യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 626 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ഏകം തഥാ ച ചിന്മാത്രം സ്വപ്നേ ലക്ഷാത്മ തിഷ്ഠതി
പുനര്‍ലക്ഷാത്മ തത്സ്വപ്നാദേകമാസ്തേ സുഷുപ്തകേ (6.2/143/58)

മുനി തുടര്‍ന്നു: എത്ര ജാഗരൂകമായി നാം നോക്കിയാലും ഗവേഷണം ചെയ്താലും അവസാനം യാഥാര്‍ത്ഥ്യമൊഴികെ യാതൊന്നും നാം കാണുന്നില്ല. അജ്ഞാനികളും മൂഢമതികളും എന്താണ് കാണുന്നതെന്ന് നമുക്കറിയില്ല.

പ്രബുദ്ധനായ ഋഷിക്ക് ഇതെല്ലാം ശുദ്ധബോധം മാത്രമാകുന്നു. അത് തന്നെയാണ് എണ്ണമറ്റതും വ്യത്യസ്ഥങ്ങളും സചേതനവും അചേതനവും ആയ വസ്തുക്കളായി അജ്ഞാനിക്ക് ദൃശ്യമാവുന്നത്.

“സ്വപ്നത്തിലെ വൈവിദ്ധ്യമാര്‍ന്ന സ്വപ്നവസ്തുക്കള്‍പോലെ ഒരേയൊരു ബോധം പ്രകടിതമാവുന്നു. എന്നാല്‍ സ്വപ്നത്തില്‍ കാണുന്ന ഈ കോടാനുകോടി വസ്തുക്കള്‍ എല്ലാം ദീര്‍ഘനിദ്രയില്‍ വീണ്ടും ഒന്നായിത്തീരുന്നു” അതുപോലെ അനന്താവബോധത്തില്‍ പ്രത്യക്ഷമാവുന്ന സ്വപ്നലോകം തന്നെയാണ് സൃഷ്ടികളാവുന്നത്. എന്നാല്‍ അത് ദീര്‍ഘനിദ്രയിലെന്നപോലെയുള്ള ഒരു തലത്തില്‍ വിലീനമാവുന്നതാണ് വിശ്വപ്രളയം.

വാസ്തവത്തില്‍ ഇത് കേവലം പൊതുവിജ്ഞാനം മാത്രമാണ്. ഒരേയൊരവിഛിന്നബോധം വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളായി; പിന്നീട് അനന്തം ജീവികളായി. അത് തന്നെ നിശ്ശൂന്യതയായി. സ്വപ്നത്തിലെന്നപോലെയുള്ള പദാര്‍ത്ഥസംഘാതങ്ങളായി. ഈ നാനാത്വങ്ങളെല്ലാം കേവലം അനുഭവത്തിന്റെ തലത്തിലാണുള്ളത്. നിര്‍മ്മലമാണത്. ഏതുരീതിയില്‍ ചിന്തിക്കുന്നുവോ, ആ രീതിയില്‍ അത് പ്രഭാസിക്കുന്നു. അതിനെ മറ്റൊരിടത്തേയ്ക്ക് മാറ്റാന്‍ കഴിയില്ല.

ഈ ബോധം തന്നെയാണ് സര്‍ഗ്ഗാരംഭത്തില്‍ സ്വപ്നലോകം സൃഷ്ടിക്കുന്നതിനാവശ്യമായ അഗ്നിയും മറ്റുമാവുന്നത്. ശുദ്ധാനുഭവം തന്നെയായ ഇത് തന്നെയാണ് ഭൂമിയും മറ്റുമായി പ്രോജ്വലിക്കുന്നത്. എന്നാല്‍ അതും ആകാശമോ മിഥ്യാമൂടുപടമോ ഒക്കെയാണെങ്കിലും സൃഷ്ടിക്കപ്പെട്ട ലോകമായി കാണപ്പെടുന്ന ബോധം തന്നെയാകുന്നു.

ഈ അവബോധം, അല്ലെങ്കില്‍ അനുഭവം ചിലപ്പോള്‍ നമ്മെ വിടാതെ പിന്തുടരുന്നു; എന്നാല്‍ മറ്റുചിലപ്പോള്‍ അതിനൊരവസാനമായതുപോലെ തോന്നുന്നു. വാസ്തവത്തില്‍ ഈ അവബോധത്തിനവസാനമില്ല. കാരണം എല്ലാമെല്ലാം അവസാനിച്ചാലും ശുദ്ധാനുഭവം മാത്രമാണ് ബാക്കിയുണ്ടാവുക. അത് നാം കിഴക്കുനിന്നും പടിഞ്ഞാറോട്ട് യാത്രപോകുന്നതുപോലെയാണ്. ഇപ്പോള്‍ നമുക്ക് കിഴക്കുമറിയാം പടിഞ്ഞാറുമാറിയാം. എന്നാല്‍ അവയെ അറിയുന്നതിന്റെ അനുഭവം ഒന്നായിത്തന്നെ നിലനില്‍ക്കുമല്ലോ.

