യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 536 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

തച്ഛതം തത്ര വര്‍ഷാണാം നിമേഷമിവ മേ ഗതം
ബഹ്വ്യോപി കാലഗതയോ ഭാവന്ത്യേകാധിയോ മനാക് (6.2/56/41)

വസിഷ്ഠന്‍ തുടര്‍ന്നു: ബോധമാകുന്ന ആകാശത്തില്‍ ശുദ്ധശൂന്യത എല്ലായിടത്തും എല്ലായ്പ്പോഴും നിലകൊള്ളുന്നുണ്ട്. ബോധം ഇവിടെയും എവിടെയും സൃഷ്ടിയായും മറ്റും എല്ലായിടത്തും ഉണ്ട്. അബോധം ഒരിടത്തുമില്ല. കാരണം എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമാകുന്നു.

വിഷയവസ്തുവായി കാണപ്പെടുന്ന കാര്യങ്ങള്‍ പോലും ശുദ്ധമായ അവബോധം മാത്രമാകുന്നു.

ഇതുമായി ബന്ധപ്പെട്ട് എനിയ്ക്ക് നേരിട്ട് ബോധ്യപ്പെട്ട ഒരുകഥ – ഒരു പാറക്കല്ലിനെക്കുറിച്ചുള്ളതാണത്- ഞാന്‍ പറയാം. ഒരു കാലത്ത് അറിയേണ്ടതെല്ലാമറിഞ്ഞതുകൊണ്ട്‌ ഉണ്ടായ വിരക്തിയില്‍ എല്ലാവിധ ലോകവ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ എനിക്ക് തോന്നി. ഏകാന്തതയില്‍ യാതൊരു തടസ്സങ്ങളുമില്ലാതെ, നിസ്തന്ദ്രമായ ധ്യാനസപര്യയില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വിജനമായ ഒരിടത്തുപോയി ഞാനിങ്ങനെ ധ്യാനിച്ചു: ഈ ലോകത്തിന് യാതൊരുവിധ മൂല്യങ്ങളും ഇല്ലതന്നെ. ഇഹലോകത്തിലെ യാതൊന്നിനും എന്നെ ആനന്ദിപ്പിക്കാനുള്ള കഴിവില്ല. ഞാന്‍ കാണുന്നതെന്താണ്? ആരാണ് ഈ ‘ഞാന്‍’?

ഇതിനെല്ലാം ഉത്തരം കണ്ടെത്താന്‍ ഞാന്‍ ‘ആരുമെത്താത്ത’ ഒരിടം കണ്ടുപിടിക്കാന്‍ പോവുന്നു. ദേവാസുരന്മാര്‍ക്കും അപ്രാപ്യമായ ഒരിടം. അവിടെ എന്റെ ധ്യാനത്തെ വ്യതിചലിപ്പിക്കാന്‍ ആരുമുണ്ടാവരുത്. അത്തരം ഒരു സ്ഥലം എവിടെ കണ്ടുപിടിക്കാം? ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദവും സിംഹത്തിന്റെ അലര്‍ച്ചയും കാടിനെ മുഖരിതമാക്കും. ഗുഹകളും നിശ്ശബ്ദമല്ല. കാറ്റിന്റെ ഹുങ്കാരം അവിടെയും ഉണ്ടാവും. മാത്രമല്ല അവിടം വള്ളിച്ചെടികളും മറ്റും നിറഞ്ഞിരിക്കും. തടാകങ്ങളുടെ കരയില്‍ എപ്പോഴും ആളുകള്‍ വരും ദേവന്മാര്‍ പോലും ലീലയാടുന്നതാണവിടെ. നമ്മുടെ ശ്രദ്ധതിരിക്കാന്‍ പോന്ന പല കാര്യങ്ങളും ഉണ്ടവിടെ. ഇങ്ങനെ ഭൂമിയിലെ പലയിടങ്ങളെപ്പറ്റി ചിന്തിച്ച് അവസാനം ബഹിരാകാശത്തേയ്ക്ക് പോവാന്‍ ഞാന്‍ നിശ്ചയിച്ചു.

എന്നാല്‍ അവിടെയും പല ആകര്‍ഷണങ്ങളും ഉണ്ട്. മേഘങ്ങള്‍, ആകാശചാരികളായ ദേവന്മാരും അസുരന്മാരും, മരിച്ചുപോയ പിതൃക്കള്‍, യക്ഷകിന്നരഗന്ധർവ്വന്‍മാര്‍ എന്നിങ്ങനെ പലതുംകൊണ്ട് ആകാശം നിറഞ്ഞിരിക്കുന്നു. ഇവയെ എല്ലാം താണ്ടി ദൂരെദൂരെയൊരിടത്ത് പ്രകൃതിയുടെ മൂലഘടകങ്ങള്‍ പോലുമെത്താത്ത ഒരിടത്ത് ഞാന്‍ ചെന്നിരുന്നു. അവിടെ, ആ ശൂന്യാകാശത്ത് ഞാനൊരു പര്‍ണ്ണശാലയെ സങ്കല്‍പ്പിച്ചുണ്ടാക്കി. എന്റെ മനസ്സില്‍ ആ സ്ഥലത്തെ ആര്‍ക്കും പ്രവേശിക്കാനരുതാത്ത ഒരിടമായി പൂട്ടി വച്ചു. അവിടെ ഞാന്‍ പത്മാസനത്തില്‍ ഇരുന്നു.

മനസ്സിനെ പ്രശാന്തമാക്കി ഇവിടെ ഒരു നൂറുവര്‍ഷം സമാധിയില്‍ ഇരിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. ഒരാള്‍ ഒരു സങ്കല്‍പ്പത്തോടെ ഏറെനാള്‍ ധ്യാനനിരതനായിരുന്നാല്‍ അയാളുടെ അഭീഷ്ടങ്ങള്‍ സാധിതമാകും എന്ന നിയമമനുസരിച്ച് എന്റെ സങ്കല്‍പ്പങ്ങള്‍ എല്ലാം സഫലമായി.

“ആ നൂറു കൊല്ലക്കാലം കണ്ണടച്ചുതുറക്കുന്നതുപോലെ കഴിഞ്ഞുപോയി. കാരണം മനസ്സ് പൂര്‍ണ്ണമായും ഏകാഗ്രതയില്‍ ഇരിക്കുമ്പോള്‍ സമയം കടന്നുപോകുന്നത് അറിയില്ലല്ലോ.”

ആ കാലം കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് വീണ്ടും വികസ്വരമായി. ‘ഞാന്‍’, ‘നീ’, എന്നിത്യാദി ഭൂതപിശാചുക്കള്‍ പ്രാണശക്തിയോടോപ്പം എന്നെത്തേടിയെത്തി. എവിടെനിന്നെന്നറിയില്ല, എങ്ങനെയെന്നും അറിയില്ല, പെട്ടെന്ന് എന്നില്‍ ആശകള്‍ അങ്കുരിക്കാന്‍ തുടങ്ങി.