ഡൗണ്‍ലോഡ്‌ MP3

ജാതസ്യ ധ്രുവകുല ഏവ തുംഗകീര്‍ത്തേ-
രംഗസ്യ വ്യജനി സുത: സ വേനനാമാ |
യദ്ദോഷവ്യഥിതമതി: സ രാജവര്യ-
സ്ത്വത്പാദേ നിഹിതമനാ വനം ഗതോഭൂത്  || 1 ||

ധ്രുവന്റെ വംശത്തില്‍തന്നെ ജനിച്ചവനായ അതി കീര്‍ത്തിമാനായ അംഗമഹാ രാജവിന്നു വേനനെന്നു പേരായി ഒരു പുത്ര‍ന്‍ ജനിച്ചു.  ആ രാജശ്രേഷ്ഠന്‍ (അംഗന്‍) ആ പുത്രന്റെ ദോഷം നിമിത്തം വ്യാകുലചിത്തനായി നിന്തിരുവടിയുടെ കാലടികളില്‍ സമര്‍പ്പിക്കപ്പെട്ട മനസ്സോടുകൂടിയവനായിട്ട് വനത്തിലേക്കു ചെന്നു.

പാപോപി ക്ഷിതിതലപാലനായ വേന:
പൗരാദ്യൈരുപനിഹിത: കഠോരവീര്‍യ്യഃ  |
സര്‍വ്വേഭ്യോ നിജബലമേവ സമ്പ്രശംസന്‍
ഭൂചക്രേ തവ യജനാന്യയം ന്യരൗത്സീത്  || 2 ||

അതിപരാക്രമശാലിയായ വേനന്‍ പാപിയായിരുന്നിട്ടും പൗരന്മാരാ‍ല്‍ രാജ്യത്തെ പരിപാലിക്കുന്നതിന്നായി സിംഹാസനത്തില്‍ ഇരുത്തപ്പെട്ടു; എല്ലാവരോടും തന്റെ ബലത്തെപ്പറ്റിതന്നെ വളരെയേറെ പുകഴ്ത്തിപ്പറഞ്ഞുകൊണ്ട് ഭൂമണ്ഡലത്തി‍ല്‍ ഇവ‍ന്‍ നിന്തിരുവടിയുടെ യാഗകര്‍മ്മങ്ങളെ മുടക്കി.

സംപ്രാപ്തേ ഹിതകഥനായ താപസൗഘേ
മത്തോന്യോ ഭുവനപതിര്‍ന്ന കശ്ചനേതി |
ത്വന്നിന്ദാവചനപരോ മുനീശ്വരൈസ്തൈ:
ശാപാഗ്നൗ ശലഭദശാമനായി വേന: || 3 ||

മഹര്‍ഷിസംഘം ഹിതം ഉപദേശിപ്പാനായി വന്നുചേര്‍ന്ന സമയം ഞാനല്ലാതെ വേറെ ഒരു ഈശ്വരനും ഇല്ല എന്നിങ്ങിനെ അങ്ങയെ നിന്ദിച്ചു പറയുന്നതില്‍ സമര്‍ത്ഥനായ വേനന്‍ ആ മുനിശ്രേഷ്ഠന്മാരാ‍ല്‍ ശാപമാകുന്ന അഗ്നിയില്‍ ശലഭത്തിന്റെ അവസ്ഥയെ (മരണത്തെ) പ്രാപിപ്പിക്കപ്പെട്ടു.

തന്നാശാത് ഖലജനഭീരുകൈര്‍മുനീന്ദ്രൈ-
സ്തന്മാത്രാ ചിരപരിരക്ഷിതേ തദംഗേ |
ത്യക്താഘേ പരിമഥിതാദഥോരുദണ്ഡാ-
ദ്ദോര്‍ദ്ദണ്ഡേ പരിമഥിതേ ത്വമാവിരാസീ: || 4 ||

അതില്‍പിന്നെ ആ വേനന്‍ നാശംകൊണ്ട് ദുഷ്ടന്മാരില്‍നിന്നും ഭയം വര്‍ദ്ധിച്ചവരായ മുനീശ്വരന്മാരാല്‍ വേനന്റെ മാതാവിനാ‍ല്‍ വളരെക്കാലമായി സുക്ഷിച്ചു വെയ്ക്കപ്പെട്ടിരിക്കുന്ന വേനന്റെ ദേഹം ഊരുപ്രദേശം (തുട) മഥനം ചെയ്യപ്പെട്ടു പാപം നീക്കപ്പെടവേ കൈകള്‍ രണ്ടും മഥനം ചെയ്യപ്പെട്ടപ്പോ‍ള്‍ നിന്തിരുവടി അവതരിച്ചുരുളി.

