യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 590 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
അസ്മാച്ഝാസ്ത്രാ ദൃതേ ശ്രേയോ ന ഭൂതം ന ഭവിഷ്യതി
തത: പരമബോധാര്‍ത്ഥമിദമേവ വിചാര്യതാം (6.2/103/25)
വസിഷ്ഠന്‍ തുടര്‍ന്നു: ഈ ലോകമായി പ്രഭാസിച്ചു നില്‍ക്കുന്നത് അനന്താവബോധമാണ്. അതിനെങ്ങനെ നാശമുണ്ടാവാനാണ്? ഈ ബോധമല്ലാതെ മറ്റൊരു വസ്തു ഉണ്ടാകാന്‍ സാദ്ധ്യതപോലുമില്ല. ദേഹം നശിക്കുമ്പോള്‍ ബോധം നശിക്കുന്നില്ല.
ശരീരത്തിന്റെ നാശത്തോടെ ബോധവും ഇല്ലാതാവുന്നു എന്നാണെങ്കില്‍ സംസാരദുഖവും ആകുലതകളും അതോടെ ഇല്ലാതാകണമല്ലോ? ദേഹമുള്ളിടത്തോളം കാലം ബോധം നിലനില്‍ക്കുന്നു എന്നാണെങ്കില്‍ മരിച്ച ദേഹത്തിന് എന്തുകൊണ്ടാണ് ബോധമില്ലാത്തത്? ഈവിധ തര്‍ക്കങ്ങളൊന്നും സത്യത്തെ കാണിച്ചു തരുന്നില്ല.
അനന്തമായ ബോധം മാത്രമാണ് ഉണ്മ. അത് എന്തെല്ലാം അനുഭവിക്കാന്‍ ആഗ്രഹിക്കുന്നുവോ അതപ്രകാരം സത്തായിത്തീരുന്നു. ബോധത്തിന് തടസ്സമായി യാതൊന്നുമില്ല. ലോകമെന്നത് ഒരിക്കലും സൃഷ്ടിക്കപെട്ടിട്ടേയില്ല. ബോധം അനന്തമായ അനുഭവസാദ്ധ്യതകളെ അനുഭവിക്കാന്‍ സ്വയം ഇച്ഛിക്കുമ്പോള്‍ അത് നടപ്പിലാവുന്നു. ബോധത്തിന് സ്വയമറിയാം. എന്നാല്‍ അജ്ഞാനം മൂലം ജീവാത്മാവിന് സ്വാവബോധം ഉണ്ടാകുന്നില്ല.
ജ്ഞാനവും അജ്ഞാനവും ശുദ്ധബോധത്തിന്റെതന്നെ ഭാവങ്ങളാണ്. സത്യത്തില്‍ അങ്ങനെയൊരു തരംതിരിവ് തന്നെ അനാവശ്യമത്രേ.
അതിനാല്‍ സാധകന്‍ തന്റെ ആത്മസാക്ഷാത്കാരത്തിനായി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. മനസ്സില്‍ നിന്നും എല്ലാ കലുഷചിന്തകളെയും അകറ്റി ജീവിതം മുഴുവന്‍ ഈ ശാസ്ത്രത്തെ പഠിക്കാനായി വിനിയോഗിക്കുക. പരിശ്രമം കൊണ്ട് നേടാന്‍ കഴിയാത്തതെന്താണ്? എന്നാല്‍ ഇതിനു വേണ്ടി ശ്രമിക്കാത്തവന് യാതൊരു നേട്ടവും ഉണ്ടാകുകയില്ല. മനസ്സിനെ ജ്ഞാനത്തിന്റെയോ അജ്ഞാനത്തിന്റെയോ വഴിയില്‍ നയിക്കാന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും.
“ഇപ്പോഴത്തേതെന്നല്ല, എതുകാലത്തെയും ശാശ്വതനന്മയെന്ന ലക്ഷ്യം നേടാന്‍ ഈ ശാസ്ത്രഗ്രന്ഥത്തിലൂടെയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അതിനാല്‍ പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മഹദ്ശാസ്ത്രത്തെ കൂലങ്കഷമായി അപഗ്രഥിച്ചു പഠിക്കണം.”
ഈ ഗ്രന്ഥം നിങ്ങള്‍ക്ക് അച്ഛനമ്മമാരേക്കാളും, സുഹൃത്തുക്കളേക്കാളും ഏറെ പ്രയോജനം ചെയ്യും. ആത്മജ്ഞാനത്താലല്ലാതെ സംസാരമെന്ന കൊടും ദുരിതത്തില്‍ നിന്നും കരകയറാന്‍ സാദ്ധ്യമല്ല. വെറുതെ കാലം കഴിച്ചുകൂട്ടി മരണത്തിനായി കാത്തിരിക്കുക എന്നത് എത്ര കഷ്ടമാണ്! മൂഢന്മാരാണ് തങ്ങളുടെ ജീവിതം പണയം വെച്ചു സമ്പത്തിനും പ്രശസ്തിക്കും വേണ്ടി കഷ്ടപ്പെട്ട് തുലയുന്നത്. അവരെന്തുകൊണ്ടാണ് ശാസ്ത്രപഠനത്തിനും അതുവഴി നേടാവുന്ന അമര്‍ത്ത്യതയ്ക്കും വേണ്ടി സമയം ചിലവഴിക്കാന്‍ മടിക്കുന്നത്?
ആത്മജ്ഞാനംകൊണ്ട് ഒരുവന്റെ ദൌര്‍ഭാഗ്യങ്ങളേയും ദുരിതാനുഭവങ്ങളേയും വേരോടെ പിഴുതെറിയാന്‍ നമുക്കാവുന്നു. നിങ്ങളുടെ നന്മയ്ക്കായാണ് ഞാനീ സത്യം ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ചു പറയുന്നത്. ഇതുകേട്ട് സത്യസാക്ഷാത്കാരം നേടൂ. ഇപ്പോള്‍ ഈ സംസാരമെന്ന രോഗത്തെ ചികില്‍സിക്കാത്തപക്ഷം മരണശേഷം നിങ്ങള്‍ എന്തുചെയ്യും? ഈ ശാസ്ത്രംപോലെ നിങ്ങള്‍ക്ക് ഹിതകരമായി മറ്റൊന്നുമില്ല.
ഇതൊരു വിളക്കുപോലെ നിങ്ങളുടെ പാതയെ പ്രകാശമാനമാക്കട്ടെ; ഒരച്ഛനെപ്പോലെ നിങ്ങളെ ഉപദേശിച്ചു നേര്‍വഴി തെളിക്കട്ടെ, ഒരു ഭാര്യയെപ്പോലെ നിങ്ങള്‍ക്ക് സുഖം തരട്ടെ. ഈ ശാസ്ത്രത്തില്‍ പുതുതായി ഒന്നും തന്നെ പറയുന്നില്ല. എന്നാല്‍ കഥകളിലൂടെ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ തത്വങ്ങള്‍ മനസ്സില്‍ പതിയാനെളുപ്പമാണ്. ഈ ഗ്രന്ഥത്തിലെ തത്വങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ആരാണീ തത്വങ്ങളെ പ്രസ്താവിച്ചവതരിപ്പിച്ചത്, അല്ലെങ്കില്‍ ആരാണീ ശാസ്ത്രഗ്രന്ഥം രചിച്ചത് എന്നതിനു പ്രാധാന്യമൊന്നുമില്ല.