യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 606 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ജഗത്സ്വപ്നേഷു ചാന്യേഷു സംസ്ഥാനകഥനേന കിം
ന ഹ്യോപയോഗികാദന്യാ കഥാ ഭവതി ധീമതാം (6.2/128/3)
വസിഷ്ഠന്‍ തുടര്‍ന്നു: വിശ്വത്തെപ്പറ്റി ഞാന്‍ നിനക്ക് വിവരിച്ചു പറഞ്ഞ് തന്നത് എന്റെ നേരനുഭാവത്തില്‍ നിന്നുമാണ്. അതെന്റെ അനുമാനങ്ങളോ ഊഹങ്ങളോ അല്ല. എന്നാല്‍ ഇതൊന്നും കൂടാതെ മറ്റനേകം വിശ്വങ്ങളും ഉണ്ടെന്നറിയുക.
“സ്വപ്നസമാനമായ ലോകത്തെയും മറ്റു കാര്യങ്ങളെയും പറ്റി അധികമായി ഗവേഷണം ചെയ്യുന്നതില്‍ എന്താണ് കാര്യം? ജ്ഞാനികള്‍ ഇത്തരം വ്യര്‍ത്ഥകര്‍മ്മങ്ങളില്‍ വ്യാപൃതരാവുകയില്ല.”
വടക്കെ അറ്റത്ത് മേരുപര്‍വ്വതവും തെക്കേയറ്റത്ത് ലോകാലോക പര്‍വ്വതനിരകളുമാണുള്ളത്. ബോധത്തിന്റെ വിവിധ തലങ്ങളില്‍ നിലകൊള്ളുന്നവര്‍ക്ക് വൈവിദ്ധ്യമാര്‍ന്ന ലോകാനുഭവങ്ങള്‍ ഉണ്ടാവുന്നു. ലോകമൊരു ഭൌതീകവസ്തുവായി അവര്‍ക്ക് അനുഭവപ്പെടുന്നു. മറ്റുള്ളവര്‍ക്ക് ആ അനുഭവം ഉണ്ടാകണമെന്നില്ല.
വിശ്വഗോളത്തിന്റെ രണ്ടറ്റത്തെപ്പറ്റി ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ. അതിനപ്പുറം വിശ്വമാകെ ജലത്തില്‍ മുങ്ങിയിരിക്കുന്നു. അത് വിശ്വത്തിന്റെ ഏതാണ്ട് പത്തുമടങ്ങ് വലുപ്പമുള്ള ഇടമാണ്. ഈ ജലധിക്കപ്പുറം അതിന്റെയും പത്തുമടങ്ങ് വിസ്താരത്തില്‍ അഗ്നിമണ്ഡലം. അതിനുമപ്പുറം വായുമണ്ഡലം. പിന്നെ ആകാശമണ്ഡലം. എല്ലാം തൊട്ടു മുന്നിലത്തെതിന്റെ പത്തിരട്ടി വിസ്താരമേറിയതാകുന്നു. ഇപ്പറഞ്ഞ മണ്ഡലങ്ങള്‍ക്കെല്ലാമപ്പുറമാണ് അനന്തവിഹായസ്സ്. അത് ഇരുട്ടോ വെളിച്ചമോ ഇല്ലാത്ത ആദിമദ്ധ്യാന്തരഹിതമായ ശുദ്ധബോധം മാത്രമാണ്.
അവിടെ കോടിക്കണക്കിന് വിശ്വങ്ങള്‍ ആവര്‍ത്തിച്ചുണ്ടായി മറഞ്ഞുകൊണ്ടിരിക്കുന്നു. ഈ ലോകങ്ങളെക്കുറിച്ചു ധാരണകള്‍ പുലര്‍ത്താന്‍ അവിടെ ജീവജാലങ്ങള്‍ ഇല്ല. അതിനാല്‍ ആ ലോകങ്ങള്‍ എപ്രകാരമാണോ അതുപോലെ യഥാതഥമായി നിലകൊള്ളുന്നു.
