യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 543 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ദൃഷ്ടാനി കുന്ദമന്ദാരകുമുദാനി ഹിമാനി ച
മയാ കാമാഗ്നിദഗ്ധാനാം ഭസ്മാനീവ ദിശം പ്രതി (6.2/64/70)

താനാരാണ് എന്ന് വസിഷ്ഠന്‍ ചോദിച്ചതിനുത്തരമായി ആ അപ്സരസ്സ് ഇങ്ങനെ പറഞ്ഞു: മഹര്‍ഷേ ഈ വിശാലബ്രഹ്മാണ്ഡത്തില്‍ ഒരു മൂലയ്ക്ക് അങ്ങ് ജീവിക്കുന്നതായ ഒരു ലോകമുമുണ്ട്. ഈ ലോകത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് ലോകാലോകപര്‍വ്വതങ്ങള്‍ ഉണ്ട്. അവിടെ എല്ലാ തരത്തിലും ഗണത്തിലും പെട്ട കാലാവസ്ഥകളും മൂലധാതുക്കളും അവയുടെ വ്യത്യസ്ഥ അനുപാതങ്ങളിലുള്ള സംഘാതങ്ങളും ഉണ്ട്. (ഈ വിവരണം അത്യന്തം വിപുലവും ആകര്‍ഷണീയവുമാണ്.)

ചിലതില്‍ മനുഷ്യര്‍ മാത്രം വസിക്കുന്നു. മറ്റുചിലതില്‍ ദേവതകള്‍. ഇനിയും ചിലതില്‍ ഭൂതപിശാചുക്കള്‍, ദീര്‍ഘായുസ്സുള്ള ജീവികള്‍ ഇങ്ങനെയിങ്ങനെയാണ് ലോകങ്ങള്‍. സ്വയംപ്രഭമായുള്ള പ്രദേശങ്ങള്‍, ആന്ധ്യം നിറഞ്ഞയിടങ്ങള്‍, ഫലഭൂയിഷ്ടമായ ഭൂമികള്‍, മരുഭൂമികള്‍, ജനനിബിഢദേശങ്ങള്‍, ജനവാസമില്ലാത്തയിടങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യമാണ് ലോകങ്ങള്‍.

ആ മലകളുടെ വടക്കുകിഴക്കേ ചെരിവില്‍ ഒരു പാറക്കല്ലിന്റെ ഉള്ളിലാണെന്റെ വാസം. എന്റെ നിയതി എന്നെ ആ കല്ലിനുള്ളില്‍ തളച്ചിരിക്കുന്നു. അവിടെ ഏറെ യുഗങ്ങളായി ഞാന്‍ കഴിയുന്നു. എന്റെ ഭര്‍ത്താവും അവിടെ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴും മോക്ഷം ഞങ്ങള്‍ക്ക് പ്രാപ്യമായിട്ടില്ല. കാരണം ഞങ്ങളിലെ കാമവും പരസ്പരാസക്തിയും ഇപ്പോഴും സജീവമാണ്.

ഞങ്ങളുടെ ബന്ധുക്കളുടെ സ്ഥിതിയും മറ്റൊന്നല്ല. ജന്മനാ ബ്രാഹ്മണനായ എന്റെ ഭര്‍ത്താവ് അങ്ങനെയൊരു ബന്ധനത്തിലാണ്. പ്രാചീനനാണദ്ദേഹം. എണ്ണമറ്റ നൂറ്റാണ്ടുകളായി അവിടെയിരിക്കുന്ന അദ്ദേഹം അവിടെനിന്നും മാറുകയില്ല. ബ്രഹ്മചാരിയും, വിദ്യാസമ്പന്നനും ആണെങ്കിലും മടിയനുമാണദ്ദേഹം. അദ്ദേഹം സുഖാന്വേഷണകുതുകിയല്ലാത്തതിനാല്‍ ഏകാന്തതയില്‍ വസിക്കുന്നു. അങ്ങനെയുള്ള ഒരാളിന്റെ ഭാര്യയെന്ന നിലയില്‍ എന്റെ കാര്യം പരിതാപകരം തന്നെയല്ലേ? എങ്കിലും അദ്ദേഹത്തെക്കൂടാതെ എനിക്ക് ഒരു നിമിഷം പോലും ജീവിതമില്ല.

