യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 592 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
മൃണ്മയം തു യഥാ ഭാണ്ഡം മൃച്ഝൂന്യം നോപലഭ്യതേ
ചിന്മയം തു തഥാ ചേത്യം ചി ചിച്ഝൂന്യം നോപലഭ്യതേ (6.2/105/38)
വസിഷ്ഠന് തുടര്‍ന്നു: അതിസൂക്ഷ്മമായ ശബ്ദകമ്പനം ആകാശത്തിനും അതിസൂക്ഷ്മമായ സ്പര്‍ശസ്പന്ദനം വായുവിനും നിദാനമാവുന്നു. അവയുടെ ഘര്‍ഷണം ചൂടിനു കാരണമാവുന്നു. അത് അഗ്നിഭൂതമായി. അഗ്നിയടങ്ങുമ്പോള്‍ ജലം. ഇവയെല്ലാം ഒന്നിച്ചുചേരുമ്പോള്‍ ഭൂമി ഉണ്ടാവുന്നു. എന്നാല്‍ ഇതെല്ലാം രൂപഭാവങ്ങളില്ലാത്ത വെറും സ്പന്ദനങ്ങള്‍ മാത്രമാണ്. അപ്പോള്‍ എങ്ങനെയാണ് രൂപങ്ങള്‍ ഉരുവാകുന്നത്? ഇതേക്കുറിച്ച് ധ്യാനിക്കുമ്പോള്‍ സാധകനു മനസ്സിലാവും ബോധമാണ് ഈ രൂപഭാവനയ്ക്ക് നിദാനമായിരിക്കുന്നതെന്ന്.
ഈ സത്യത്തെക്കുറിച്ചുള്ള അറിവ് എന്തുകൊണ്ടാണ് ഒരുവനില്‍ ആദ്യമേതന്നെ അങ്കുരിക്കാത്തത്? വാസ്തവത്തില്‍ സ്ഥൂലമായ ഭൂതങ്ങളോ രൂപങ്ങളോ നിലനില്ക്കുന്നില്ല. അവ, ഒരു സ്വപ്നത്തിലെന്നവണ്ണം ഉണ്ടായിമറയുകയാണ്. സ്വപ്നത്തില്‍ രൂപങ്ങള്‍ ഉണ്ടാവുന്നു; അതുപോലെ ജാഗ്രദ് അവസ്ഥയിലും രൂപങ്ങള്‍ ഉണ്ടാവുന്നു. ഇതറിഞ്ഞാല്‍ മോക്ഷമായി. ദേഹം തുടര്‍ന്നും നിലനില്‍ക്കുകയോ നശിക്കുകയോ ചെയ്യട്ടെ; പിന്നെ ദുഃഖമില്ല. ജാഗ്രദിലും സ്വപ്നത്തിലും യഥാര്‍ത്ഥത്തില്‍ ലോകമില്ല. ബോധം അനുഭവിക്കുന്ന ‘ലോകമെന്ന’ അവസ്ഥയാണ് ലോകം. സ്വപ്നത്തില്‍ ലോകം ‘ഒന്നുമില്ലായ്മ’ ആണെന്നതുപോലെ ജാഗ്രദിലും ലോകം അങ്ങനെയാണ്.
ഒരുവന്റെ സ്വപ്നാനുഭവം തൊട്ടടുത്ത് കിടന്നുറങ്ങുന്ന മറ്റൊരാള്‍ക്ക് അജ്ഞാതമാണെന്നതുപോലെ ഒരാളുടെ ലോകാനുഭവം മറ്റൊരാള്‍ക്ക് അറിയുവാനാവില്ല. സ്വപ്നത്തില്‍ വന്ധ്യയായ ഒരു സ്ത്രീയ്ക്ക് പുത്രന് ഉണ്ടാവാം. എന്നാല്‍ ജാഗ്രദില്‍ അതസംഭവ്യമാണ്.
അസത്ത് സത്തായി കാണപ്പെടുന്നു. ശരിക്കും അനുഭവിക്കാത്ത കാര്യം അനുഭവമെന്നപോലെ തോന്നുന്നു. ഒരുവന് സ്വപ്നത്തില്‍ തന്റെ ശവസംസ്കാരം കാണുന്നതുപോലെ വിചിത്രമാണത്. സ്വപ്നത്തില്‍ ഒരുവന് വലിയൊരു കിണറില്‍ വീഴുമ്പോള്‍ താനുറങ്ങുന്ന കിടക്ക തന്നെയാണാ കിണര്‍.
