യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 557 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ഉദ്യത് ബ്രഹച്ചടചടാരവപൂരിതാശോ
ഭീമോഽഭവത്സലിലദാനലസന്നിപാത:
ദുര്‍വാരവൈരിവിഷമോ മഹതാം ബലാനാം
സംഗ്രാമ ഉഗ്ര ഇവ ഹേതിഹതോഗ്രഹേതി: (6.2/76/39)

വസിഷ്ഠന്‍ തുടര്‍ന്നു: പിന്നീട് അവിടെ നാശത്തിന്റെ കൊടുങ്കാറ്റ് ഭീകരാരവത്തോടെ ആഞ്ഞടിച്ച് മലകളും സമുദ്രങ്ങളും ഇളകി മറിഞ്ഞു. അവയുടെ സഹജസ്ഥിതികളെ ഉല്ലംഘിച്ചും പാതാളങ്ങള്‍ ഇനിയുമിനിയും താഴേയ്ക്ക് നിപതിച്ചും കാണപ്പെട്ടു. സൃഷ്ടിയാകെ വരണ്ട് ചേതനാരഹിതമായി.

ഇതുകഴിഞ്ഞപ്പോള്‍ വിറളിപിടിച്ചൊരു രാക്ഷസനെപ്പോലെ ഭീകരമായി അലറികൊണ്ടൊരു മേഘം പ്രത്യക്ഷമായി. സൃഷ്ട്യാരംഭത്തില്‍ ബ്രഹ്മാവ്‌ അണ്ഡകടാഹത്തെ പൊട്ടിച്ചപ്പോള്‍ ഉണ്ടായ മഹത്തായ ശബ്ദത്തിന് സമാനമായിരുന്നു ഇത്.

പൊട്ടിത്തകരുന്ന ലോകങ്ങളുടെയും സമുദ്രങ്ങളുടെയും ശബ്ദത്തോട് ചേര്‍ന്ന് ഈ ഭീകരാരവം പതിന്മടങ്ങ് ബലവത്തായി മുഴങ്ങി. ലോകം മാത്രമല്ല, സ്വര്‍ഗ്ഗവും പാതാളവും എല്ലാം ഈ ശബ്ദവലയത്തിന്റെ ഉള്ളിലായി. ഞാനാ മേഘനിനദം കേട്ടു. വിശ്വപ്രളയത്തിന്റെ നിദാനം കുറിക്കുന്ന നാദമാണിത്.

ഞാനാലോചിച്ചു: പ്രളയാഗ്നിയും മേഘവും എങ്ങനെയാണ് ഒരേസമയം നിലനില്‍ക്കുക? ഞാന്‍ എല്ലാ ദിശകളിലേയ്ക്കും ദൃഷ്ടി പായിച്ചു. ഇടിവെട്ടും മിന്നലുമായി എല്ലാം സ്തംഭിച്ചിരിക്കുന്നു. പെട്ടെന്ന് മുകളില്‍ നിന്നും കൊടും തണുപ്പും താഴെ നിന്ന് തിളച്ചുപൊള്ളുന്ന ചൂടും എനിക്കനുഭവപ്പെട്ടു. മേഘം കാണാനരുതാത്തത്ര ഉയരത്തിലായിരുന്നു. അഗ്നി വളരെ താഴെയും.

ലോകത്തെ ആഹരിച്ച് തീര്‍ത്ത് അഗ്നി വെറും ശലാകകള്‍ മാത്രമായി പ്രോജ്വലിച്ചു നിന്നു. പ്രളയത്തിന്റെ കാര്‍മേഘം താഴെയിറങ്ങിയപ്പോള്‍ കൂട്ടിന് മിന്നലിന്റെ പ്രഭയുണ്ടായിരുന്നു. സപ്തസമുദ്രങ്ങളിലെ ജലം മുഴുവനും ആ മേഘത്തിന്റെ മൂലയിലെ ചെറിയൊരംശം പോലും ആവുമായിരുന്നില്ല. സപ്തസമുദ്രങ്ങള്‍ ആകാശത്തോളം ഉയര്‍ന്നതുപോലെ കാണപ്പെട്ടു. പന്ത്രണ്ടു സൂര്യന്മാര്‍ ആ മേഘത്തിലെ ചുഴികളെന്നപോലെയും ചുറ്റുപാടും കാണുന്ന തിളക്കമേറിയ മിന്നല്‍പിണരുകള്‍ ആകാശസമുദ്രത്തില്‍ ചലിക്കുന്ന ജലജീവികളെപ്പോലെയും തോന്നിച്ചു.

പിന്നീട് മഴവന്നു. അതിലെ ഓരോ തുള്ളിയും ഓരോ പേമാരിയായിരുന്നു. മഴത്തുള്ളികള്‍ കൊണ്ട് വിശ്വം നിറഞ്ഞു. മഴവീണയിടങ്ങളെല്ലാം പൊടിഞ്ഞു തകര്‍ന്നു. ആകാശം മുഴുവന്‍ ഒരു വന്‍ജലധിയായി. ഈ മഴ പ്രളയാഗ്നിയെ കെടുത്തിക്കൊണ്ടിരുന്നു. ജലം ഭൂമിയെ വലയംചെയ്തു.

“അപ്പോഴും എരിഞ്ഞുകൊണ്ടിരുന്ന അഗ്നിയുമായി പെരുമഴ കൂടിക്കുഴഞ്ഞു. പരസ്പരം കീഴടക്കാന്‍ അവയ്ക്കാവുമായിരുന്നില്ല. അഗ്നിയും ജലവും -ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഒരിക്കലും കഴിയാത്ത രണ്ടു ശത്രുക്കളാണവര്‍. ശക്തിയിലും പ്രതാപത്തിലും ഒന്നിനൊന്നു മെച്ചമായതുകൊണ്ട് അതീവഭീകരമായിരുന്നു ഈ രണദൃശ്യം.”