യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 537 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
അഹംഭാവം വിനാ ദേഹസ്ഥിതിസ്തജ്ഞാജ്ഞയോരിഹ
അധ്യേയസ്യ നിരാധാരാ ന സംസ്ഥേഹോപപദ്യതെ (6.2/57/2)
രാമന്‍ ചോദിച്ചു: മഹര്‍ഷേ, നിര്‍വാണപദം പ്രാപിച്ച ആളില്‍പ്പോലും അഹംഭാവം ഉയരാന്‍ എന്താണ് ഹേതു?
വസിഷ്ഠന്‍ പറഞ്ഞു: “ഒരുവന്‍ സത്യമറിഞ്ഞവനാണെങ്കിലും അല്ലെങ്കിലും ദേഹം നിലനില്‍ക്കണമെങ്കില്‍ അഹംഭാവം കൂടിയേ തീരൂ. അശ്രാന്തമായി നിലനില്‍ക്കേണ്ടുന്ന കാര്യത്തിനു ഒരു താങ്ങ് വേണം.” എന്നാല്‍ പ്രധാനമായുള്ള വ്യത്യാസം എന്തെന്ന് ഞാന്‍ പറയാം. അജ്ഞാനമെന്ന ബാലനാണ് അഹംഭാവം എന്ന ഭൂതത്തെ സങ്കല്‍പ്പിച്ചുണ്ടാക്കിയത്. അത് ഒരുവന്‍ അറിയാതെ അവന്റെയുള്ളില്‍ ഇരിക്കുന്നുണ്ട്.
ഈ അജ്ഞാനവും അസത്തുതന്നെ. കാരണം അന്വേഷിച്ചുചെല്ലുമ്പോള്‍ അതിന് നിലനില്‍പ്പില്ല എന്ന് നാം അറിയും. ചെറിയൊരു വിളക്കുമായി ഇരുട്ടിനെ അന്വേഷിച്ചു ചെല്ലുന്നതുപോലെയാണത്. അജ്ഞാനമെന്ന ഭൂതം നിരീക്ഷണവിധേയമായാല്‍ ഇല്ലാതാവുന്ന പ്രതിഭാസമത്രേ. എന്നാല്‍ അത്തരം അന്വേഷണത്തിന്റെ അഭാവത്തില്‍ അതിന്റെ സ്വാധീനവലയത്തില്‍ ഇരിക്കുമ്പോള്‍ അത് വളര്‍ന്നുകൊണ്ടേയിരിക്കും. ഒടുവില്‍ സുദൃഢമാവുകയും ചെയ്യും.
ഈ ലോകം അത്തരം അവിദ്യയുടെ സൃഷ്ടിയാണ്. മിഥ്യയാണത്. അജ്ഞാനിയ്ക്ക് മാത്രമേ ലോകം ഉണ്മയായി തോന്നുകയുള്ളൂ. മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും വിഷയവസ്തുക്കളാല്‍ സൃഷ്ടിക്കപ്പെട്ടവയ്ക്ക് കാരണമായി, അവയുടെ ബീജമായി, അനന്തമായ ബോധത്തെ, ബ്രഹ്മത്തെ, പറയാന്‍ ആവില്ല. മനസ്സേന്ദ്രിയങ്ങള്‍ക്ക് അതീതമാണല്ലോ ബോധം! വിത്തില്ലാതെ എങ്ങനെ മുള പൊട്ടാനാണ്!
അനന്തമായ ബോധത്തില്‍ സൃഷ്ടിക്കപ്പെട്ട ലോകം എന്നത് വെറുമൊരു ഭാവന മാത്രം. ബോധം മാത്രമാണ് ഈശ്വരനായും ഇക്കാണുന്ന സൃഷ്ടികളായും അറിയപ്പെടുന്നത്. അത് ഓരോരുത്തര്‍ക്കും നിത്യാനുഭവമായ സ്വപ്നസൃഷ്ടിയെപ്പോലെയാണ്.
സ്വപ്നം കാണുന്നയാള്‍ ചൈതന്യവത്തായതിനാല്‍ സ്വപ്നവസ്തുക്കള്‍ക്ക് ബുദ്ധിയും സ്വയം ഒരു മനസ്സും ഉണ്ടെന്നു തോന്നുന്നു. അതുപോലെ അവാസ്തവമെങ്കിലും വിശ്വമെന്ന ഈ ‘സൃഷ്ടി’യ്ക്ക് സ്വയം ബുദ്ധിയും മനസ്സും ഉള്ളപോലെ കാണപ്പെടുന്നു. ‘സൃഷ്ടിക്കപ്പെട്ട’താണിത് എന്ന തോന്നല്‍ അങ്ങനെ സംജാതമാവുന്നു. വാസ്തവത്തില്‍ ബ്രഹ്മം മാത്രമേയുള്ളു. സൃഷ്ടിയൊന്നും ഇല്ല. ബ്രഹ്മത്തില്‍ ഏതു ധാരണകള്‍ ഉണ്ടായാലും അതനുഭവിക്കുന്നതും ബ്രഹ്മം, അനുഭവത്തിന്റെ വിഷയവും ബ്രഹ്മം. ആ ബ്രഹ്മം ‘ഇതിനെയെല്ലാം’ ബ്രഹ്മം എന്ന് ഭാവനചെയ്യുന്നു.
അനുഭവം, അനുഭവിക്കല്‍, അനുഭവിക്കുന്നയാള്‍ എന്നീ മൂന്നും അവിച്ഛിന്നമായ ഒന്നുമാത്രം. ബ്രഹ്മംതന്നെയാണ് സൃഷ്ടിയെന്ന ധാരണയും സൃഷ്ടിയും. കാര്യങ്ങള്‍ അങ്ങനെയിരിക്കുമ്പോള്‍ അഹം എന്ന മിഥ്യ എങ്ങനെയുദിക്കാനാണ്?
ശരിയായ അറിവിന്റെ വെളിച്ചത്തില്‍ ഇല്ലാതാവുന്ന അഹമെന്ന ഭൂതത്തെപ്പറ്റി ഞാന്‍ പറഞ്ഞുവല്ലോ. അതെനിക്ക് നേരറിവായി. അഹം എന്നില്‍ ഉയരുന്നുവെന്നു തോന്നിയാലും അത് പ്രവര്‍ത്തിക്കുന്നതല്ല. ചിത്രപടത്തിലെ അഗ്നിപോലെ ചൂടില്ലാത്ത തീയാണത്. ഞാനങ്ങനെ അഹംഭാവത്തെ വെടിഞ്ഞു.
ആകാശത്ത് ആകാശബാഹ്യമെന്നപോലെയും സൃഷ്ടിയില്‍ അതിനുള്ളില്‍ നിന്നെന്നപോലെയും ഞാന്‍ നിലകൊള്ളുന്നു. എന്റെ അസ്തിത്വം അഹത്തിലല്ല; അഹത്തിന്റെ നിലനില്‍പ്പ് എന്നിലുമല്ല. അഹം എന്നിലില്ല.
ഞാനോ മറ്റൊരാളോ എന്റെ ദൃഷ്ടിയില്‍ ഇല്ല. എന്നില്‍ ഭാവവും അഭാവവും ഉണ്ട്. അല്ലെങ്കില്‍ ഒന്നും ഇല്ല.