യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 577 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ജീര്യന്തേ ജീര്യത: കേശ ദന്താ ജീര്യന്തി ജീര്യത:
ക്ഷീയതേ ജീര്യതേ സര്‍വം തൃഷ്ണൈ വൈകാ ന ജീര്യതേ (6.2/93/86)
മുനി തുടര്‍ന്നു: ‘ഇത് ഇന്നുണ്ടായി’, ‘ഇതെന്റെതാണ്’, ‘ഇത് അവന്റെതാണ്’, എന്നെല്ലാം ചിന്തിച്ച് കാലം കടന്നു പോകുന്നത് മനുഷ്യന്‍ അറിയുന്നില്ല. നമ്മള്‍ ഏറെ കുടിക്കുകയും തിന്നുകയും ചെയ്തിരിക്കുന്നു. ഏറെയിടങ്ങളില്‍ ചുറ്റിക്കറങ്ങി നടന്നിട്ടുമുണ്ട്. സുഖദുഖങ്ങളും കുറെയേറെ അനുഭവിച്ചു. ഇനിയെന്താണ് ചെയ്യാനായി ബാക്കിയുള്ളത്?
എങ്ങനെയാണ് നമ്മില്‍ പരമപ്രശാന്തി കൈവരിക? എല്ലാ മരങ്ങളും തടിയാണ്; എല്ലാ ജീവികളും മാംസപിണ്ഡമാണ്. മണ്ണെല്ലാം കളിമണ്ണ്. എല്ലാം അശാശ്വതവും ദുഃഖപൂരിതവുമാണ്. പിന്നെ എന്തിലാണ് ഞാന്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടത്? എനിക്ക് ആരാണഭയം?
സുഹൃത്തുക്കളോ ബന്ധുക്കളോ പരിചിതമായ സുഖങ്ങളോ ഒന്നും നമുക്കുതകുകയില്ല. കാരണം അവയെല്ലാം കാലത്തിന്റെ കനിവിലാണ് നിലകൊള്ളുന്നത്. എല്ലാവരും നാളെ ചത്ത് മണ്ണടിയാനുള്ളവരാണ് എന്നറിഞ്ഞിട്ടും പിന്നെ എന്തിലാണ് ഞാന്‍ വിശ്വാസം സുദൃഢമാക്കുക? ശാസ്ത്രവിധിപ്രകാരമുള്ള ആചാരക്രമങ്ങളും കര്‍മ്മങ്ങളും പോലും ജലം ഉയര്‍ന്ന നിരപ്പില്‍ നിന്നും താഴേയ്ക്ക് ഒഴുകുന്നത്പോലെ ഒരുവനെ സംസാരത്തിലേയ്ക്ക് നയിക്കുകയാണ്.
അവ ഒരുവനെ ചിന്താക്കുഴപ്പത്തില്‍ ചാടിച്ച് അവനില്‍ അങ്കലാപ്പുളവാക്കുന്നു. വാസ്തവത്തില്‍ അസത്തായത്, തുടര്‍ച്ചയായ സങ്കല്‍പ്പം കൊണ്ട് സത്തായി തോന്നുകയാണ്. അസത്ത് അസത്ത് മാത്രമാണ്. അതൊരിക്കലും ഉണ്മയാവുകയില്ല.
എന്നാല്‍ ഭ്രമചിന്തയില്‍ അമര്‍ന്നിരിക്കുന്ന മനുഷ്യര്‍ ഇന്ദ്രിയസുഖങ്ങള്‍ക്ക് പിറകേ ഓടിയോടി നദിയൊഴുകി കടലില്‍ ചെന്ന്ചേര്‍ന്ന് സ്വയമില്ലാതാവുന്നതുപോലെ സ്വയം നശിക്കുന്നു. അജ്ഞാനകലുഷമായ മനസ്സ്, വില്ലില്‍ നിന്നും പുറപ്പെട്ട അമ്പെന്നപോലെ ഇന്ദ്രിയാനുഭൂതികളിലേയ്ക്ക് പാഞ്ഞടുക്കുന്നു. നന്മയിലേയ്ക്ക് ഉന്മുഖമല്ല അതിന്റെ ദിശ. സുഖം വാസ്തവത്തില്‍ ദുഖമാണ്. ഐശ്വര്യം അനൈശ്വര്യമാണ്. ഇന്ദ്രിയസുഖമെന്നത് രോഗപീഢയാണ്. സുഖാന്വേഷണത്വര കേവലം ജുഗുപ്സാവഹം.
