യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 607 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ദേശകാലക്രിയാധ്യേതദേകതാ വാസനൈകതാ
തയോര്യദേവ ബലവത്തദേവ ജയതി ക്ഷണാത് (6.2/129/7)
വസിഷ്ഠന്‍ തുടര്‍ന്നു: ഭൂഖണ്ഡങ്ങള്‍ തോറും ഏറെക്കാലം ചുറ്റിനടന്ന് ബ്രഹ്മദേവന്റെ അനന്താകാശത്തിലെത്തി കോടാനുകൊടി ലോകങ്ങളെയും ദര്‍ശിച്ചശേഷമാണ് മറ്റേ വിപശ്ചിത്തിന് അതേ തലത്തില്‍ എത്താനായത്. അദ്ദേഹം അവിടെ ഇപ്പോഴും വസിക്കുന്നു. സ്വന്തം മനോപാധികളില്‍പ്പെട്ടുഴറിയ മറ്റൊരു വിപശ്ചിത്ത് തന്റെ ദേഹം സംത്യജിച്ചു പിന്നെയൊരു മാനായി മാറി, ഇപ്പോള്‍ ഒരു മലയില്‍ക്കഴിയുന്നു.
രാമന്‍ ചോദിച്ചു: ഈ വിപശ്ചിത് രാജാവിന്റെ മനോപാധിയാകുന്ന വാസന ഒന്നല്ലേയുള്ളൂ? പിന്നെ അതെങ്ങനെ നാല് പേരായി?
വസിഷ്ഠന്‍ പറഞ്ഞു: ജീവികളുടെ വാസനകള്‍ ബലവത്താവുന്നതും ക്ഷീണിതമാവുന്നതും ആവര്‍ത്തിച്ചുള്ള കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും കൊണ്ടാണ്. കാലദേശകര്‍മ്മാനുസാരിയാണ് ഈ വാസനകള്‍. വാസനകള്‍ ക്ഷീണിതമാവുമ്പോള്‍ അവയ്ക്ക് മാറ്റങ്ങളുണ്ടാവുന്നു. എന്നാല്‍ പ്രബലവും രൂഢമൂലവുമായ വാസനകള്‍ മാറ്റമില്ലാതെ തുടരുന്നു.
“ഒരുവശത്ത് കാലം, ദേശം, വാസനാപ്രചോദിതമായി ആവര്‍ത്തിക്കുന്ന കര്‍മ്മം, എന്നിവയും മറുവശത്ത് മനോപാധികളാവുന്ന, മനസ്സില്‍ വേരൂന്നിയ വാസനകളുമാണ്. സന്ദര്‍ഭങ്ങളും വാസനകളും പരസ്പരം ഇഴചേര്‍ന്ന് വര്‍ത്തിക്കുകയാണ്.” ഇവയില്‍ പ്രബലമായത് വിജയിക്കുന്നു.
അതിനാല്‍ ഈ നാല് വിപശ്ചിത് രാജാക്കന്മാരേയും നാനാ ദിശകളിലേയ്ക്ക് ആദ്യമായി വലിച്ചുകൊണ്ടുപോയത് അവരിലെ വാസനകള്‍ തന്നെയാണ്. തുടക്കത്തില്‍ ആ വാസനകള്‍ ഒന്നുതന്നെയായിരുന്നു. എന്നാലതില്‍ രണ്ടുപേര്‍ അജ്ഞാനത്തിന്റെ പിടിയില്‍ അമര്‍ന്നു. ഒരാള്‍ പ്രബുദ്ധനായി. മറ്റെയാള്‍ ഒരു മാനായിത്തീര്‍ന്നു.
അജ്ഞാനത്തില്‍പ്പെട്ട ആ രണ്ടുപേര്‍ ഇപ്പോഴും അതില്‍നിന്നു കരകയറാന്‍ വഴികാണാതലയുന്നു. നിയതമായ ഉണ്മ ഇല്ലാത്തതിനാല്‍ അജ്ഞാനത്തെയും (അവിദ്യ) അനന്തമെന്നു പറയാം. എന്നാല്‍ ആത്മപ്രകാശം അങ്കുരിക്കുന്നതോടെ, ഇമചിമ്മുന്ന നേരംകൊണ്ട് അവിദ്യയുടെ ഇരുള്‍ മാഞ്ഞു വെളിച്ചമാകുന്നു.
ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്ക്ക്, ഒരു ലോകത്തുനിന്നും മറ്റൊന്നിലേയ്ക്ക് പോയ വിപശ്ചിത് ഭ്രമകല്‍പ്പിതമായ സൃഷ്ടികളെ ദര്‍ശിക്കുകയുണ്ടായി. ആ ഭ്രമകല്‍പ്പനയും ബ്രഹ്മം തന്നെ. അയാള്‍ എങ്ങനെയോ ഒരു മഹാത്മാവുമായി സത്സംഗത്തിനിടയായി. ഭ്രമകല്‍പ്പിതമായ ലോകമെന്ന പ്രതീതിയ്ക്ക് പിറകിലുള്ള സത്യത്തെപ്പറ്റി അദ്ദേഹത്തിനറിവുണ്ടായത് ഈ മഹാത്മാവിന്റെ സഹായത്താലാണ്. സത്യസാക്ഷാത്കാരം ഉണ്ടായ ക്ഷണത്തില്‍ അദ്ദേഹത്തിലെ അജ്ഞാനവും അതുകൊണ്ട് തന്നെ അജ്ഞാനവാഹകനായ തന്റെ ദേഹവും ഇല്ലാതെയായി. ആ വിപശ്ചിത് ബ്രഹ്മമായി, അനന്താവബോധമായിത്തീര്‍ന്നു.
രാമാ, ഇതാണ് വിപശ്ചിത്തിന്റെ കഥ. അജ്ഞാനം ബ്രഹ്മം പോലെതന്നെ അനന്തമാണ്. കാരണം ബ്രഹ്മഭിന്നമായി അജ്ഞാനത്തിനു സ്വതന്ത്രമായ ഒരു നിലനില്‍പ്പില്ലല്ലോ. അനന്തമായ ബോധം ‘അവിടെയും’, ‘ഇവിടെയും’; ‘ഇപ്പോഴും’, ‘അപ്പോഴും’, എണ്ണമറ്റ വിശ്വങ്ങളെ കാണുന്നു. സത്യം സാക്ഷാത്കരിക്കുന്നതുവരെ അത് അജ്ഞാനം. സത്യം തെളിയുമ്പോള്‍ അതേ ബോധംതന്നെയാണ് ബ്രഹ്മം. വാസ്തവത്തില്‍ ഇവ തമ്മില്‍ അന്തരമേതുമില്ല. ഏതെങ്കിലും തരത്തില്‍ ആരോപിക്കുന്ന വ്യതിരിക്തത അജ്ഞാനം തന്നെയാണല്ലോ. അതും ഉദിച്ചുയരുന്നത് ബോധത്തിലാണ്. അത് ബോധവിഭിന്നമാവുന്നതെങ്ങനെ? അതിനാല്‍ ലോകമായി കാണുന്നതും ബ്രഹ്മം തന്നെയാണ്. ബോധം, ലോകം എന്നിങ്ങനെയുള്ള വിഭജനാത്മകതയും ബ്രഹ്മമാണ്. എല്ലാം അനന്തമായ ബോധം തന്നെയാകുന്നു.