വിഖ്യാത: പൃഥുരിതി താപസോപദിഷ്ടൈ:
സൂതാദ്യൈ: പരിണുതഭാവിഭൂരിവീര്യ: |
വേനാര്‍ത്ഥ്യ കബലിതസമ്പദം ധരിത്രീ-
മാക്രാന്ത‍ാം നിജധനുഷാ സമാമകാര്‍ഷിഃ: || 5 ||

പൃഥു എന്ന് പ്രസിദ്ധനായത്തീര്‍ന്ന നിന്തിരുവടി മാമുനിമാരാ‍ല്‍ ഉപദേശിക്കപ്പെട്ട സൂത‍ന്‍ മാഗധന്‍ മുതലായ സ്തുതിപാഠകന്മാരാ‍ല്‍ പുകഴ്ത്തിപ്പാടപ്പെട്ട ഒട്ടേറെ ഭാവി പരാക്രമങ്ങളോടുകുടിയവനായി വേനനില്‍നിന്നുണ്ടായ പീഡയാ‍ല്‍ മറച്ചുവെയ്ക്ക പ്പെട്ടിരുന്ന സമ്പത്തോടുകൂടിയവളും ആക്രമിക്കപ്പെട്ടവളുമായ ഭൂമിയെ തന്റെ ധനുസ്സുകൊണ്ട് അനുകുല (സമതല) യാക്കിത്തിര്‍ത്തു.

ഭൂയസ്ത‍ാം നിജകുലമുഖ്യവത്സയുക്ത്യൈര്‍ –
ദേവദ്യൈ: സമുചിതചാരുഭാജനേഷു |
അന്നാദീന്യഭിലഷിതാനി യാനി താനി
സ്വച്ഛന്ദം സുരഭിതനൂമദൂദുഹസ്ത്വം || 6 ||

പിന്നിട് നിന്തിരുവടി കാമധേനുവിന്റെ രുപം ധരിച്ചിരുന്നവളായ ആ ഭൂമിയെ തന്റെ കുലത്തിലെ പ്രധാനികള്‍ തന്നെയായ കിടാവുകളോടുകൂടിയ ദേവന്മാ‍ര്‍ മുതലായവരെക്കൊണ്ടും അവരവരുടെ യോഗത്യക്കനുസരിച്ച മനോഹരങ്ങളായ പാത്രങ്ങളില്‍ അന്നം തുടങ്ങിയ പദാര്‍ത്ഥങ്ങളി‍ല്‍ ഇഷ്ടപ്പെട്ടവ യാതൊന്നോ അവയെ വേണ്ടപോലെ ദോഹനം ചെയ്യിച്ചു. (കറന്നെടുത്തു).

ത്മാനം യജതി മഖൈസ്ത്വയി ത്രിധാമ-
ന്നാരബ്ധേ ശതതമവാജിമേധയാഗേ |
സ്പര്‍ദ്ധാലു: ശതമഖ ഏത്യ നീചവേഷോ
ഹൃത്വാശ്വം തവ തനയാത് പരാജിതോഭൂത് || 7 ||

ബ്രഹ്മവിഷ്ണുരുദ്രാത്മകമായ മൂന്നു മൂര്‍ത്തികളോടുകൂടിയ ഭഗവ‍ന്‍! നിന്തിരുവടി യാഗങ്ങളെക്കൊണ്ട് തന്നെതന്നെ യജിച്ചുകൊണ്ടിരിക്കെ നൂറാമത്തെ അശ്വമേധയാഗം തുടങ്ങിയപ്പോള്‍ ദേവേന്ദ്ര‍ന്‍ അസൂയാലുവായി നീചവേഷം ധരിച്ച് വന്നിട്ടു യാഗശ്വത്തെ അപഹരിച്ച് നിന്തിരുവടിയുടെ പുത്രനില്‍ന്നിന്നു പരാജിതനായി ഭവിച്ചു.

