നതെല്ലാം’ ഉണ്മയല്ല, അവയ്ക്ക് അസ്തിത്വമില്ല എന്ന അറിവുണരുന്നതിനുമുന്‍പ് എകാത്മകവും പ്രശാന്തവുമായ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനന്തമായ അവബോധം അനന്തമായ ബോധം മാത്രമാണ്. ജലം എന്നത് ജലം മാത്രം. ബോധത്തില്‍ ‘സൃഷ്ടി’ എന്നൊരു ആഭിചാരം നടന്നതുപോലെ കാണപ്പെടുകയാണ്.

സ്വപ്നലോകം ഒരാളുടെ ബോധത്തിലെ ഭ്രമാത്മകമായ സങ്കല്‍പ്പമാണെന്നതുപോലെ ജാഗ്രദ് അവസ്ഥയില്‍ ലോകം ബോധത്തില്‍ ബോധമായിത്തന്നെ പ്രകടമാവുന്നു. “ആദിസൃഷ്ടിയില്‍ അവിച്ഛിന്നബോധത്തിന്റെ സ്വപ്നമാണ് ജാഗ്രദ് അവസ്ഥ. അതായത് ജാഗ്രദില്‍ അനുഭവവേദ്യമാവുന്ന ലോകം. അവിദ്യാജന്യമായ ജീവജാലങ്ങളിലെ ബോധത്തില്‍ ഉയരുന്ന സ്വപ്‌നങ്ങളാണ് സ്വപ്നാവസ്ഥ.”

തുടരെത്തുടരെയുള്ള ആവര്‍ത്തനങ്ങള്‍ ഈ സ്വപ്നത്തെ മൂര്‍ത്തീകരിക്കുന്നു. നദി എന്നത് ജലത്തിന്റെ ഒഴുക്കാണല്ലോ. അതുപോലെ സൃഷ്ടിയെന്നത് അനന്തമായ ബോധത്തിന്റെ അനുസ്യൂതമായ ഒഴുക്കാണ്. മരണത്തിന്റെ ആനന്ദാവസ്ഥ ആത്മാവിന്റെ നാശമല്ല. മറിച്ച് അത് ആകാശംപോലെ നിശ്ശൂന്യമാണ്.

എങ്കിലും സംസാരമെന്ന ‘ദൃശ്യം’ വീണ്ടും ഉദിക്കുകതന്നെചെയ്യും. ദുഷ്പ്രവൃത്തികളെക്കുറിച്ച് ഭയാശങ്കകള്‍ ഉണ്ടെങ്കില്‍ അത് ‘അവിടെയും’, ‘ഇവിടെയും’ ഒരുപോലെയായിരിക്കും. അതിനാല്‍ ജീവിതത്തിനും മരണത്തിനും തമ്മില്‍ പറയത്തക്ക വ്യത്യാസങ്ങള്‍ ഒന്നുമില്ല. ഇതറിഞ്ഞ് മന:ശാന്തി കൈവരിക്കാം. ഭിന്നാത്മകമായ എല്ലാ ധാരണകളും അവസാനിക്കുമ്പോള്‍ എകാത്മകത ഉണരുന്നതാണ് മുക്തി.

സൃഷ്ടിയെന്നത് ഉണ്ടെങ്കിലും ഇല്ലെങ്കിലും വിഷയവസ്തുക്കളുടെ അഭാവവും അനന്തതയുടെ അവിച്ഛിന്നതയും അപ്പോള്‍ സുവിദിതമാവും. വിഷയവും വിഷയിയും എന്ന വേര്‍തിരിവിന്റെ അഭാവത്തില്‍ പ്രശാന്തിയായി. പരമാത്മാവില്‍ ബന്ധനവും മുക്തിയും ഇല്ല. ഈ സത്യം സാക്ഷാത്ക്കരിക്കുന്നവന്‍ നിര്‍വാണപദം പ്രാപിക്കുന്നു.

ബോധത്തിലെ ചെറുചലനങ്ങള്‍ മാത്രമാണ് ലോകമെന്ന ഈ കാഴ്ചയെന്നും അയാള്‍ തിരിച്ചറിയും. സൃഷ്ടിയെന്നത് വൈവിദ്ധ്യതയല്ല, ശുദ്ധബ്രഹ്മം മാത്രമാണെന്ന ഉണര്‍വിലാണയാള്‍ അഭിരമിക്കുന്നത്.