യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 608 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

അവയവാനവയവീ നിത്യം വേത്തി യഥാഖിലാന്‍
തഥാ സര്‍വാനഹം വേദ്മി ബ്രഹ്മണ്യാത്മന്യവസ്ഥിതാന്‍ (6.2/129/38)

രാമന്‍ ചോദിച്ചു: വിപശ്ചിത്ത് രാജാവിന് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌ നിര്‍മ്മിച്ച വിശ്വത്തിന്റെ അതിരറ്റങ്ങളില്‍ എത്താന്‍ എന്തുകൊണ്ടാണ് സാധിക്കാതെ വന്നത്?

വസിഷ്ഠന്‍ പറഞ്ഞു: താന്‍ സ്വയം ഉരുവായിക്കഴിഞ്ഞ ഉടനെ ബ്രഹ്മാവ്‌ തന്റെ രണ്ടുകൈകള്‍ കൊണ്ട് ആകാശത്തെ തള്ളി അകത്തി. അപ്പോള്‍ മുകളിലുള്ള ഭാഗം ഏറെ മുകളിലേയ്ക്കുയര്‍ന്നും താഴെയുള്ള ഭാഗം ഏറെ താഴേയ്ക്കു നിപതിച്ചും അകന്നു പോയി. ഈ രണ്ടറ്റത്തിനും ഇടയിലാണ് സൃഷ്ടിക്കപ്പെട്ട എല്ലാമെല്ലാം നിലകൊള്ളുന്നത്. ഈ രണ്ടു പരമകാഷ്ഠകള്‍ക്കും ഇടയിലുള്ള ഇടമാണ് ആകാശം. നീലനിറത്തില്‍ അനന്തമായി കാണുന്ന വിഹായസ്സാണിത്.

ജലത്തിനോ മറ്റുഭൂതങ്ങള്‍ക്കോ ആകാശത്തെ മലീമസമാക്കാന്‍ കഴിയില്ല. അവയൊന്നും ആകാശത്തില്ല. എന്നാല്‍ പഞ്ചഭൂതങ്ങളായ ജലം, വായു, മുതലായവയെപ്പറ്റി സ്മരിക്കുന്ന മാത്രയില്‍ ആകാശം ഉണ്ടാവുകയായി. മറ്റുള്ളവരില്‍ ഉരുവാകുന്ന പ്രതീതികള്‍ മാത്രമാണീ പഞ്ചഭൂതങ്ങള്‍.

തന്നിലെ അവിദ്യയുടെ ആഴമളക്കാന്‍ വിപശ്ചിത്‌ നക്ഷത്രഖചിതമായ വിഹായസ്സിനെ സസൂക്ഷ്മം നിരീക്ഷിച്ചു. ബ്രഹ്മം അനന്തമാണ്. അതുകൊണ്ട് ബ്രഹ്മത്തെക്കുറിച്ചുള്ള അജ്ഞാനവും അനന്തം.

അജ്ഞാനം ഉള്ളത് ബ്രഹ്മത്തെ അറിയാതിരിക്കുമ്പോഴാണ്. സത്യസാക്ഷാത്ക്കാരത്തില്‍ അവിദ്യയെന്ന സങ്കല്‍പ്പംപോലും ഇല്ലേയില്ല. എത്രയെത്ര ദൂരം പോയാലും വിപശ്ചിത്‌ അവിദ്യയുടെ തലത്തില്‍ത്തന്നെയായിരുന്നു അലഞ്ഞിരുന്നത്. മറ്റു മൂന്നുപേരില്‍ ഒരാള്‍ പ്രബുദ്ധനായി, ഒരാള്‍ മാനായി, മറ്റേയാള്‍ അജ്ഞാനത്തില്‍ ഇപ്പോഴും അലയുന്നു.

ഏറെ ദൂരെയുള്ള ലോകങ്ങളില്‍ അലയുന്ന ആ രണ്ടുപേരെ നമ്മുടെ ബോധത്തില്‍ കാണുന്നില്ല. എന്നാല്‍ മാനായി കഴിയുന്നയാള്‍ നമ്മുടെ അറിവിന്റെ പരിധിയില്‍ത്തന്നെയാണ്. ദൂരെ ദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് അവസാനം മാനായി മാറിയ ആ വിപശ്ചിത്‌ ജീവിക്കുന്ന ലോകം അനന്താവബോധത്തിന്റെ ഒരു വിദൂരകോണില്‍ നിലകൊള്ളുന്ന ലോകം തന്നെയാണ്.

രാമന്‍ ചോദിച്ചു: ഭഗവന്‍, വിപശ്ചിത്‌ ഈ ലോകത്ത് ജീവിച്ചു. ഇവിടെ നിന്ന് പോവുകയും ചെയ്തു. പക്ഷെ എങ്ങനെയാണദ്ദേഹം ഒരു മാനായിത്തീര്‍ന്നത്?

വസിഷ്ഠന്‍ പറഞ്ഞു: “ഒരാള്‍ക്ക് തന്റെ അവയവങ്ങളെ അറിയാന്‍ കഴിയുന്നതുപോലെ എനിക്ക് ബ്രഹ്മത്തില്‍ ഉള്ള എല്ലാറ്റിനെപ്പറ്റിയും അറിയാം. എന്റെ ആത്മാവാണല്ലോ ബ്രഹ്മം!”

ഭൂതകാലത്തിന് ഭാവിയെയോ ഭാവിക്ക് ഭൂതത്തെയോ അറിയില്ല. എന്നാല്‍ ബോധം കാലത്താല്‍ വിഭിന്നമാക്കപ്പെടാത്ത സത്തയാണ്. അതെല്ലാറ്റിനെയും അറിയുന്നു. അതില്‍ എല്ലാമെല്ലാം, ‘ഇപ്പോള്‍’, ‘ഇവിടെ’യാണ്. ഒരുപക്ഷേ, സാധാരണക്കാരുടെ കാഴ്ചയില്‍ ചിലതെല്ലാം ‘ദൂരെ’ എന്ന് തോന്നിയേക്കാമെങ്കിലും സത്യം ഇതാണ്.

അങ്ങനെ വിപശ്ചിത്‌ സഞ്ചരിച്ച ലോകങ്ങളെ എനിക്ക് കാണാനായി. ഈ ലോകത്ത് അദ്ദേഹം എങ്ങനെയൊരു മാനായി എന്നും ഞാന്‍ കണ്ടു. ആ മാന്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. നിനക്കായി ത്രിഗര്‍ത്തത്തിലെ രാജാവ് നല്‍കിയ സമ്മാനമാണ് ആ മാന്‍കിടാവ്.

വാല്മീകി പറഞ്ഞു: വസിഷ്ഠന്‍ ഇത് പറയവേ രാമനും സഭാവാസികളുമെല്ലാം അത്ഭുതപരതന്ത്രരായി. ആ മാനിനെ സഭയിലേയ്ക്ക് കൊണ്ടുവരാന്‍ രാമന്‍ കുറച്ചു ബാലന്മാരെ അയച്ചു.

സഭാവസികളെല്ലാവരും പറഞ്ഞു. ‘മായാശക്തിയെത്ര അപരിമേയം! എത്ര അനന്തവിസ്മയം!