ദേവേന്ദ്രം മുഹുരിതി വാജിനം ഹരന്തം
വഹ്നൗ തം മുനിവരമണ്ഡലേ ജുഹൂഷൗ |
രുന്ധാനേ കമലഭവേ ക്രതോ: സമാപ്തൗ
സാക്ഷാത്ത്വം മധുരിപുമൈക്ഷഥാ: സ്വയം സ്വം || 8 ||

മഹര്‍ഷിശ്രേഷ്ഠന്മാ‍ര്‍ ഇപ്രകാരം വീണ്ടും കുതിരയെ അപഹരിക്കുന്നവനായ ആ ദേവേന്ദ്രനെ അഗ്നിയില്‍ ഹോമിക്കുവാന്‍ ഒരുങ്ങിയപ്പോ‍ള്‍ ബ്രഹ്മാവ് തടുക്കവേ, യാഗത്തിന്റെ അവസാനത്തില്‍ നിന്തിരുവടി സാത്മസ്വരുപനായിരിക്കുന്ന സാക്ഷാല്‍ മധുവൈരിയെ തന്നത്താന്‍ ദര്‍ശിച്ചു.

തദ്ദത്തം വരമുപലഭ്യ ഭക്തിമേക‍ാം
ഗംഗാന്തേ വിഹിതപദ: കദാപി ദേവ |
സത്രസ്ഥം മുനിനിവഹം ഹിതാനി ശംസ-
ന്നൈക്ഷിഷ്ഠാ: സനകമുഖാന്‍ മുനീ‍ന്‍ പുരസ്താത് || 9 ||

ഹേ ഭവവന്‍! അദ്ദേഹത്താല്‍ നല്‍കപ്പെട്ടതായ ഏകാന്തഭക്തിയെ വരമായി ലഭിച്ച് ഒരിക്കല്‍ ഗംഗാതീരത്തി‍ല്‍ സ്ഥാനമുറപ്പിച്ചിരുന്ന നിന്തിരുവടി യാഗത്തിന്നു സന്നിഹിതരായിരുന്ന മുനിവൃന്ദങ്ങളോടു മംഗളമാശംസിച്ചു കൊണ്ടിരിക്കുമ്പോള്‍ മുന്‍ഭാഗത്തായി സനകാദികളായ മുനിമാരെ ദര്‍ശിച്ചു.

വിജ്ഞാനം സനകമുഖോദിതം ദധാന:
സ്വാത്മാനം സ്വയമഗമോ വനാന്തസേവീ |
തത്താദൃക്‍പൃഥുവപുരീശ സത്വരം മേ
രോഗൗഘം പ്രശമയ വാതഗേഹവാസിന്‍ || 10 ||

സനകനാല്‍ ഉപദേശിക്കപ്പെട്ടതായ വിജ്ഞാനത്തെ ധരിച്ചവനായി തപോവനത്തെ ആശ്രയിച്ച് നിന്തിരുവടി തന്നെത്താന്‍ സ്വാത്മഭാവത്തെ പ്രാപിച്ചു; അല്ലയോ വാതാലയവാസിയായ ദേവ! അപ്രകാരമുള്ള പൃഥുചക്രവര്‍ത്തിയുടെ രൂപത്തെ കൈകൊണ്ട നിന്തിരുവടി എന്റെ രോഗസമൂഹങ്ങളെ ശമിപ്പിക്കേണമേ.

പൃഥുചരിതവര്‍ണ്ണനം എന്ന പതിനെട്ട‍ാം ദശകം. ആദിതഃ ശ്ലോകാഃ 188.
വൃത്തം: പ്രഹര്‍ഷിണി. ലക്ഷണം. ത്രിച്ഛിന്നം മനജരഗം പ്രഹര്‍ഷിണിക്ക്.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.