ഇനി ലോകാലോക പര്‍വ്വതത്തിനു മുകളില്‍ നിന്ന വിപശ്ചിത് രാജാവിനെന്തു പറ്റിയെന്നു കേട്ടാലും. മരണശേഷം തന്റെ ദേഹം വലിയൊരു കഴുകന്‍ കൊത്തിത്തിന്നുന്നതായി അദ്ദേഹം കണ്ടു. കടന്നുചെല്ലാന്‍ അദ്ദേഹത്തിന്‍റെ ബോധസീമയില്‍ മറ്റൊരു ദേഹം ഉണ്ടായിരുന്നില്ല. എന്നാലദ്ദേഹം പൂര്‍ണ്ണപ്രബുദ്ധതയെ പ്രാപിച്ചിട്ടില്ലാത്തതിനാല്‍ ഇനിയും കര്‍മ്മകുശലനാവാനുള്ള ചോദനയുണ്ടായിരുന്നു താനും. കര്‍മ്മങ്ങള്‍ക്ക് ദേഹം വേണമെന്നില്ലല്ലോ.
മനസ്സ് മായക്കാഴ്ചകളായും സ്വപ്നങ്ങളായും വിഭ്രാന്തികളായും ഓരോരോ ‘ക്ഷേത്ര’ങ്ങളെ സ്വയമുണ്ടാക്കുന്നു. അതാണ് ആതിവാഹികനെന്ന സൂക്ഷ്മദേഹം. അതിനാല്‍ അനന്താവബോധത്തെ സാക്ഷാത്ക്കരിക്കുന്നത് വരെ ഈ ആതിവാഹികന്റെ സ്വഭാവത്തെ നിരീക്ഷിക്കുക. എവിടെയാണ് ദ്വന്ദത? എവിടെയാണ് രാഗദ്വേഷങ്ങള്‍? ‘ഇതെല്ലാം ആദിമദ്ധ്യാന്തരഹിതമായ ശുദ്ധബോധമായ ശിവം മാത്രം. ഈ ബോധം പ്രബുദ്ധതയാണ്.
വിപശ്ചിത് അപ്പോഴും പൂര്‍ണ്ണസാക്ഷാത്കാരത്തില്‍ എത്താതെ തന്റെ സൂക്ഷ്മദേഹത്തില്‍ത്തന്നെ നിലകൊണ്ടു. അദ്ദേഹത്തിന് ചുറ്റും ഭ്രൂണത്തിലെന്നപോലെ ഇരുട്ട് വലയം ചെയ്തിരുന്നു. അദ്ദേഹം ഭൂമിമണ്ഡലം, ജലമണ്ഡലം, അഗ്നിമണ്ഡലം, വായുമണ്ഡലം, ആകാശമണ്ഡലം, എല്ലാം അനുഭവിച്ചു. സ്വയം തന്റെ സൂക്ഷ്മദേഹത്തെ നിരീക്ഷണവിധേയമാക്കി. എന്നിട്ടിങ്ങനെ ധ്യാനിച്ചു: ശുദ്ധാവബോധം മാത്രമായ എന്നെ ഇങ്ങനെ നിലനിര്‍ത്തുന്നതെന്താണ്? പെട്ടെന്നദ്ദേഹം ബ്രഹ്മലോകമായ അനന്തവിഹായസ്സിലേയ്ക്ക് എത്തിപ്പെട്ടു. അവിടെ എല്ലാം ദൃശ്യമായി. എന്നാല്‍ അവിടെയും അവിദ്യയുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ധ്യാനിച്ചുറക്കാത്തതിനാല്‍ വിപശ്ചിത്ത് ബ്രഹ്മലോകത്ത്തന്നെ നിലകൊള്ളുന്നു. അവിദ്യ ഇല്ലാത്തതാണെന്നും ബ്രഹ്മം മാത്രമേയുള്ളൂ എന്ന സത്യത്തെ അദ്ദേഹം അപ്പോഴും സാക്ഷാത്ക്കരിച്ചിരുന്നില്ല.