യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 581 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ന ചദ്യാപി മൃതം രാമ ചിന്മാത്രം കസ്യചിത്ക്വചിത്
നച ശൂന്യാ സ്ഥിതാ ഭൂമിസ്തസ്മാത്ച്ചിത്പുരുഷോഽക്ഷയ: (6.2/96/16)
വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ ആ പാറയുടെ കഥ പറഞ്ഞത് നിനക്ക് സത്യസാക്ഷാത്ക്കാരമുണ്ടാവാനായാണ്. വാസ്തവത്തില്‍ യാതൊന്നും ഒരിടത്തും ഒരുകാലത്തും ഇല്ല. ബ്രഹ്മം മാത്രമേയുള്ളൂ. അതൊരുകാലത്തും വിഛിന്നമാവുകയില്ല.
ബ്രഹ്മം എന്നത് ബോധഘനമാണ്. അത് മാറ്റങ്ങള്‍ക്ക് വിധേയമല്ല. വിശ്വപുരുഷന്‍, സൂക്ഷ്മമായിരുന്നാലും സ്ഥൂലമായിരുന്നാലും ആ ബോധഘനത്തിലെ സ്വപ്നവസ്തുവാണ്. അതിനാല്‍ സൃഷ്ടികര്‍ത്താവായി ഒരു ബ്രഹ്മാവില്ല, സൃഷ്ടികളുമില്ല. ഉള്ളത് അനന്തമായ, അവിഭാജ്യമായ ബോധം മാത്രം.
സ്വപ്നത്തിലെ നാനാത്വം സ്വപ്നം കാണുന്നവനില്‍ ഇല്ല. അതുപോലെ ബോധത്തില്‍ സൃഷ്ടിയെന്ന ധാരണയുണ്ടായാലും ബോധത്തിനെ അത് ബാധിക്കുന്നതേയില്ല. ബോധം മാത്രമേയുള്ളൂ. സൃഷ്ടി ഇല്ലാത്തതാണ്, മിഥ്യയാണ്. സ്വപ്നത്തിലെ മാമല മലയല്ല, അത് സ്വപ്നമാണ്.
ഞാനും വിശ്വപുരുഷനും നീയുമെല്ലാം ബോധഘനമായ ചിദാകാശമാണ്. ചിദാകാശമെന്ന ‘ഞാന്‍’ ഇല്ലെങ്കില്‍ ദേഹം വെറും പിണം.
അനന്തബോധത്തെ മുറിക്കാനോ, എരിച്ചുകളയാനോ അവസാനിപ്പിക്കാനോ ആവില്ല. അതിനാല്‍ ആരുമൊരിക്കലും മരിക്കുന്നില്ല; ജനിക്കുന്നുമില്ല. ഒരുവന്‍ മരിക്കുമ്പോള്‍ ബോധവും മരിക്കുന്നു എന്ന് പറയുന്നത് മകന്‍ മരിക്കുമ്പോള്‍ അച്ഛനും മരിക്കുന്നു എന്ന് പറയുന്നതുപോലെ അസംബന്ധമാണ്. ബോധം ഇല്ലാതായാല്‍ പിന്നെ ഒന്നുമില്ല. ലോകമില്ല.
“രാമാ, ഈ ബോധം ഇപ്പോഴും മരിച്ചിട്ടില്ല. ഒരിക്കലും ഒരിടത്തും ആരിലും നാശമുണ്ടായിട്ടില്ല. സൃഷ്ടിയൊരു ശൂന്യതയായും നിലനിന്നിട്ടില്ല. അതിനാല്‍ എല്ലാവരിലെയും ആന്തരസത്ത മാറ്റങ്ങള്‍ക്കു വിധേയമല്ലാത്ത നിര്‍മ്മലബോധം മാത്രമാകുന്നു.”
