യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 612 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

നേദം നേദം സദിത്യേവ വിചാരാനുഭവേ സ്ഥിതം
തഥാപിദമിദം ചേതി ദുര്‍ദൃഷ്ടിര്‍ന നിവര്‍ത്തതേ (6.2/132/17)

ഭാസന്‍ തുടര്‍ന്നു: ഒരിക്കല്‍ ഞാനൊരപ്സരസ്സിനോടോപ്പം ഒരു പൂന്തോട്ടത്തില്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന്‍ ഞാനുണര്‍ന്നപ്പോള്‍ ഒരു പുല്‍ക്കൊടിയെന്നപോലെ ഞാന്‍ താഴോട്ടോഴുകിപ്പോകുന്നു.

ഞാന്‍ ആ അപ്സരസ്സിനോടു ചോദിച്ചു: ‘എന്താണ് സംഭാവിക്കുന്നത്?’

അവള്‍ പറഞ്ഞു: അതോ, ഇവിടെയടുത്ത് ഒരു മലയില്‍ ചന്ദ്രകാന്തക്കല്ലുണ്ട്.

ചന്ദ്രനുദിക്കുമ്പോള്‍ ആ മലയില്‍ നിന്നും പൊട്ടിവരുന്ന ഉറവകളും അരുവികളും നിറഞ്ഞു മെത്തി പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാവുന്നു. അങ്ങുമായി രമിച്ചു സുഖിച്ചതിന്റെ ആലസ്യത്തില്‍ ഇക്കാര്യത്തെപ്പറ്റി മുന്നറിയിപ്പ് തരാന്‍ ഞാന്‍ മറന്നുപോയി. ഇത്രയും പറഞ്ഞ് അവള്‍ എന്നെയുമെടുത്ത് നിഷ്പ്രയാസം ആകാശത്തേയ്ക്ക് പറന്നു. പിന്നെ ഒരേഴുകൊല്ലം ഞാന്‍ മന്ദരപര്‍വ്വതത്തിന്റെ മുകളില്‍ അവളുമായി രമിച്ചു കഴിഞ്ഞു. പിന്നീട് ഞാന്‍ സ്വയം പ്രഭരായ ആളുകള്‍ ജീവിക്കുന്ന ഇടങ്ങളില്‍ ചുറ്റി നടന്നു.

കിഴക്ക്, പടിഞ്ഞാറ് തുടങ്ങിയ ദിക്കുകളൊന്നുമില്ലാത്ത ഒരു ലോകത്താണ് പിന്നീട് ഞാന്‍ ചെന്നത്. അവിടെ രാത്രി പകലുകള്‍ ഇല്ല. ശാസ്ത്രങ്ങളോ, വേദങ്ങളോ, ചര്‍ച്ചകളോ, ദേവാസുര വിഭജനങ്ങളോ ഇല്ല.

അമരസോമന്‍ എന്ന പേരുള്ള ഒരു വിദ്യാധരനായിരുന്നു പിന്നെ ഞാന്‍. അതും കഴിഞ്ഞു ഒരു പതിനാലുകൊല്ലം ഞാനൊരു മുനിയായിരുന്നു. അക്കാലത്ത് അഗ്നിഭാഗവാന്റെ വരബലത്താല്‍ ഞാന്‍ ആകാശത്തൂടെ അതിവേഗതയില്‍ സഞ്ചരിക്കുമായിരുന്നു. എന്നാല്‍ എവിടെയോ എപ്പോഴോ ഞാന്‍ ആകാശത്തുനിന്നും സമുദ്രത്തിലേയ്ക്ക് നിപതിച്ചു. ആകാശത്തുനിന്നും താഴേയ്ക്ക് പോരുന്നതിന്റെ അനുഭവം എന്നില്‍ ഉണ്ടായി. പിന്നീട് ആകാശഗമനം മാത്രമായിരുന്നു എന്റെ തൊഴില്‍. ഞാന്‍ പരിക്ഷീണനായി, ഏറെനേരം ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍ ഞാന്‍ സ്വപ്നലോകത്തേയ്ക്ക് പോയി.

അവിടെയും വൈവിദ്ധ്യമാര്‍ന്ന ലോകങ്ങളെയും വസ്തുക്കളെയും അനുഭവിച്ച് എന്റെ മനസ്സാകെ കലുഷിതമായിരുന്നു. ഞാന്‍ എന്തൊക്കെ കണ്ടുവോ, അവിടെയെല്ലാം ഞാന്‍ ഒരു നിമിഷത്തേയ്ക്ക് ഉണ്ടായിരുന്നു. അവിടെയും ഇവിടെയും എത്രദൂരെയാണെങ്കിലും എന്റെ ദൃഷ്ടി പതിഞ്ഞിടത്തെല്ലാം ഞാനുണ്ടായിരുന്നു. അങ്ങനെ ഒരു ലോകത്തുനിന്നും മറ്റൊരിടത്തേയ്ക്ക് അതിവേഗത്തില്‍ സഞ്ചരിച്ച് ഞാന്‍ വര്‍ഷങ്ങള്‍ ഏറെ ചിലവഴിച്ചു.

എന്നാല്‍ അവിദ്യയുടെ പ്രകടഭാവമായ ‘വസ്തു പ്രപഞ്ച’ത്തിന്റെ അറ്റം കാണാന്‍ എനിയ്ക്കായില്ല. കാരണം എന്നില്‍ രൂഢമൂലമായിരുന്ന വെറും തോന്നല്‍ മാത്രമായിരുന്നല്ലോ അത്. ബാലമനസ്സില്‍ ഉരുവാകുന്ന പ്രേതഭയം പോലെ വെറും ഭ്രമം.

“തീവ്രസാധനയ്ക്കും അന്വേഷണത്തിനും ശേഷം ‘ഇതല്ല സത്യം’, ‘ഇതല്ല സത്ത’, എന്ന് ഞാന്‍ എത്ര കൂലങ്കഷമായി മനസ്സിലുറപ്പിച്ചാലും ‘ഇതുണ്ട്’ എന്ന തോന്നല്‍ എന്നില്‍ നിന്നും വിട്ടുമാറുന്നില്ല.”

നദിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ജലംപോലെ എന്നില്‍ അനുനിമിഷം സുഖദുഖാദികളുടെ നവാനുഭവങ്ങള്‍ ഉണ്ടായി മറഞ്ഞുകൊണ്ടിരുന്നു. മറ്റൊന്ന് ഞാന്‍ ഓര്‍ക്കുന്നത് വലിയൊരു പര്‍വ്വത നിരയെയാണ്. സൂര്യനോ ചന്ദ്രനോ ഒന്നുമില്ലായിരുന്നു എങ്കിലും അത് സ്വയം പ്രഭതൂകി നിലകൊണ്ടിരുന്നു. ഏകാന്തവാസം കാംഷിക്കുന്ന മുനിവരന്മാരേപ്പോലും ആ കാഴ്ച ആകര്‍ഷിച്ചിരുന്നു.