യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 541 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

നൈകസ്ഥാനസ്ഥിതമയോ നാഹം ഗതിമയോഽഭവം
തദനേന സ്വ എവാസ്മിന്‍ദൃഷ്ടമേതന്‍മയാത്മനി (6.2/63/3)

രാമന്‍ ചോദിച്ചു: അങ്ങ് ഈ രൂപങ്ങളെ കണ്ടത് ഒരിടത്ത് നിന്നാണോ അതോ ആകാശഗമനം നടത്തുമ്പോഴോ?

വസിഷ്ഠന്‍ പറഞ്ഞു: അപ്പോള്‍ എന്നിൽ അനന്തബോധം തെളിഞ്ഞിരുന്നു. ആ തലത്തില്‍ പോക്കുവരത്തുകള്‍ ഇല്ല. “ഞാനൊരിടത്തും നിന്നില്ല, ഒരിടത്തേയ്ക്കും ഗമിച്ചുമില്ല. എല്ലാമെല്ലാം ഞാന്‍ ഒരു സാക്ഷിയെപ്പോലെ അന്തരാത്മാവില്‍ ദര്‍ശിച്ചു. ആത്മാവ് ഞാന്‍ ഉള്ളില്‍ കണ്ട രൂപങ്ങളെ മൂര്‍ത്തീകരിച്ചു.”

നീ നിന്റെ ദേഹത്തെ തലമുതല്‍ കാല്‍പ്പത്തിവരെ കാണുന്നതുപോലെ തെളിമയോടെ ഞാന്‍ ബോധമാകുന്ന കണ്ണുകൊണ്ട് എല്ലാം കാണുകയുണ്ടായി. ഇതൊരു സ്വപ്നം പോലെയാണ്. സ്വപ്നത്തില്‍ എന്തെല്ലാം കാണുന്നുവോ അതെല്ലാം ആകാശസമാനമായ ബോധം തന്നെയാണല്ലോ. ഇപ്പോഴും ആ പ്രബുദ്ധതയുടെ നിറവിലാണ് ഞാന്‍ എല്ലാം അറിയുന്നത്.

ഞാനിപ്പോള്‍ പ്രബുദ്ധരുമായി ഒന്നായിത്തീര്‍ന്നിരിക്കുന്നു. അവരെല്ലാം എന്റെതന്നെ ആത്മസത്തയാണെന്ന് ഞാന്‍ അറിയുന്നു.വസ്തു, വിഷയം, വിഷയി, ദൃക്, ദൃശ്യം. ദൃഷ്ടാവ് തുടങ്ങിയ ഭിന്നതകള്‍ ഇല്ലാതെ ശുദ്ധബോധം മാത്രം ഉള്ള ഒരു തലമാണത്.

അവിടെ കണ്ട വനിതയെപ്പറ്റി വസിഷ്ഠന്‍ ഇങ്ങനെപറഞ്ഞു: അവരും ആകാശസമാനമായ ദേഹത്തോടെ ആകാശത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. മുന്‍പ് അവരെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അവര്‍ക്ക് ആകാശദേഹമായിരുന്നുവെങ്കിലും ഞാനുമായി സംവദിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. സ്വപ്നത്തില്‍ ഒരാള്‍ മറ്റൊരാളോട് സംസാരിക്കുന്നതുപോലെയാണെങ്കിലും, സംസ്കാരസമ്പന്നമായ സംഭാഷണമായിരുന്നു അവരുടേത്.

അന്തരാ നമ്മില്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് എന്തൊരു നിശ്ചയമാണ് നിനക്കുള്ളത്? നമുക്കും അവരെപ്പോലെയുള്ള ദേഹങ്ങള്‍ ഉണ്ട്. എന്റെകാര്യത്തിലും നിന്റെ കാര്യത്തിലും അവരുടെ കാര്യത്തിലും ഇത് സത്യമത്രേ. സ്വപ്നത്തിലെ യുദ്ധം എന്നപോലെ മനുഷ്യര്‍ ഈ ജീവിതത്തിലും അവര്‍ ‘യഥാര്‍ത്ഥ’ അനുഭവങ്ങള്‍ക്ക് വിധേയരാവുന്നു.

എന്തൊക്കെയായാലും എല്ലാ ഉദാഹരണങ്ങളും അപര്യാപ്തങ്ങളാണ്. സത്യത്തെ വാക്കുകള്‍ കൊണ്ട് പറയാന്‍ ആവില്ല. ‘നിങ്ങള്‍ എങ്ങനെയാണ് സ്വപ്നം കാണുന്നത്?’ എന്നൊരാള്‍ ചോദിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരം ‘നിങ്ങള്‍ കാണുന്നതുപോലെ’ എന്നേ പറയാനാവൂ. ഈ വാചകകസര്‍ത്തുകള്‍ എല്ലാം കാര്യം മനസ്സിലാക്കാന്‍ മാത്രമാണ്.

ഈ വിശ്വവും നീ സ്വപ്നത്തില്‍ കാണുന്നതും എല്ലാമെല്ലാം ബ്രഹ്മം മാത്രം. ഇക്കാണുന്ന പ്രപഞ്ചസൃഷ്ടിയും സ്വപ്നങ്ങളും തമ്മില്‍ അന്തരമില്ല. ഉണരുന്നതിനു മുന്പ് അനുഭവിക്കുന്നതിന് സ്വപ്നം എന്ന് പറയുന്നു. സൃഷ്ടിയുടെ ആരംഭത്തില്‍ ഉണ്ടായ അറിവ് അല്ലെങ്കില്‍ അനുഭവമാണ് ജാഗ്രത് അവസ്ഥ.

ലോകമെന്ന അസ്തിത്വത്തെപ്പറ്റിയുള്ള അനുഭവം ഒരു നീണ്ട സ്വപ്നമത്രേ. അത് മിഥ്യയാണ്. ശാശ്വതമായ സത്യത്തില്‍ അധിഷ്ഠിതമായ ശുദ്ധബോധമാണത്. നീയാണ് നിന്റെ സ്വപ്നത്തിനെ കാണുന്നവന്‍. അതുപോലെ അനന്തബോധമാണ് ലോകമെന്ന ഈ നീണ്ടസ്വപ്നത്തെ, സൃഷ്ടിയെ അറിയുന്നത്.

ദൃശ്യവും, ദൃഷ്ടാവും ബോധമാണ്. അതിനിടയിലെ ദൃഷ്ടിയെന്ന പ്രതിഭാസവും ശുദ്ധമായ അവിച്ഛിന്നമായ അവികലമായ ബോധം തന്നെയാണ്. കാര്യങ്ങള്‍ അങ്ങനെയിരിക്കെ സൃഷ്ടി സത്യമെന്നെങ്ങനെ നിര്‍വചിക്കാനാവും? ദേഹമെടുത്ത നമ്മുടെ സ്വപ്നവസ്തുക്കള്‍ക്ക് അസ്തിത്വമില്ലല്ലോ? ‘നാമരൂപരഹിതമായ അനന്തബോധം’ എന്ന നീണ്ട സ്വപ്നത്തിനും അസ്തിത്വമില്ല. അത് അനുപാധികമായ ബ്രഹ്മം തന്നെയാകുന്നു