യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 556 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ആക്രന്ദരോദനശ്രാന്തമൂര്‍ധനി: സരണാമരം
നാഗലോകജ്വലജ്ജാലാപാതാളോത്തപ്ത ഭൂതലം (6.2/75/24)
വസിഷ്ഠന്‍ തുടര്‍ന്നു: ബ്രഹ്മാവ് ധ്യാനാവസ്ഥയില്‍ ഇരുന്നപ്പോള്‍ ഞാന്‍ ചുറ്റുപാടും നോക്കി. അതാ എല്ലാ ദിശകളിലും ഓരോരോ സൂര്യന്മാര്‍ ഉദിക്കുന്നു. ഈ അസാധാരണമായ ദൃശ്യം കണ്ടുകൊണ്ടിരിക്കേ ഭൂമിയുടെ വയറ്റില്‍ നിന്നെന്നപോലെ ഒരു സൂര്യഗോളം ഭൂമിക്കടിയില്‍ നിന്നും അഗ്നിയായി പടര്‍ന്നുപിടിച്ചു പൊങ്ങിവരുന്നത് കാണായി. ആകെ പതിനൊന്നു സൂര്യന്മാര്‍. കൂടാതെ ഉപസൂര്യന്മാര്‍ മൂന്നെണ്ണം കൂടി ഉണ്ടായിരുന്നു. പരമശിവന്റെ മൂന്നു കണ്ണുകള്‍ പോലെയുള്ള ഈ മൂന്നെണ്ണം ചേര്‍ന്ന്‍ പന്ത്രണ്ടാമത്തെ സൂര്യനായി.
ആകെ ചൂടേറിയതിനാല്‍ അവിടംവിട്ടു ഞാന്‍ ദൂരെയുള്ള മറ്റൊരിടത്തേയ്ക്ക് പോയി. അവിടത്തെയും ആകാശമാകെ ഈ സൂര്യന്മാരാല്‍ ജ്വലിച്ചു തിളങ്ങിനിന്നിരുന്നു. ഖടഖടാരവവും കടകടാരവവും എങ്ങും മുഴങ്ങിക്കേട്ടു. എല്ലാടത്തും ജീവികള്‍ താപത്താല്‍ വലഞ്ഞു. സമുദ്രജീവികള്‍ക്ക് പോലും അതില്‍ നിന്നും രക്ഷപെടാന്‍ ആയില്ല. സര്‍വ്വനാശം സമ്പൂര്‍ണ്ണമായി. പര്‍വ്വതങ്ങള്‍ തീപിടിച്ച നഗരങ്ങള്‍ക്കുമേല്‍ പതിച്ച് എല്ലാറ്റിനെയും നിലംപരിശാക്കി.
ആളുകള്‍ വാവിട്ടലച്ചു നിലവിളികൂട്ടി. യോഗികള്‍ തങ്ങളുടെ പ്രാണനെ ശിരോഗ്രത്തിലൂടെ സ്വതന്ത്രമാക്കി മുക്തിപദത്തെ പുല്‍കി. താഴെനിന്നും മുകളില്‍നിന്നും തീ പടര്‍ന്നുപിടിച്ച ഭൂമി ആളിക്കത്തി. രുദ്രന്റെ കണ്ണുകളില്‍ നിന്നും കൊളുത്തിയ തീ വിശ്വമാകെ പടര്‍ന്ന് എല്ലാ ജീവികളെയും ഭക്ഷിച്ചു. ഭും ഭും ആരവത്തോടെ രാക്ഷസിമാര്‍ പരസ്പരം തീഗോളം എറിഞ്ഞു കളിക്കുകയാണോ എന്ന് തോന്നി. ഉല്‍ക്കകള്‍ മലമുകളില്‍ പതിച്ചു. അവയുടെ നൃത്തം നാശം വിതക്കുന്നതായിരുന്നു.
ഭൂമിയില്‍ നിന്ന് പൊങ്ങിയ തീ ആകാശം മുട്ടെ പടര്‍ന്നു പിടിച്ചു ലോകമാകെ പരന്നു. സ്വര്‍ണ്ണക്കട്ടികള്‍ നിറഞ്ഞ സുമേരു പര്‍വ്വതം പോലും ഉരുകാന്‍ തുടങ്ങി. ഹിമാലയത്തിലെ മഞ്ഞ് ഉരുകിയില്ലാതായി. മലയപര്‍വ്വതം മാത്രം നാശമൊന്നും ഏല്‍ക്കാതെ നിലകൊണ്ടു. തന്നെ എരിക്കുന്നവനുപോലും സുഖസുഗന്ധം നല്‍കുന്ന ചന്ദനം പോലെ, പാവനചരിതനായ മഹാത്മാവിനെപ്പോലെ മലയപര്‍വ്വതം സമാധാനവും സന്തോഷവും പ്രസരിപ്പിച്ചുകൊണ്ട് നിലകൊണ്ടു. രണ്ടു കാര്യങ്ങള്‍- ആകാശവും സ്വര്‍ണ്ണവും മാത്രമേ ഒന്നും ബാധിക്കാതെ നിലനിന്നുള്ളൂ. ആകാശം സര്‍വ്വവ്യാപിയും സ്വര്‍ണ്ണം ശുദ്ധവുമാണല്ലോ.
അതിനാല്‍ ഞാന്‍ വിശ്വസിക്കുന്നത് സത്വം – നിര്‍മലതയാണ് ഏറ്റവും അഭികാമ്യം എന്നാണ്. ചടുലതയും മാലിന്യവും നിറഞ്ഞ രജസ്സോ, അലസതയും ആന്ധ്യവും നിറഞ്ഞ തമസ്സോ അഭികാമ്യമല്ലതന്നെ. പ്രബുദ്ധരായ മാമുനിമാരുടെ ജ്ഞാനത്താല്‍ അജ്ഞാനത്തിന്റെ അവസാനകണികകള്‍ പോലും ഇല്ലാതാവുന്നപോലെ ചാരം പോലും ബാക്കിവയ്ക്കാതെ എല്ലാമെല്ലാം എരിഞ്ഞില്ലാതായി. ആത്മജ്ഞാനത്തോടെ ആര്‍ജ്ജിതമായ അജ്ഞാനത്തിന്റെ ചാരംപോലും ഇല്ലാതാവുമല്ലോ.
രുദ്രന്റെ കൈലാസത്തില്‍ ഈ തീ പടര്‍ന്നുപിടിക്കാന്‍ കുറച്ചുകൂടി കാലമെടുത്തു. എന്നാല്‍ രുദ്രനൊന്നു മുഖം തിരിച്ചപ്പോള്‍ കൈലാസവും എരിഞ്ഞു കത്താന്‍ തുടങ്ങി. ഒന്നുമൊന്നും ബാക്കിയുണ്ടായില്ല.
ലോകമെന്നൊരിടം, വിശ്വമെന്നൊരു സൃഷ്ടി, ഒരുപക്ഷേ ഉണ്ടായിരുന്നിരിക്കാം എന്ന് വരും തലമുറകള്‍ ചിന്തിച്ചേക്കാനും മതി!