യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 549 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ദേശകാലക്രിയാദ്രവ്യമനോബുദ്ധ്യാദികം ത്വിദം
ചിച്ഛിലാംഗകമേവൈകം വിദ്ധ്യനസ്തമയോദയം (6.2/70/20)
ആ ബ്രഹ്മാവ് തുടര്‍ന്നു: ഞാനിപ്പോള്‍ അനന്തബോധതലത്തിലേയ്ക്ക് കടക്കാന്‍ ഇച്ഛിക്കുന്നതിനാലാണ് വിശ്വപ്രളയത്തിന്റെ മുന്നോടിയായി പ്രളയലക്ഷണങ്ങള്‍ ഉണ്ടാക്കുന്നത്. ഞങ്ങളിലെ അനാസക്തിയ്ക്ക് കാരണം ഇതാണ്. ഞാന്‍ ഈ വിശ്വമനസ്സുപേക്ഷിച്ചു അനന്തതയില്‍ അലിഞ്ഞു ചേരുമ്പോള്‍ എല്ലാ വാസനകളും ധാരണകളും ഇല്ലാതാവുമല്ലോ.
ഈ ദേവത, അല്ലെങ്കില്‍ ശരീരഭാവത്തിലുള്ള വാസനാസഞ്ചയം ഇപ്പോള്‍ അനാസക്തമായി എന്നെ പിന്തുടരുന്നു. ഈ ലോകചക്രം അവസാനിക്കുന്നതോടെ എല്ലാ ദേവന്മാരും ഇല്ലാതാവും. ഇത് വിശ്വപ്രളയത്തിന്റെ നിമിഷം.
ആകാശത്തിലേയ്ക്ക് എന്റെ ദേഹം വിലയനം ചെയ്യുന്നതോടെ എന്നിലെ വാസനകള്‍ ഇല്ലാതാവുന്നു. വാസനയില്‍ നിര്‍വാണത്തിനുള്ള ആശ മുളപൊട്ടുന്നതിനു പ്രത്യേക കാരണമൊന്നും ഇല്ല. അതുപോലെ തന്നെ വാസനയ്ക്ക് ഇല്ലാതാവാനും കാരണം വേണ്ട.
അവള് ധ്യാനാദിപരിശീലനങ്ങള്‍ ചെയ്തുവെങ്കിലും ആത്മസക്ഷാത്ക്കാരം ഇനിയും നേടിയില്ല.
അപ്പോഴാണ് അങ്ങ് ജീവിക്കുന്നതായ മറ്റൊരു ലോകത്ത് പ്രബുദ്ധനായ അങ്ങയെ കണ്ടത്. അപ്പോള്‍ ഈ സൃഷ്ടിയുടെ മൂലക്കല്ലും (മൂലഹേതു) അവള്‍ക്ക് ദൃശ്യമായി. ഈ കല്ല് കാണപ്പെടുന്നത് മനസ്സ് വൈവിദ്ധ്യതയുടെ എല്ലാ പ്രതീതികളും ഉപേക്ഷിക്കാന്‍ സജ്ജമാവുമ്പോള്‍ മാത്രമാണ്. നാനാത്വഭാവം നിലനില്ക്കുമ്പോള് ആ ദര്‍ശനം അസാദ്ധ്യം.
എണ്ണമറ്റ ലോകങ്ങള്‍ ഓരോരോ ലോകങ്ങള്‍ക്കുള്ളിലും നിലകൊള്ളുന്നു. അവിടെയെല്ലാം വസ്തുക്കളും അവയ്ക്കുള്ളില്‍ ഘടകവസ്തുക്കളും ഈ പാറയ്ക്കുള്ളിലെന്ന പോലെ നിലകൊള്ളുന്നു. ലോകമെന്ന വിക്ഷേപം വെറും കാഴ്ചയാണ്. ഉണ്മയോ, ബോധം മാത്രമാണ്. സത്യാവസ്ഥ അറിഞ്ഞവന് ലോകമെന്ന ഭ്രമദൃശ്യം ബാധകമല്ല. എന്നാല്‍ മറ്റുള്ളവരുടെ ദൃഷ്ടിയില് അത് തുടര്‍ന്നുകൊണ്ടേയിരിക്കും.
സാധനകളിലൂടെ ഏകാഗ്രതയും ധ്യാനവും പരിശീലിക്കുകമൂലം ആ സ്ത്രീയില്‍ അനാസക്തിയുണ്ടായി, അങ്ങനെയാണവള്‍ ആത്മജ്ഞാനാര്‍ത്ഥം അങ്ങയുടെ അടുക്കല്‍ എത്തിയത്.
ആര്‍ക്കും തടയാന്‍ അസാദ്ധ്യമെന്നുതോന്നുന്ന മായാശക്തിയും ബോധത്തിന്റെ ശക്തി തന്നെയാണ്.
“ഒരു പാറക്കല്ലിന്റെ വിവിധ ഭാഗങ്ങള്‍പോലെ ദേശം, കാലം, വസ്തു, ചലനം, മനസ്സ്, ബുദ്ധി, എന്നുവേണ്ട എല്ലാമെല്ലാം ബോധത്തിന്റെ ഭാഗങ്ങളാണ്.”
അനന്തമായ ബോധം തന്നെയാണ് പാറയിലെ ബോധമായിട്ടും ലോകത്തിന്റെ അവയവങ്ങളായിട്ടും നില കൊള്ളുന്നത്. ഈ ബോധം സ്വയം ലോകമെന്നു ഭാവന ചെയ്യുന്നു; ആദിയന്തങ്ങള്‍ ഇല്ലായെങ്കിലും ഒരു തുടക്കവും ഒടുക്കവും കല്പ്പിക്കുന്നു. അങ്ങനെ ലോകം ഭാവനയാല്‍ ‘ഭവിക്കു’കയാണ്.
ഈ ബോധത്തിനു രൂപമില്ല. എങ്കിലും അതൊരു കല്ലായി മൂര്‍ത്തീകരിച്ചു. അതില്‍ നദികളില്ല. വസ്തുക്കളോ വസ്തുക്കളെ പരിണാമവിധേയമായിക്കൊണ്ടിരിക്കുന്ന കുലാലചക്രങ്ങളോ ഇല്ല. എല്ലാമെല്ലാം ചിദംബരത്തില്‍ കാണപ്പെടുന്ന അനന്തമായ വിക്ഷേപക്കാഴ്ചകള്‍ മാത്രം
.
വിശ്വാകാശത്തില്‍ ഈ ഗൃഹാകാശം നിലകൊള്ളുന്നു. അതുപോലെ വിവിധ കുടാകാശങ്ങളായി (ഘടാകാശം) എന്നിങ്ങനെ ‘തിരിച്ചു’ പറയുന്നത് ഒരേയോരാകാശത്തിനെത്തന്നെയാണ്. വ്യതിരിക്തമായി വിക്ഷേപിച്ച ഒരു കുടാകാശം ആകെയുള്ള ആകാശത്തിന്റെ അളവോ ഗുണമോ മാറ്റുന്നില്ല. അനന്തതയില്‍ മാറ്റങ്ങളോ കുറവുകളോ ഉണ്ടാക്കാന്‍ യാതൊരു പരിണാമങ്ങള്‍ക്കും കഴിയുകയില്ല