യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 615 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ബ്രഹ്മാദീനാം തൃണാന്താനാം ദ്വിധാ ഭവതി സംഭവ:
ഏകോ ബ്രഹ്മമയോഽന്യസ്തു ഭ്രാന്തിജസ്താവിമൌ ശൃണു (6.2/136/22)
ദേവന്മാര്‍ തുടര്‍ന്നു: നോക്കൂ പിശാചുക്കള്‍ എല്ലാവരും കൂടി ഇപ്പോഴാ ശവം ഭക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഭൂമിയെ കാണാമെന്നായി. ആ ദേഹത്തിലെ എല്ലുകള്‍ ഇപ്പോഴിതാ പുതിയ മലകളായിത്തീര്‍ന്നിരിക്കുന്നു.
ദേവന്മാര്‍ ഇങ്ങനെ പറഞ്ഞപ്പോഴേയ്ക്ക് പിശാചുക്കള്‍ ആകാശത്ത് നൃത്തമാരംഭിച്ചു. ദേവന്മാര്‍ ഭൂമിയില്‍ കുറച്ചു രക്തം ബാക്കിയുണ്ടായിരുന്നതെടുത്ത് സമുദ്രങ്ങളില്‍ നിറച്ചു. എന്നിട്ട് അത് മദ്യമാകട്ടെ എന്ന് സങ്കല്‍പ്പിച്ചു. പിശാചുക്കള്‍ ആ മദ്യം കുടിച്ചുമദിച്ചു നൃത്തം തുടര്‍ന്നു. അവരിപ്പോഴും നൃത്തം തുടരുന്നു.
ഈ ഭൂമി മേദസ്സ്കൊണ്ട് നിര്‍മിച്ചതായതിനാല്‍ അതിനു മേദിനി എന്ന് പേരായി. അങ്ങനെ ഭൂമിയും അതിലെ ജീവജാലങ്ങളും വീണ്ടും ഉണ്ടായി. സൃഷ്ടാവ് പുതിയൊരു മനുഷ്യകുലത്തെ ഉരുവാക്കി.
ഭാസന്‍ പറഞ്ഞു: പിന്നീട് ഞാന്‍ അഗ്നിഭഗവാനോടു ചോദിച്ചു: മരണപ്പെടുന്നതിനു മുന്പ് ആരായിരുന്നു?
അഗ്നിദേവന്‍ എന്നോടാ കഥപറഞ്ഞു: കേള്‍ക്കൂ, ഒരനന്തമായ ഇടമുണ്ട്. അതുമുഴുവന്‍ ശുദ്ധബോധമാണ്. അതില്‍ അസംഖ്യം ലോകങ്ങള്‍ അണുക്കളെന്നപോലെ പൊങ്ങിയൊഴുകിനടക്കുന്നു. അതില്‍ ഒരു വിശ്വപുരുഷന്‍ ഉദയം ചെയ്തു. അയാള്‍ക്ക് ആത്മാവബോധം ഉണ്ടായിരുന്നു. നാം സ്വപ്നം കാണുന്നതുപോലെ അയാള്‍ക്ക് സ്വയം തന്റെ പ്രാഭവം സ്വപ്രകാശത്താല്‍ ദൃശ്യമായിരുന്നു. അയാളുടെ അനുഭവങ്ങളില്‍ നിന്നും പഞ്ചേന്ദ്രിയങ്ങള്‍, അവയുടെ അതാതവയവങ്ങള്‍, എല്ലാമുണ്ടായി; അതൊരു ദേഹമായി. ഇന്ദ്രിയങ്ങള്‍ അവയ്ക്ക് ചേര്‍ന്ന വസ്തുക്കളെപ്പറ്റി അവബോധിച്ച് ഒന്ന്ചേര്‍ന്ന് ലോകമായി.
ആ ലോകത്ത് അസുരന്‍ എന്ന പേരിലൊരു ജീവിയുണ്ടായി. അയാള്‍ക്ക് സ്വയം തന്റെ പ്രാഭവത്തില്‍ മതിപ്പ് തോന്നി. എന്നാല്‍ ഒരിക്കല്‍ അയാള്‍ ഒരു മഹര്‍ഷിയുടെ പര്‍ണ്ണശാല നശിപ്പിച്ചതിന്റെ ശാപം മൂലം ഒരു കൊതുകായിത്തീര്‍ന്നു. ‘നിന്റെ ഭീമാകാരദേഹത്തിനെപ്പറ്റിയുള്ള ദുരഭിമാനമാണ് നിന്നെക്കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നത്. നീ ചത്തൊരു മശകമായിപ്പോകട്ടെ!’ മുനി ശപിച്ചു. ശാപാഗ്നിയില്‍ അസുരന്‍ പെട്ടെന്ന് ചാരമായിത്തീര്‍ന്നു..