ഇക്കാര്യം ഉള്ളിലുണര്‍ന്നാല്‍പിന്നെ ജനനമെവിടെ? മരണമെവിടെ? ‘ഞാന്‍ ശുദ്ധബോധമാകുന്നു’ എന്ന സാക്ഷാത്ക്കാരം ലഭിച്ചവന്‍ ജീവനെപ്പറ്റിയും മരണത്തെപ്പറ്റിയും, സുഖദുഖങ്ങളെപ്പറ്റിയും ആകുലപ്പെടുന്നതെന്തിന്?
ഈ ഉണര്‍വ്വേര്‍പ്പെടാത്തവന്റെ കാര്യം കഷ്ടം! ബോധസാക്ഷാത്ക്കാരനിറവിലുള്ള ഒരുവനെ യാതൊരാപത്തുകളും ബാധിക്കുകയില്ല. അയാള്‍ക്ക് മാനസീകമായ പ്രശ്നങ്ങളോ രോഗങ്ങളോ ഉണ്ടാവുകയില്ല. ‘ഞാന്‍ ഈ ദേഹമാണ്’ എന്ന ചിന്തയില്‍ കഴിയുന്നവന്‍ തന്റെ ശക്തിയും ജ്ഞാനവും നഷ്ടപ്പെടുത്തുകയാണ്. ‘ഞാന്‍ ശുദ്ധബോധമാണ്’ എന്നുറച്ചവനില്‍ ശക്തിജ്ഞാനാദികള്‍ കൂടുതല്‍ പ്രബലമാവുന്നു. അവനില്‍ ലോഭ-മോഹ-മദ-മാല്‍സര്യങ്ങള്‍ ഇല്ല.
‘നാം മരിച്ചുപോകും’ എന്ന് വിലപിക്കുന്നവരുടെ മൂഢത നോക്കൂ. അവര്‍ ചിന്തിക്കുന്നത് ഈ ദേഹത്തെപ്പറ്റി മാത്രമാണ്. ‘ഞാന്‍ ബോധമാണ്’ എന്ന അറിവില്‍ വിരാജിക്കുന്നവര്‍ക്ക് ഏറ്റവും ശക്തിയേറിയ ആയുധം കൊണ്ടുള്ള പ്രഹരംപോലും പൂക്കള്‍ കൊണ്ടുള്ള തലോടലായി അനുഭവപ്പെടുന്നു.
ബോധത്തിന് മരിക്കാനാവുമെങ്കില്‍ ആളുകള്‍ ഇപ്പോഴും മരിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ നീ പണ്ടേ മരിച്ചിരിക്കുന്നു. വാസ്തവത്തില്‍ ആരും മരിക്കുന്നില്ല, ഒന്നും ഇല്ലാതാവുന്നില്ല.
ബോധമാണ് ‘എനിക്ക് ജീവനുണ്ട്’, ‘ഞാന്‍ മരിച്ചു’ എന്നെല്ലാമുള്ള ധാരണ വെച്ചുപുലര്‍ത്തുന്നത്. ബോധം സംസാരത്തെ (ലോകത്തെ) കാണുന്നു, അതാവുന്നു. അതേ ബോധം തന്നെ മോക്ഷത്തെപ്പറ്റിയുള്ള അവബോധമാവുന്നു. സുഖദുഖങ്ങളെപ്പറ്റി ബോധം അറിയുന്നു, എന്നാല്‍ അവയുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ഇടയാക്കുന്നില്ല.
ആത്മ-അവിദ്യയുടേതായ ഒരു തലത്തില്‍ ബോധം ഭ്രമാത്മകമാവുന്നു. ആത്മ-വിദ്യയുടെ തലത്തില്‍ അത് ഭ്രമവിമുക്തവുമാകുന്നു. എന്നാല്‍ ബോധം ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.
വാസ്തവത്തില്‍ ഉണ്മ എന്നൊന്ന് ഇല്ല. അജ്ഞാനം, അസത്ത്, എന്നതും ‘ഇല്ലാത്ത’താണ്. ഒരാള്‍ എന്തെന്തു നിനയ്ക്കുന്നുവോ അതങ്ങനെതന്നെ ആയി നിലകൊള്ളുകയാണ്.