ഞാനെങ്ങനെ അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയായി എന്നിനി പറയാം. ചെറുപ്പകാലത്ത് അകമേ പ്രബുദ്ധതയുടെ ലക്ഷണവിശേഷങ്ങള്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ ആത്മാന്വേഷണത്തിനു സഹായിയായ ഒരു സഹധര്‍മ്മിണിയെ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ മനസ്സിന്റെ സങ്കല്‍പ്പമനുസരിച്ച് ഞാന്‍ സൃഷ്ടിക്കപ്പെട്ടതാണ്. ഞാന്‍ വളര്‍ന്നു വലുതായി ഒരു തരുണിയായി. സംഗീതത്തിലും മറ്റു കാര്യങ്ങളിലും താല്‍പ്പര്യമുള്ള ഞാന്‍ ജീവിതം ആസ്വദിച്ചു വളര്‍ന്നു. ഞാന്‍ എന്റെ ഭര്‍ത്താവിനെ മാത്രമല്ല, അദ്ദേഹം നിലകൊള്ളുന്ന മൂന്നു ലോകങ്ങളെയും പരിപാലിക്കുന്നു.

എന്നില്‍ താരുണ്യം പൂത്തുലഞ്ഞുവെങ്കിലും സൌന്ദര്യലാവണ്യമെന്നില്‍ നിറഞ്ഞു നിന്നിരുന്നുവെങ്കിലും എന്റെ നാഥന്‍ സുദീര്‍ഘമായ തന്റെ നിദ്രാവസ്ഥയില്‍ തുടര്‍ന്നുവന്നു. അല്ലൊത്തപ്പോള്‍ അദ്ദേഹം തപശ്ചര്യകളില്‍ മുഴുകി. സംയോഗത്തിന് ഞാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഞങ്ങളുടെ വിവാഹം പൂര്‍ണ്ണസാഫല്യമടയുകയുണ്ടായില്ല. എന്നില്‍ ആശയുടെ അഗ്നി ജ്വലിച്ചുകൊണ്ടിരിക്കുന്നു. എന്റെ താപത്തെ ശമിപ്പിക്കാന്‍ തോഴികള്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവയെല്ലാം എന്റെ ഉദ്വേഗത്തെ വര്‍ദ്ധിപ്പിക്കുന്നതേയുള്ളു. ആശാപീഢനമേറ്റ് കണ്ണീര്‍ പൊഴിച്ച് ഞാനിരിക്കുന്നു.

“മഹര്‍ഷേ, ഇവിടെ ചുറ്റിനും സുന്ദരകുസുമങ്ങളും മഞ്ഞിന്റെ ശീതളിമയും ഉണ്ടെങ്കിലും ഞാന്‍ ആസക്തിയുടെ അഗ്നിയില്‍ എരിയുകയാണ്. അവയൊക്കെ എന്റെ കാര്യത്തില്‍ ഉപയോഗശൂന്യമായ വെറും ചാരം മാത്രം.”

സുഖാനുഭവം പ്രദാനം ചെയ്യാനുദ്ദേശിച്ചു തയ്യാര്‍ ചെയ്ത പുഷ്പാലംകൃതമായ ശയ്യയില്‍ പൂമാല്യങ്ങള്‍ അണിഞ്ഞു കിടക്കുന്ന ഞാന്‍ അനുഭവിക്കുന്നത് വരണ്ട നിശ്ശൂന്യതയാണ്. എന്റെ യൌവനം ഞാന്‍ വെറുതെ പാഴാക്കുകയാണ്‌.