ബോധംകെട്ടുകിടക്കുന്ന ഒരാളിന്റെ മനസ്സുപോലെ അയാള്‍ ദേഹമില്ലാത്ത ഒരു വ്യക്തിത്വമായി പരിണമിച്ചു. അത് ആകാശവുമായി വിലയിച്ചു. പിന്നീടത് വായുവുമായി ഒന്നുചേര്‍ന്നു. വായു എന്നത് പ്രാണശക്തിയാണല്ലോ. പെട്ടെന്ന് ദേഹരഹിതനായ അസുരനില്‍ ജീവനുണര്‍ന്നു. അത് ഊര്‍ജ്ജവും ജലവും സംഘടിപ്പിച്ചു. തന്മാത്രകളായ പഞ്ചഭൂതങ്ങളെയും അനന്തബോധത്തിന്റെ ഒരു കണികയും ചേര്‍ത്ത് വെച്ച് ആ സത്ത ഒരു വ്യതിരിക്ത ഭാവത്തോടെ കമ്പനം കൊള്ളാന്‍ തുടങ്ങി. അനുകൂല സാഹചര്യത്തില്‍ വിത്തില്‍ നിന്നും മുളപൊട്ടുന്നതുപോലെ അയാളില്‍ അവബോധമങ്കുരിച്ചു.
ആ അവബോധത്തില്‍ മഹര്‍ഷിയുടെ ശാപം, കൊതുകിന്റെ സങ്കല്‍പ്പം എല്ലാം ഉണ്ടായിരുന്നു. അങ്ങനെ ആ സത്വം ഒരു കൊതുകായി.
രാമന്റെ ചോദ്യത്തിനുത്തരമായി വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മാവ് മുതല്‍ പുല്‍ക്കൊടിവരെയുള്ള ജീവജാലങ്ങള്‍ രണ്ടു തരം ജന്മങ്ങള്‍ക്ക് വശംവദരാണ്. ഒന്ന് ബ്രഹ്മാവിന്റെ സൃഷ്ടി’ രണ്ട്, ഭ്രമാത്മകമായ സൃഷ്ടി”
സൃഷ്ടാവിന്റെയുള്ളില്‍ ആകസ്മികമായി പൊടുന്നനെയുണ്ടാവുന്ന, മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആദ്യസങ്കല്‍പ്പം ബ്രഹ്മാവിന്റെ സൃഷ്ടിയാണ്. അത് ഗര്‍ഭപാത്രത്തില്‍ നിന്നുമുള്ള ജനനമല്ല. ലീനമായ വാസനകളാലും ഭ്രമകല്‍പ്പനകളാലും ഉരുവാകുന്ന സൃഷ്ടികള്‍ മായാ സൃഷ്ടികളാണ്. വിഷയ-വിഷയീ നിബദ്ധമായ സൃഷ്ടികള്‍.
കൊതുക് ഒരു പുല്‍ക്കൊടിക്ക് മുകളില്‍ തന്റെ പ്രിയപ്പെട്ടവളുമായി സസുഖം വാണു. പുല്‍ക്കൊടിയെ ഒരു മാന്‍കിടാവ് ഭക്ഷിച്ചു. മാനിനെ കണ്ടുകൊണ്ടു മരിച്ചതിനാല്‍ ആ കൊതുക് ഒരു മാനായി ജന്മമെടുത്തു. ഒരു വേടന്‍ ആ മാനിനെ അമ്പെയ്ത് കൊന്നു. അടുത്ത ജന്മം മാനൊരു വേടനായി.
വ്യാധന്‍ വനത്തില്‍ അലയുന്ന സമയത്ത് അദ്ദേഹത്തിനൊരു മാമുനിയെ കാണാന്‍ ഭാഗ്യമുണ്ടായി. മഹര്‍ഷി അവനിലെ ബോധത്തെ ഉണര്‍ത്തി: ’എന്തിനാണ് നീ ഈ നിഷ്ഠൂരമായ പ്രവര്‍ത്തി ചെയത് ജീവിക്കുന്നത്? വേടനായുള്ള ഈ ജീവിതം ഉപേക്ഷിച്ച് മോക്ഷമാര്‍ഗ്ഗത്തിലൂടെ നിര്‍വ്വാണപദം പ്രാപിച്ചാലും’.