വല്ലാതെ പ്രോജ്വലിക്കുന്ന വെളിച്ചം ഇരുട്ടിലെന്നപോലെ ദൃശ്യത്തെ മറയ്ക്കുന്നു.
സ്വപ്നത്തില്‍ ഒരുവന് മരിക്കുമ്പോള്‍ തന്റെ സ്വപ്നബന്ധുക്കളെയെല്ലാം ഉപേക്ഷിക്കുന്നു. എന്നാല്‍ ആ സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ അയാള്‍ സ്വപ്നത്തിലുണ്ടായിരുന്ന ജീവിതത്തില്‍ നിന്നും മരണത്തില്‍നിന്നുമെല്ലാം മോചിതനാവുന്നു. അതുപോലെ ഇഹലോകജീവിതത്തിന്റെ സുഖദുഖങ്ങള്‍ ഏറ്റുവാങ്ങി ഒരുവനൊടുവില്‍ യാത്രയാകുന്നു. സ്വപ്നം കാണുന്നവന് അത് കഴിയുമ്പോള്‍ മറ്റൊരവബോധതലത്തിലേയ്ക്ക്, അനുഭവത്തിലെയ്ക്ക് ഉണര്‍ന്നു പോവുകയാണ്. അതുപോലെതന്നെയാണ് ജാഗ്രദിലും. സ്വപ്നസമയത്ത് ഒരുവന് താന്‍ തൊട്ടുമുന്‍പ് കണ്ടതായ സ്വപ്നം സത്യത്തില്‍ യഥാര്‍ത്ഥമായിരുന്നില്ല എന്ന് തിരിച്ചറിയുന്നില്ല. അതുപോലെതന്നെ പൂര്‍വ്വജന്മങ്ങള്‍ ഒരുവനില്‍ ഓര്‍മ്മയുണ്ടാകുന്നില്ല. അങ്ങനെ ഈ ജന്മം മാത്രമേ സത്യമായുള്ളൂ എന്ന നിഗമനത്തില്‍ അയാള്‍ എത്തിച്ചേരുന്നു. സ്വപ്നം കാണുന്നവന് ഉറക്കത്തിന്റെ അവസാനത്തില്‍ ‘ഉണരുന്നു’. അതുപോലെ ഈ ലോകത്ത് ജീവിക്കുന്നവന് മരിച്ച് മറ്റൊരിടത്ത് പുനര്ജന്മത്തിലൂടെ ‘ഉണരുക’യാണ്.
അപ്പോള്‍ സ്വപ്നത്തിനും ജീവിതത്തിനും തമ്മിലുള്ള അന്തരം അനിയന്ത്രിതവും ഗവേഷണപരവും ആണെന്ന് പറയാം. രണ്ടും അനന്താവബോധത്തിന്റെ സത്തയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ചരാചരവസ്തുക്കളെല്ലാം ശുദ്ധബോധമാണ്. അതില്‍ ഭ്രമാത്മകമായി ഉണ്ടാവുന്ന ഭേദഭാവനയാണ് ലോകമായി പ്രകടമാവുന്നത്.
“മണ്‍കുടം കളിമണ്ണാണ്. കളിമണ്ണിന്റെ അഭാവത്തില്‍ കുടമില്ല. എല്ലാ വസ്തുക്കളും ബോധമാണ്. ബോധമില്ലെങ്കില്‍ ഒന്നും കാണപ്പെടുകയില്ല.”
ജലം ഒരു ദ്രാവകമാണ്. ദ്രവത്വം എന്ന സഹജസ്വഭാവമില്ലെങ്കില്‍ അത് ജലമാവില്ല. ‘ഉണങ്ങിയ ജലം’ എന്നൊന്നുണ്ടോ? അതുപോലെയാണ് ബോധം. എല്ലാമെല്ലാം ബോധമാണ്. ബോധത്തിന്റെ അഭാവത്തില്‍ എങ്ങും ഒന്നുമില്ല.