വിപത്തുക്കള്‍ വാസ്തവത്തില്‍ അനുഗ്രഹമാണ്. സുഖത്തിനു പിറകേ ദുഃഖം സഹജമായുമുണ്ട്. ജീവിതം മരണത്തില്‍ അവസാനിക്കുന്നു.
ആഹാ മായാശക്തി എത്ര അപാരം!
ഇന്ദ്രിയ സുഖമെന്നത് കൊടിയ വിഷമുള്ള സര്‍പ്പത്തെക്കാള്‍ അപകടകരം. വെറും സ്പര്‍ശനമാത്രയില്‍ നമ്മെയത് നശിപ്പിച്ചുകളയും. സമ്പത്ത് ഭ്രമഹേതുവാകയാല്‍ അതും വിഷത്തേക്കാള്‍ നികൃഷ്ടം! സുഖം ആസ്വാദ്യകരവും ഐശ്വര്യം നല്ലതുമാണെന്നു പറയാമെങ്കിലും ജീവിതം ക്ഷണഭംഗുരമാകയാല്‍ അതിലൊന്നും യാതോരര്‍ത്ഥവുമില്ല. സുഖസമ്പത്തുക്കള്‍ ബാഹ്യദൃഷ്ടിയില്‍ സന്തോഷപ്രദമാണ്, എന്നാല്‍ അവയുടെ അവസാനം അസന്തുഷ്ടിയും ദുഖവുമാണ്.
“പ്രായം കൂടുമ്പോള്‍ മുടി നരയ്ക്കുന്നു. പല്ലുകളും മറ്റ് അവയവങ്ങളും ദേഹശക്തിയും എല്ലാം അപചയിക്കുന്നു. എന്നാല്‍ ആസക്തിയ്ക്ക് മാത്രം ഒരു കുറവുമില്ല.”
ബാല്യവും യൌവ്വനവും ഒരു കാര്യത്തില്‍ സാമ്യമുള്ളതാണ്. രണ്ടും പെട്ടെന്ന് കടന്നു പോകുന്നു. ഒരുപുഴപോലെ ജീവിതം ഒഴുകിത്തീരുന്നു. കഴിഞ്ഞുപോയ കാലത്തെ ഒരിക്കലും തിരികെ കൊണ്ടുവരാനാവില്ല.
കുറേക്കാലം കഴിഞ്ഞ് എന്നില്‍ അഹങ്കാരം ശമിച്ചു. സ്വര്‍ഗ്ഗീയസുഖങ്ങളില്‍ എനിക്ക് പ്രതിപത്തി ഇല്ലാതായി. മഹര്‍ഷേ, അങ്ങയെപ്പോലെ ഞാനും ഏകാന്തമായ ഒരിടം കണ്ടെത്താന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ആകാശത്ത് ഞാനാ പര്‍ണ്ണശാലയില്‍ എത്തിയത്. അതങ്ങയുടെ ധാമമാണെന്നോ അങ്ങൊരു ദിവസം തിരികെ വരുമെന്നോ ഞാനറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ഞാനത് മനസ്സിലാക്കുന്നത്.
ഈദൃശകാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ തന്റെ മേധാശക്തിയാകുന്ന അന്തര്‍നേത്രങ്ങള്‍ കൊണ്ട് ഭൂതവര്‍ത്തമാനഭാവി കാര്യങ്ങള്‍ മനസ്സിലാക്കുകയുള്ളൂ. അതാണ് മനസ്സിന്റെ സ്വഭാവം. ദേവന്മാര്‍ക്ക് പോലും ഇത് ബാധകമാണ്.