നാം എന്തെന്തു തുടര്‍ച്ചയായി ചിന്തിക്കുന്നുവോ അത് അനുഭവമാകുന്നു. നാം പ്രശാന്തിയില്‍ അഭിരമിക്കുമ്പോള്‍ നാമാ ശാന്തി അനുഭവിക്കുന്നു. നിങ്ങള്‍ കിഴക്കുനിന്നും പടിഞ്ഞാറോട്ടുപോകുമ്പോള്‍ നമുക്ക് അനുഭവജ്ഞാനമുണ്ടാകുന്നു. മറ്റൊരാള്‍ ഈ യാത്ര ചെയ്യാതെ ഒരിടത്തിരിക്കുന്നു. എന്നാല്‍ അയാള്‍ക്കും ഈ അറിവുണ്ടാവുന്നു.

അനന്തബോധം അചലമായതിനാല്‍ അനുഭവിച്ചാലുമില്ലെങ്കിലും അതപ്രകാരം തന്നെ നിലകൊള്ളുന്നു. രണ്ടനുഭവങ്ങളും ഉണ്ടായി മറയുന്നു. ഒരാള്‍ ‘എനിക്ക് തെക്ക്നിന്നും വടക്കോട്ട്‌ പോകണം’ എന്ന തോന്നല്‍ നിസ്തന്ദ്രമായ ബോധത്തില്‍ ഉദിച്ച ഒരാളില്‍ ‘തെക്കും’, ‘വടക്കും’ ആശയങ്ങളായി ഉയരുന്നുണ്ട്. എന്നാല്‍ ഈ യാത്രയുടെ ആഗ്രഹം ഇല്ലാത്ത ഒരാളില്‍ ‘തെക്കു’മില്ല, ‘വടക്കു’മില്ല.

‘ആകാശത്തില്‍ ഞാനൊരു നഗരമായിത്തീരട്ടെ’ എന്നോ ‘ഭൂമിയില്‍ ഞാനൊരു മൃഗമാകട്ടെ’ എന്നോ ബോധത്തില്‍ തോന്നലുണ്ടായാല്‍ അത് സംഭവിക്കുന്നു. എന്നാല്‍ ആ തോന്നലിന്റെ അവസാനത്തില്‍ ആ സൃഷ്ടിയും ഇല്ലാതാകുന്നു.

മറ്റുള്ളവര്‍ക്ക് ലോകം മറ്റെന്തൊക്കെയോ ആണ്. ഈ ദേഹം നശ്വരമോ അനശ്വരമോ ആയിക്കൊള്ളട്ടെ ഈ സംസാരസാഗരവും ജീവനുമെല്ലാം സ്വപ്നസമാനമാണ്. പുനര്‍ജന്മങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ കൊണ്ടുനടക്കുന്ന ആളുകള്‍ പലരുമുണ്ട്. അവരൊന്നും ‘മരിച്ചില്ല’ എന്ന് നിശ്ചയം.

അതായത് അനന്താവബോധം ശാശ്വതമാണ്, മാറ്റങ്ങള്‍ക്ക് വിധേയമാവാത്തതാണ്. മരണമില്ലാത്തതാണ്. അചഞ്ചലമായ ബോധം അതെന്തു ചിന്തിക്കുന്നുവോ അപ്രകാരം അവിടെയുമിവിടെയും ഉല്‍പ്പന്നമാവുന്നു. എന്താണ് സത്യം? എന്താണ് മിഥ്യ?

അപ്പോള്‍പ്പിന്നെ ദേഹത്തെയും കര്‍മ്മത്തെയും സുഖാനുഭവങ്ങളെയും എല്ലാമെല്ലാം അവ ഉല്‍പ്പന്നമാവുന്ന മുറയ്ക്ക് അനുഭവിക്കുകതന്നെ. അല്ലെങ്കില്‍ അവയെ എല്ലാറ്റിനെയും തള്ളിക്കളയുക. ഇതിലൊന്നും യാതോരര്‍ത്ഥവുമില്ല. അത് ‘ഇങ്ങനെയോ’, ‘അങ്ങനെയോ’ ആവട്ടെ; ഉണ്മയോ അസത്തോ ആവട്ടെ ഈ മോഹത്തെ നമുക്കുപേക്ഷിക്കാം. പ്രബുദ്ധതയില്‍ നമുക്കഭിരമിക്കാം.