യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 616 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
വിവേശ മാനസാ മൌനി തത: ശാസ്ത്രവിവേകിതാം
ദിനൈരേവ യഥാ പുഷ്പമാമോദേന നരാശയം (6.2/137/4)
വ്യാധന്‍ ചോദിച്ചു: അങ്ങനെയാണെങ്കില്‍ കഠിനമായതോ ലഘുവായതോ ആയ സാധനകള്‍ ഒന്നുമില്ലാതെ ഒരുവനെങ്ങനെ ദുഃഖം ഇല്ലായ്മ ചെയ്യാനാവും?
മുനി പറഞ്ഞു: നിന്റെ കയ്യിലെ അമ്പും വില്ലും ഇപ്പോള്‍ത്തന്നെ ഉപേക്ഷിക്കുക. എന്നിട്ട് ഇവിടെത്തന്നെ ജീവിതകാലം മുഴുവന്‍ നിശ്ശബ്ദനായിരുന്നു ദുഃഖമില്ലാത്തവനാവുക.
വസിഷ്ഠന്‍ പറഞ്ഞു: വേടന്‍ നിഷ്പ്രയാസം ആ ഉപദേശം ചെവിക്കൊണ്ടു. “ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തില്‍ വേദശാസ്ത്രപ്രോക്തങ്ങളായ അറിവുകള്‍ ഉണ്ടായി. പൂക്കളിലെ പരിമളം ഒരാളുടെ ദേഹത്ത് കയറുന്നതുപോലെ അയത്നലളിതമായിരുന്നു അത്.”
ഒരുദിവസം അദ്ദേഹം ആ മുനിയോടു ചോദിച്ചു: മഹാമുനേ, അന്തരംഗത്തില്‍ ഉളവാകുന്ന സ്വപ്നദൃശ്യങ്ങള്‍ എന്തുകൊണ്ടാണ് ബാഹ്യമായി കാണപ്പെടുന്നത്?
മഹര്‍ഷി പറഞ്ഞു: ആദ്യമാദ്യം ഈ ചോദ്യം എന്റെയുള്ളിലും പൊന്തിയിരുന്നു. അതിനൊരുത്തരം കണ്ടെത്താനായി ഞാന്‍ എന്റെ ശ്രദ്ധയെ കേന്ദ്രീകരിച്ചു ധ്യാനിക്കാന്‍ തുടങ്ങി. ശുദ്ധബോധധ്യാനത്തോടെ ഞാന്‍ പദ്മാസനത്തില്‍ ഇരുന്നു. ആയിരക്കണക്കിന് വസ്തുക്കളിലേയ്ക്ക് പാലായനം ചെയ്തിരുന്ന മനസ്സിന്റെ കിരണങ്ങളെ ഞാനെന്റെ ഹൃദയത്തില്‍ കേന്ദ്രീകരിച്ചു. പ്രാണശക്തിയോടൊപ്പം ഞാനെന്റെ മനസ്സിനെ പുറത്തേയ്ക്ക് ഉഛ്വസിച്ചു കളഞ്ഞു. ആ പ്രാണന്‍ ഒരു ജീവിയില്‍ പ്രവേശിച്ച് എന്റെ മുന്നില്‍ വന്നു നിന്നു. ആ ജീവി പ്രാണനെ ശ്വസിച്ച് അതിന്റെ ഹൃദയത്തില്‍ സ്വീകരിച്ചു. അപ്പോള്‍ ഞാനാ ജീവിയുടെ ഹൃദയത്തില്‍ പ്രവേശിച്ചു. എന്റെ മേധാശകക്തിയാല്‍ ഞാനാ ജീവിയെ പിന്തുടര്‍ന്നു.
ഞാനാ വ്യക്തിയുടെ ഉള്‍ഭാഗം അനവധി കുഴലുകളും ചാലുകളുമായി വിഭജിക്കപ്പെട്ടതായി പുറമേയെന്നപോലെ കണ്ടു. കരള്‍, സ്പ്ലീഹ, മുതലായ ആന്തരാവയവങ്ങളും ഞാനതില്‍ കണ്ടു. വീട്ടുപകരണങ്ങള്‍ തിങ്ങി നിറച്ച ഒരു വീടിനെ കാണുന്നതുപോലെയുള്ള കാഴ്ചയായിരുന്നു അത്. അകത്ത് നല്ല ചൂടുണ്ടായിരുന്നു. പുറമെനിന്നു കൃത്യമായി അകത്തേയ്ക്ക് ശീതളവായു വന്നിരുന്നതുകൊണ്ട് ദേഹം ജീവനോടെ നിലനിന്നിരുന്നു. അവിടെക്കണ്ട കുഴലുകള്‍ രക്തചംക്രമണം നടത്തി. അകമാകെ നരകംപോലെ ഇരുട്ടായിരുന്നു.
പ്രാണവായുവിന്റെ ചലനത്തില്‍ എന്തെങ്കിലും അപാകത വന്നാല്‍ ഈ രക്തക്കുഴലുകള്‍ ദേഹത്തിന്റെ രോഗാവസ്ഥയെ കൃത്യമായി കാണിച്ചു തന്നിരുന്നു. അതിലൊരു കുഴല്‍ താമരത്തണ്ടിനെപ്പോലെയായിരുന്നു. അതിലൂടെ അതിവേഗം ശക്തിയുള്ള കാറ്റടിച്ച് ചെറിയൊരു കുഴലിലൂടെ വായു സഞ്ചാരം നടക്കുമ്പോള്‍ ഉണ്ടാവുന്ന ആരവം കേള്‍ക്കായി. പലവിധ വസ്തുക്കള്‍ കൊണ്ട് അവിടം നിറഞ്ഞിരുന്നു. എന്നാല്‍ പ്രാണവായുവിന്റെ സഞ്ചാരം ഈ വസ്തുക്കളെ കൂട്ടിയിണക്കി നിലനിര്‍ത്തിയിരുന്നു.
ദേഹത്തിനുള്ളിലെ ചിലയിടങ്ങള്‍ സന്തുഷ്ടവും മറ്റു ചിലയിടങ്ങള്‍ കലുഷവും ആയിരുന്നു. നാവിന്റെ അടിയിലായി എവിടെയോ ആകാശഗായകരുടെ സദിര് നടക്കുന്നതുപോലെയും മറ്റിടങ്ങളില്‍ സുന്ദര സംഗീതമുയരുന്നതുപോലെയും തോന്നി. ഞാനാ ജീവിയുടെ ഹൃദയത്തില്‍ പ്രവേശിച്ചു. അതില്‍ ഞാന്‍ പ്രകാശതത്വമായിത്തീര്‍ന്നു. അതില്‍ മൂന്നു ലോകങ്ങളും പ്രതിഫലിച്ചു. അത് മൂന്നു ലോകങ്ങള്‍ക്കും കാഴ്ച്ചയേകുന്ന പ്രകാശമായിരുന്നു. എല്ലാ ജീവജാലങ്ങളുടെയും ആന്തരസത്ത അത് തന്നെയാണ്. അതിലാണ് ജീവന്റെ നിവാസം.
ജീവന്‍ ദേഹം മുഴുവന്‍ വ്യാപരിച്ചിരിക്കുന്നു. എന്നാല്‍ ഓജസ്സ് എന്ന ആന്തര പ്രഭയ്ക്ക് നിയതമായ ഒരിരിപ്പിടമുണ്ട്. ചുറ്റുപാടും പ്രാണവായുവിന്റെ പരിരക്ഷ യിലാണത് നിലകൊള്ളുന്നത്. മണ്‍കുടത്തില്‍ വെള്ളമെന്നതുപോലെ ഞാനതില്‍ പ്രവേശിച്ചു. എന്റെ ഓജസ്സില്‍ നിന്നെന്നപോലെ അവിടെയിരുന്നു ഞാന്‍ വിശ്വത്തെ മുഴുവന്‍ ദര്‍ശിച്ചു.